തമിഴ്നാട്ടിലെ തോട്ടികളുടെ ജീവിതം ചിത്രീകരിക്കുന്ന 'കക്കൂസ്' എന്ന ഡോക്യുമെന്ററിയുടെ പേരില്‍ സംഘപരിവാര്‍ വേട്ടയാടല്‍: സംവിധായിക പ്രവാസത്തില്‍

ദിവ്യഭാരതി


ആലപ്പുഴ > ഡോക്യുമെന്ററിയുടെ പേരില്‍ ഹിന്ദുത്വശക്തികള്‍ വേട്ടയാടുന്ന തമിഴ്നാട്ടുകാരി ദിവ്യഭാരതി കേരളത്തിലും കര്‍ണ്ണാടകത്തിലുമായി പ്രവാസജീവിതത്തില്‍. തമിഴ്നാട്ടിലെ തോട്ടികളുടെ ജീവിതം ചിത്രീകരിക്കുന്നതും ജാതിവ്യവസ്ഥയേയും ബ്രാഹ്മണ മേധാവിത്വത്തെയും ചോദ്യംചെയ്യുന്നതുമായ 'കക്കൂസ്' എന്ന ഡോക്യുമെന്ററിയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പേരില്‍ തമിഴ്നാട്ടിലെ 13 ജില്ലകളിലായി 16 കേസുകള്‍ ഈ ഇരുപത്താറുകാരിക്ക് എതിരെ നല്‍കി. ഓരോയിടത്തും ഓരോ കാരണങ്ങള്‍. സൈബര്‍ നിയമം, ഭീകരവാദം, ഇന്ത്യയുടെ പരമാധികാരം ചോദ്യംചെയ്യല്‍, വര്‍ഗ്ഗീയ ലഹളയ്ക്ക് ശ്രമിക്കല്‍ എന്നിവ ചിലതുമാത്രം. മോഡിയുടെ സ്വഛ് ഭാരത് പദ്ധതിക്ക് ഡോക്യുമെന്ററി എതിരാണെന്നാണ് ഒരു വാദം. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു രംഗത്തില്‍ സ്വഛഭാരത് പദ്ധതിയുടെ സ്ഥിതിവിവരക്കണക്കും തമിഴ്നാട്ടിലെ യാഥാര്‍ഥ്യവും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. കക്കൂസ് എന്ന ടൈറ്റിലിലെ 'ക'ശിവലിംഗത്തിന്റെ ആകൃതിയില്‍ അവതരിപ്പിച്ച് ഹിന്ദുദൈവത്തെ അപമാനിച്ചുവെന്ന് മറ്റൊരു ആരോപണം. തുടര്‍ന്ന് ദിവ്യഭാരതിയെ ഭീഷണിപ്പെടുത്തിയും അസഭ്യംപറഞ്ഞും മൂവായിരത്തോളം ഫോണ്‍ വിളികള്‍. കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ആസിഡൊഴിച്ച് കത്തിക്കുമെന്നുമൊക്കെ ഭീഷണി. മോര്‍ഫ് ചെയത് നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. വിരുദുനഗര്‍ ജില്ലയില്‍ ജനിച്ച ദിവ്യഭാരതി കടുത്ത ജാതിവിവേചനവും മുതലാളിമാരുടെ ചൂഷണവും കണ്ടാണ് വളര്‍ന്നത്. ബിഎസ്സി വിഷ്വല്‍ കമ്മ്യൂണിക്കേഷനു പഠിക്കുമ്പോള്‍ സിപിഐ എം എല്ലിന്റെ അനുഭാവിയായി. പിന്നീട് എല്‍എല്‍ബിക്കു ചേര്‍ന്നതും പാര്‍ട്ടിക്കുവേണ്ടി. എന്നാല്‍ ഡോക്യുമെന്ററിക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നപ്പോള്‍ പ്രതിരോധിക്കാന്‍ സിപിഐ എമ്മെല്ലിന് കഴിഞ്ഞില്ല. തമിഴ്നാട്ടിലാകെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനും കേസ് നടത്താനും ദിവ്യഭാരതിക്ക് സംരക്ഷണം നല്‍കാനും രംഗത്തുവന്നത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയുമായിരുന്നു. അഭിഭാഷകനെഏര്‍പ്പാടാക്കിക്കൊടുത്തത് സിപിഐ എം. 2017ല്‍ രണ്ടു തോട്ടിപ്പണിക്കാര്‍ ടാങ്കില്‍ വീണു മരിച്ചതും അതില്‍ ഒരാളുടെ ഭാര്യയുടെ ദൈന്യവും നേരില്‍കണ്ടതാണ് ഡോക്യൂമെന്ററിക്ക് പ്രചോദനം. നഗരസൌന്ദര്യവല്‍ക്കരണത്തിന്  ചെന്നെയില്‍നിന്നു കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് ദളിതരെപ്പറ്റയുള്ള പുതിയ ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ദിവ്യഭാതി. ആലപ്പുഴയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'പൊലി- ഇരുണ്ടകാലത്തെ കല' എന്ന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അവര്‍. Read on deshabhimani.com

Related News