അശാന്തി ഉടലാർന്ന ശിൽപ്പങ്ങൾ നാസിക്കിൽനിന്ന് മുംബൈയിലേക്ക് മാർച്ചുചെയ്ത കർഷകർ ഉയർത്തിപ്പിടിച്ച കൊടിക്കൂറയിൽ അടയാളപ്പെടുത്തിയിരുന്നത് മണ്ണിൽ പണിയെടുക്കുന്നവരുടെ അതിജീവനത്തിനുള്ള അവസാനപ്രതീക്ഷയായിരുന്നു. സാമ്പത്തികനയങ്ങളുടെ ഭാരം പേറുന്നവർ. സാങ്കേതികമുന്നേറ്റങ്ങളുടെ കുളമ്പടികളാൽ അരികുകളിലേക്ക്  മാറ്റപ്പെട്ടവർ. വേരുകൾപോലും പണയപ്പെടുത്തിയവർ. അവർ നെഞ്ചിൽ പെരുമ്പറകൾ ഒളിപ്പിച്ച് ഇനിയും നിശ്ശബ്ദരായി വരിക തന്നെ ചെയ്യും. മിനുപ്പും മിനുസവുമില്ലാത്ത കാഴ്ചകളായി സനുൽ കണ്ണൻകുളങ്ങര എന്ന യുവശിൽപ്പി തന്റെ രചനകളിൽ സ്വരുക്കൂട്ടിയിരിക്കുന്നതും ആ കരുത്തിനെ. കാഴ്ചകളിൽ നിറയ്ക്കുന്ന അശാന്തിതന്നെയാണ് ആ രചനകളുടെ രാഷ്ട്രീയം.    പരമ്പരാഗത സ്വർണാഭരണ നിർമാണത്തൊഴിലാളിയായിരുന്ന തൃശൂർ കൂട്ടൂർ സ്വദേശി സനുൽ ശിൽപ്പവേലയിൽ സ്വന്തമായ വഴിയും ലോകവും സൃഷ്ടിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ പരമ്പരാഗത തൊഴിൽ ചെയ്തിരുന്നു. മഞ്ഞലോഹത്തെ ഉരുക്കി ഉരുവപ്പെടുത്തുന്ന വിദ്യയിൽ പ്രാഗത്ഭ്യം നേടിയെങ്കിലും കൂടുതൽ ആവിഷ്കാരസാധ്യതകളുള്ള ശിൽപ്പവേലയിലേക്ക് തിരിഞ്ഞു. ബംഗാളിലെ ശാന്തിനികേതനിൽ ചേർന്ന് ശിൽപ്പകലയിൽ ബിഎഫ്എയും എംഎഫ്എയും നേടി. കുറച്ചുകാലം തൃപ്പൂണിത്തുറ ആർഎൽവിയിൽ അധ്യാപകനായി. അധ്യാപനം സ്വതന്ത്ര കലാപ്രവർത്തനത്തിന് വിഘാതമായപ്പോൾ അതുപേക്ഷിച്ച് മുഴുവൻസമയ ശിൽപ്പവൃത്തിയിലേക്ക് കടന്നു.    സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളും കർഷകരുമായി ഇഴുകിച്ചേർന്ന ജീവിതവും ചുറ്റുപാടുകളുമാകാം സനുലിന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും അവരുടെ പക്ഷത്ത് എന്നെന്നേക്കുമായി ഉറപ്പിച്ചത്. ശാന്തിനികേതനിലെ പഠനകാലം കാഴ്ചകൾക്ക് കൂടുതൽ മിഴിവും തെളിച്ചവും നൽകി. മിറക്കിൾ സീഡ്, ഇൻവിസിബിൾ ട്രാപ്  തുടങ്ങിയ ആദ്യകാലരചനകൾ അന്തകവിത്തുകളുടെയും നവ ലിബറൽ നയങ്ങളുടെയും കാലത്തെ കർഷകജീവിതത്തിന്റെ പ്രതിഫലനങ്ങളായി. മരവും ഇരുമ്പും കല്ലും ഉപയോഗിച്ച് നിർമിച്ചെടുത്ത ഇൻവിസിബിൾ ട്രാപ്പ് എന്ന ശിൽപ്പം വെളുത്ത മിനുപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന ആണിത്തലപ്പുകളിലേക്ക് പറന്നുവീഴുന്ന തുമ്പിയുടെ ദേഹമുള്ള മനുഷ്യന്റേതാണ്. മൂന്ന് വ്യത്യസ്ത മാധ്യമങ്ങളെ പ്രമേയസാധുതയ്ക്കായി ഇണക്കിച്ചേർത്ത് രാഷ്ട്രീയാവിഷ്കാരത്തെ അങ്ങേയറ്റം മൂർച്ചയുള്ളതാക്കുകയാണിവിടെ. ഉയർന്ന ഉൽപ്പാദനക്ഷമതയും ഉറപ്പുള്ള വിപണിയും വാഗ്ദാനംചെയ്യപ്പെട്ട് സ്വയം മുൾക്കാടുകൾ നട്ടുനനച്ച് വളർത്താൻ വിധിക്കപ്പെട്ടവരുടെ സ്വത്വനഷ്ടമാണ് ഇതേ പരമ്പരയിലെ ചിത്രങ്ങൾ.     ശിൽപ്പവേലയുടെ സാധ്യതകളെയാകെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ വലിപ്പമുള്ള സൃഷ്ടികളാണ് ഏറെയും ചെയ്തിട്ടുള്ളത്. ക്യാമ്പുകളുടെ ഭാഗമായി രചനകൾ നടത്തുന്നതിനാൽ മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടതായും വരുന്നില്ല. എല്ലാത്തരം മാധ്യമങ്ങളും ഉപയോഗിക്കാൻ പരിചയംനേടിയത് ഈ രംഗത്ത് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായി സനുൽ പറഞ്ഞു. ഒരേ ശിൽപ്പത്തിൽത്തന്നെ വ്യത്യസ്തമാധ്യമങ്ങളെ ഇണക്കിച്ചേർക്കാറുണ്ട്. മാധ്യമത്തിന്റെ സ്വഭാവമനുസരിച്ച് അവയെ വഴക്കിയെടുക്കാനുള്ള പരിചയം നൽകിയത് ശാന്തിനികേതനിലെ പഠനവും ഉന്നത കലാകാരന്മാരുമായുള്ള സഹവാസവും വിവിധങ്ങളായ ക്യാമ്പുകളിൽനിന്ന് ആർജിക്കാനായ അറിവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News