ദേശചരിത്രത്തിന്റെ ചിത്രമെഴുത്ത്മലബാറിലെ പുരാതന നഗരമായ പൊന്നാനിയുടെ പത്താം നൂറ്റാണ്ടുമുതലുള്ള ചരിത്രം പറയുന്ന പുസ്തകത്തിൽ വിവരണങ്ങൾക്കൊപ്പമോ അതിലും കൂടുതലോ ചരിത്രത്തെ വെളിപ്പെടുത്താനാകുക ചിത്രചരിത്രങ്ങൾക്കുതന്നെയാകും. നാലോ അഞ്ചോ ലളിതവരകളിലൂടെ മൺമറഞ്ഞുപോയ ചരിത്രം ത്രിമാന രൂപത്തിൽ അനുവാചകരുടെ ഉള്ളിൽ പുനർജനിക്കുന്നു. പറയാൻ എളുപ്പമാണെങ്കിലും അതൊരു ക്ലേശകരമായ ദൗത്യംതന്നെയാണ്. എത്രയോ ഗവേഷണങ്ങളും പഠനനിരീക്ഷണങ്ങളുമാണ് ലളിതമെന്നു കരുതുന്ന ചിത്രചരിത്ര രചനയെ ഫലവത്താക്കുന്നതെന്ന് പൊന്നാനിയുടെ അറിഞ്ഞതും അറിയപ്പെടാത്തതുമായ ചരിത്രം വെളിപ്പെടുത്തുന്ന പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തിന്റെ സുവർണരേഖ എന്ന ബൃഹദാഖ്യാനം കാണിച്ചുതരും. പൊന്നാനി പൗരസമൂഹസമിതി എന്ന കൂട്ടായ്മയുടെ ശ്രമഫലമായി പുറത്തിറങ്ങുന്ന പുസ്തകത്തിൽ നൂറ്റമ്പതോളം ചിത്രങ്ങൾ വരച്ചുചേർത്ത് ദേശചരിത്രത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നത് ചിത്രകാരൻ ശ്രീനി ചെറുകാട്ടുമനയാണ്.  തുറമുഖനഗരമായിരുന്ന പൊന്നാനിയിൽ പത്താംനൂറ്റാണ്ടിലൊക്കെ പ്രചാരത്തിലുണ്ടായിരുന്ന ലഹരിവസ്തുക്കളെക്കുറിച്ചുള്ള അധികം അറിയപ്പെടാത്ത രസകരമായ വിവരണങ്ങൾ പുസ്തകത്തിലുള്ളതായി ശ്രീനി പറഞ്ഞു. ഉമ്മത്തിൻപൂവ് ഉപയോഗിച്ചുള്ള കഞ്ചാവുബീഡികളും ചൈനയിൽനിന്ന് എത്തിയിരുന്ന ദാരുഷാങ് എന്ന പാനീയവും സാധാരണക്കാർ ഉപയോഗിച്ചിരുന്ന കഞ്ചാവും ശർക്കരയും ചേർത്ത കട്ട എന്ന പേരിലുള്ള പ്രാദേശിക ലഹരിപദാർഥവുമൊക്കെയായിരുന്നു അവ. ഏറെയൊന്നും അറിയപ്പെട്ടിട്ടില്ലാത്ത അത്തരം വിവരണങ്ങൾക്കൊപ്പം ശ്രീനിയുടെ ചിത്രങ്ങൾകൂടി സംസാരിക്കുമ്പോൾ ചരിത്രപാഠം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണ്. കുട്ടിക്കാലംമുതൽ ചിത്രരചനയിൽ താൽപ്പര്യമുള്ള ശ്രീനി ബാല്യം ചെലവഴിച്ചത് പൊന്നാനിയിലായിരുന്നു എന്നതിനാൽ ഈ നിയോഗം കൂടുതൽ അർഥവത്താകുന്നു. കുട്ടിക്കാലത്തെ ഓർമകളെ കാൽപ്പനികമായി പുനരവതരിപ്പിക്കാനുള്ള അവസരംകൂടിയാണ് ഇതിലൂടെ ശ്രീനിക്ക് ലഭിച്ചത്. സാധാരണ സാഹിത്യ രചനകൾക്ക് ചെയ്യുന്നതുപോലുള്ള ശൈലിയിലല്ല ഇതിലെ രചനകൾ നിർവഹിച്ചത്. ശൈലീകരണത്തോടുകൂടിയ ഫിഗറേറ്റീവ് ചിത്രങ്ങളാണ് വരച്ചുചേർത്തിട്ടുള്ളത്. വി ടി ഭട്ടതിരിപ്പാട്, കെ കേളപ്പൻ, ഇമ്പിച്ചിബാവ തുടങ്ങിയ പൊന്നാനിയുടെ പ്രിയപുത്രന്മാരുടെ ചിത്രങ്ങളും ശ്രീനിതന്നെയാണ് വരച്ചിട്ടുള്ളത്.  ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുള്ള ശ്രീനി എട്ടുവർഷത്തോളം വിവിധ സ്കൂളുകളിൽ ചിത്രകലാ അധ്യാപകനായി ജോലിനോക്കി. പട്ടാമ്പിയിലായിരുന്നു പഠനം. ഇതോടൊപ്പം സ്വതന്ത്ര ചിത്രരചനയും നടത്തിപ്പോന്നു. പിന്നീട് ഗൾഫാർ കമ്പനി ജീവനക്കാരനായി 12 വർഷത്തോളം ഗൾഫ് നാടുകളിൽ ജോലിചെയ്തു. അപ്പോഴും ചിത്രം വര കൈവിടാതെ തുടർന്നു. എല്ലാത്തരം മാധ്യമങ്ങളിലും ഏത് ശൈലിയിലും ചിത്രംവരയ്ക്കാൻ ശ്രീനിക്ക് കഴിയും. പോർട്രെയിറ്റുകളും പ്രകൃതിദൃശ്യങ്ങളും പുരാണകഥാ സന്ദർഭങ്ങളെ ഉപജീവിച്ചുള്ള ചുമർചിത്ര ശൈലിയിലുള്ള ചിത്രങ്ങളും ഒരേമികവോടെ ചെയ്യും. ഫിഗറേറ്റീവ് ശൈലിയോട് താൽപ്പര്യമുള്ളതിനാൽ ശൈലീകരിച്ചും അല്ലാതെയും അത്തരം ചിത്രങ്ങളും ചെയ്യുന്നു. പുരാണ കഥാപാത്രങ്ങളെ പ്രത്യേകിച്ച് വില്ലൻ മുഖച്ഛായയുള്ളവയെ തന്റേതായ കാഴ്ചപ്പാടിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുള്ളതായി ശ്രീനി പറഞ്ഞു. ജീവിതോപാധികൂടിയായതിനാൽ ആവശ്യങ്ങൾക്കനുസരിച്ച് ഏതുതരം ചിത്രങ്ങളും ചെയ്തുകൊടുക്കാനും ശ്രദ്ധിക്കുന്നു. വിദേശത്തുനിന്നുൾപ്പെടെ ചിത്രങ്ങൾക്കായി ആവശ്യക്കാരെത്തുന്നുണ്ട്. വീടും ഓഫീസും അലങ്കരിക്കാനോ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനോ ഒക്കെയായി ചിത്രങ്ങൾ വരച്ചുനൽകുന്ന തിരക്കുള്ള ചിത്രകാരൻകൂടിയാണ് ശ്രീനി. പട്ടാമ്പി കൊടുമണ്ടയിലാണ് താമസം. ഭാര്യ: സജിത, മക്കൾ: വിഷ്ണു, ജിഷ്ണു. Read on deshabhimani.com

Related News