പെണ്ണൊരു കണ്ണീരല്ല പ്രചാരണനാടകങ്ങള്‍ കേവല വായാടിത്തമല്ല. ചട്ടങ്ങള്‍ക്കും നിയമത്തിനും സാധ്യമല്ലാത്തത് പലപ്പോഴും ഒരു രംഗാവതരണത്തിന‌് സാധ്യമാകും എന്നത് നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു രംഗരൂപം കാണിയുടെ ഉള്ളിലുണ്ടാക്കുന്ന അവബോധം വലിയ മാറ്റത്തിനുതന്നെ ഇടയാക്കുമെന്നതിന് ഒട്ടേറെ ഉദാഹരണമുണ്ട്. വിശേഷിച്ച് നാടകം. അതൊരു കേവല ആസ്വാദനത്തിനുള്ള സൃഷ്ടിയല്ല. ബോധനരംഗത്തെ നാടകത്തിന്റെ സാന്നിധ്യം ഉണ്ടാക്കുന്ന മാറ്റിമറിക്കലുകള്‍ ലോകത്തെ ഞെട്ടിപ്പിച്ചിട്ടുള്ളതാണ്. കാഴ്ച മനസ്സിലുണ്ടാക്കുന്ന ചലനങ്ങളാണ് ഇത്തരം ബോധനനാടകങ്ങളുടെ ആധാരം. അതേസമയം കേവല പ്രസംഗങ്ങള്‍ക്കപ്പുറത്ത് കാണിയെ പിടിച്ചിരുത്താവുന്ന കലാമൂല്യം  കാത്തുസൂക്ഷിക്കാനായാലേ ഇത്തരം അവതരണങ്ങള്‍ ലക്ഷ്യത്തിലെത്തൂ. കാണിക്ക് സംവദിക്കാനാകാത്തതും അവന്റെ കൗതുകങ്ങളെ തൊട്ടുണര്‍ത്താത്തതുമായ എല്ലാം കൂവിവിളിക്കലായി മാറും.  സ്ത്രീസുരക്ഷ സംബന്ധിച്ച് പൊലീസും വിവിധ വകുപ്പുകളും സ്ഥാപനാധികൃതരും ഒട്ടേറെ അവബോധം പകരുന്ന കാലമായിട്ടും. ഏതു നാട്ടിടവഴിയിലും നഗരവീഥിയിലും അവമതികളുടെ വിരിച്ചുവച്ച വലകളുടെ നടുവിലാണ് സ്ത്രീകള്‍. പുതിയ രീതികളും പുതിയ വലകളും സൃഷ്ടിക്കപ്പെടുന്നു. എത്രയേറെ ബോധനങ്ങള്‍ നടന്നിട്ടും എന്തു സംഭവിക്കുന്നു എന്ന അന്വേഷണം നടത്തേണ്ടതുണ്ട്. ചട്ടപ്പടി പ്രഭാഷണങ്ങളുടെ മടുപ്പുകള്‍ ആരുടെയും മനസ്സിനെ സ്പര്‍ശിക്കുന്നില്ല എന്നതുമാത്രമല്ല തിരിച്ചറിവിന്റെ കണികപോലും ആരിലേക്കും എത്തിക്കുന്നില്ല.  നമുക്കിടയില്‍നിന്ന് അപ്രത്യക്ഷരാകുന്ന പെണ്‍കുട്ടികള്‍ എങ്ങോട്ടുപോകുന്നുവെന്ന അന്വേഷണം വിവിധങ്ങളായ വഴികളിലേക്കാണ് എത്തിക്കുക. ഇത്തരം വഴികളിലെല്ലാം ഒട്ടേറെ പുതുവലകളെ കാണാനുമാകും. പെണ്ണിനായി ഒരുക്കിയ കെണികള്‍. ആ കെണികളെ പറഞ്ഞുകൊടുക്കാന്‍ സാധാരണ വര്‍ത്തമാനത്തിനാകില്ല എന്ന തിരിച്ചറിവിലാണ് കോഴിക്കോട് റൂറല്‍ പൊലീസിന്റെ കീഴിലുള്ള വനിതാസെല്‍ നാടകം കളിക്കാന്‍ തീരുമാനിക്കുന്നത്. ‘അനന്തരം ആനി' അങ്ങനെ പിറന്നുവീണ മനോഹരരംഗാവതരണമാണ്. സ്ത്രീസുരക്ഷാ സ്വയംരക്ഷാ പരിശീലന പദ്ധതിയുടെ ഭാഗമായി അരങ്ങേറിയ നാടകം, എല്ലാ ഘടകങ്ങളിലും മികവുപുലര്‍ത്തിയ നാടകം പതിവു ബോധന നാടകങ്ങളുടെ രീതി വിട്ട് മികച്ച കലാസൃഷ്ടികൂടിയായി.  ആനി എന്ന പൊലീസ് ഓഫീസറുടെ ഒരുദിവസത്തെ കാഴ്ചകളാണ് അഞ്ച് രംഗങ്ങളായി അവതരിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന മേഖലകളില്‍ പെണ്ണ് നേരിടേണ്ടിവരുന്ന വ്യത്യസ്ത പീഡനങ്ങളും ചെറുത്തുനില്‍പ്പുമാണ് ഓരോ രംഗവും പറയുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ അവരുടെ തമാശകളില്‍, നേരംപോക്കുകളില്‍ വെളിപ്പെടുത്തുന്ന വീടിനകത്തെ ദുരന്തങ്ങളില്‍നിന്നാണ് തുടക്കം. സൈബറിടങ്ങളില്‍ കുടുങ്ങി ആത്മഹത്യയിലേക്ക് നീങ്ങുന്ന പെണ്ണിനെയാണ് രണ്ടാംരംഗത്തില്‍ കാണുന്നത്. ആത്മഹത്യയല്ല ജീവിതം തന്നെയാണ് ശരിയെന്ന് അവളെ ബോധ്യമാക്കുകയും ചതിക്കുഴികളെ പ്രതിരോധിക്കാനും അതിജീവിക്കാനും തിരിച്ചടിക്കാനുമുള്ള മാര്‍ഗങ്ങള്‍ രണ്ടാം രംഗത്തില്‍ ആവിഷ്‌കരിക്കുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍, അതിലേക്കുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ രംഗങ്ങള്‍ വികാരസാന്ദ്രമായ രംഗങ്ങളിലൂടെ തുടര്‍ന്ന് കടന്നുവരുന്നു. തികഞ്ഞ തെളിമയും പെണ്‍കരുത്തിനെ ഉത്തേജിപ്പിക്കുന്നതായി നാടകം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുന്നു.   പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയാണ് രചന. സിവില്‍ പൊലീസ് ഓഫീസറും നാടകപ്രവര്‍ത്തകനുമായ പ്രേമന്‍ മുചുകുന്നാണ് സംവിധാനം. അഖില്‍ തുറവൂര്‍ സഹായിയായി. എട്ട് വനിതാ പൊലീസുകാരും പൊലീസുകാരുടെ മക്കളായ അഞ്ച് പെണ്‍കുട്ടികളുമാണ് അരങ്ങില്‍. കെ പി ബിന്ദു, കെ ബിന്ദു, സുഗുണ, ഷാനി, ബീന, സിന്ധു, സുജാത, കനകവല്ലി എന്നിവരും ആരഭി, സിന്ധുരി, ചന്ദന, രൂപിക, മാളവിക, എന്നീ കുട്ടികളുമാണ് അരങ്ങില്‍. Read on deshabhimani.com

Related News