മെഡലണിയാൻ പെഞ്ചാക്സിലാറ്റ്; പിന്നെന്തിന് ഫുട്ബോൾ?

ഇന്ത്യൻ ഫുട്ബോൾ ടീം


നിങ്ങൾ കേട്ടിട്ടുണ്ടോ പെഞ്ചാക്സിലാറ്റ് എന്ന കായിക വിനോദത്തെകുറിച്ച്. പോട്ടേ, സാംബോ അല്ലെങ്കിൽ ഖുറാഷ്. ഇല്ലെങ്കിൽ ഇപ്പോൾ അറിഞ്ഞോളൂ. ഏഷ്യൻ ഗെയിംസിൽ നമുക്ക് മെഡലുകൾ നേിടത്തരാൻപോന്ന രാജ്യത്തെ മുന്തിയ കായിക ഇനങ്ങളാണിവയെല്ലാം. രാജ്യത്തെ സാധാരണ കായിക പ്രേമികൾ മേൽപറഞ്ഞ കളികളെകുറിച്ചൊന്നും കേട്ടിരിക്കണമെന്നില്ല. ഇന്ത്യൻ കായികരംഗത്തെ പരമാധികാര ഭരണനിർവഹണ സമിതിയായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എന്ന ഐഒഎയ്ക്ക് അറിയാം ഏതിനങ്ങളിലാണ് മെഡൽ, വരുന്നതെന്ന്. ഞങ്ങളുടെ തീരുമാനം രാജ്യത്തിെൻറ കായിക താൽപര്യം മുൻനിർത്തിയുള്ളതാണ്. അതിൽ ആരും ഇടപെടാൻ വരേണ്ട. അതങ്ങ് അംഗീകരിച്ചാൽ പോരേ എന്നും ഐഒഎ ചോദിക്കുന്നു. ഏതായാലും ആഗസ്ത്  18ന് ഇന്തോനേഷ്യയിൽ ജക്കാർത്തയിലും പലേംബാങിലുമായി തിരിതെളിയുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിനുള്ള 524 പേരുടെ ജംബോ സംഘത്തെ ഐഒഎ തെരഞ്ഞെടുത്തു കഴിഞ്ഞു. പിന്നീട് 277 പുരുഷൻമാരും 247 വനിതകളുമടങ്ങുന്ന സംഘത്തിന്റെ വലിപ്പത്തെകുറിച്ചും അതിൽ കളികളുടെ പ്രാതിനിധ്യത്തെകുറിച്ചും വിവാദങ്ങളും പരാതികളും ഉയർന്നപ്പോൾ സ്പോർട്സ് മന്ത്രാലയത്തിന് ഇടപെടേണ്ടിവന്നു. പെഞ്ചാക്സിലാററും സാംബോയും ഖുറാഷുമൊന്നും നമ്മുടെ കായിക മികവ് പ്രകടിപ്പിക്കാൻ കഴിയുന്നതോ അല്ലെങ്കിൽ നമ്മൾ പ്രോൽസാഹിപ്പിക്കേണ്ട കായിക ഇനങ്ങളോ അല്ല. അതാണ് ജനപക്ഷ നിലപാട്. എന്നാൽ ആരെയും ബോധ്യപ്പെടുത്താനാവാത്ത വാദങ്ങൾ തന്നെ ഉയർത്തി ഈ കായിക ഇനങ്ങളെല്ലാം മെഡൽവാരാൻ പോന്നവയാണെന്ന് ഐഒഎയിലെ യജമാനൻമാർ കൽപ്പിക്കുന്നു. ഇന്ത്യൻ കായിക രംഗത്ത് ഇവരുടെ തിരുവായ്ക്ക് എതിർവായില്ലല്ലോ. വാസ്തവമെന്താണ്. പെഞ്ചാക്സിലാറ്റ് ഉൾപ്പെടെ ഐഒഎ മുഖ്യ പരിഗണന നൽകിയ ഒരു കായിക ഇനത്തിനും ഏഷ്യൻ ഗെയിംസ് ചരിത്രമോ നേട്ടങ്ങളോ ഇല്ല. മാത്രമല്ല ഇവയെല്ലാം വൻകരയുടെ ഒളിമ്പിക്സായി ഏഷ്യൻ ഗെയിംസിന്റെ കലണ്ടറിൽ, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ഉൾപ്പെടുത്തുന്നതും ഇതാദ്യമാണ്. ഒരുകാര്യം ഓർക്കുക. ഇന്ത്യയിൽ ഒട്ടും പ്രചാരത്തിലില്ലാത്ത മേൽപറഞ്ഞ കളികളെല്ലാംരാജ്യത്തിന്റെഅഭിമാനപതാക പാറിക്കാൻ പോന്നവയാണെന്ന് സമർഥികുന്ന ഐഒഎ നിസ്സാരമായി അവഗണിച്ചത് ഏറ്റവും വലിയ ജനകീയ കായികവിനോദമായ ഫുട്ബോളിലെ പുരുഷ, വനിതാ ടീമുകളെയാണ്. പ്രചാരമുള്ളതും കൂടുതൽ ജനപങ്കാളിത്തമുള്ള കളികളിൽ ഏഷ്യൻ ഗെയിംസ് പ്രാതിനിധ്യം ഉറപ്പു വരുത്താനുതകും വിധം മാനദണ്ഡങ്ങളിൽ ഇളവുവരുത്തണമെന്ന മന്ത്രാലയത്തിന്റെ നിർദേശത്തിനും ഐഒഎ ചെവികൊടുത്തില്ല. അതേസമയം മന്ത്രാലയത്തിന്റെ നിർദേശങ്ങൾ മാനിക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ തക്കവിധം ചില്ലറ പൊടിക്കൈകൾ പ്രയോഗിക്കാനും ഐഒഎ മറന്നില്ല.പെഞ്ചാക്സിലാറ്റ്ടീമിൽ നിന്ന് 20 പേരെ വെട്ടി. അതിനിടെ ബ്രിജ് ടീമിൽ 24 പേരെ കൂടി ഉൾപ്പെടുത്തി. സ്പോർട്സ് ക്ലൈംബിങ്ങിൽ മൂന്നുപേരെയും ചേർത്തു. പിന്നീട് സാംബോയിൽ നിന്ന് അഞ്ചുപേരെയും ട്രയാത്ത്ലണിൽ നിന്ന് നാലുപേരെയും ഒഴിവാക്കിയതോടെ ടീമംഗങ്ങളുടെ എണ്ണം 515 ആയിമാറി. പുരുഷ ഹാൻഡ്ബോൾ ടീമിനെ ഒഴിവാക്കിയപ്പോൾ അവരുടെ സംഘടന കോടതികയറി അനുകൂലമായ വിധി സമ്പാദിച്ചതിനാൽ ഐഒഎയ്ക്ക് വേറെ നിവർത്തിയുണ്ടായില്ല. കഴിഞ്ഞ തവണ ഇഞ്ചിയോണിൽ 28 ഇനങ്ങളിൽ മൽസരിച്ച ഇന്ത്യ ഇത്തവണ ജക്കാർത്തയിൽ 36 ഇനങ്ങളിലാണ് കളത്തിലിറങ്ങുന്നത്. അപ്പോഴും ഫുട്ബോൾ പടിക്കുപുറത്തുതന്നെ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മികച്ച പ്രകടനം തുടരുകയും ഫിഫ റാങ്കിങ്ങിൽ 173ൽ 97‐ാം റാങ്കിലേക്ക് കുതിച്ചെത്തുകയും ചെയ്ത ദേശീയ ഫുട്ബോൾ ടീം എന്തേ ഐ ഒ എയ്ക്ക് അത്ര വിലകുറഞ്ഞ സാധനമായിപോയി. അടുത്ത ഏഷ്യൻ കപ്പിനു യോഗ്യത നേടിയിട്ടുള്ള സുനിൽ ഛേത്രിയുടെ ടീമിന് ഏഷ്യൻ ഗെയിംസ് പങ്കാളിത്തം വലിയൊരു തയ്യാറെടുപ്പാകുമായിരുന്നു. 2020ലെ ഒളിമ്പിക് യോഗ്യതാ മൽസരത്തിനും ഇന്ത്യയുടെ യുവസംഘത്തിന് ഇത് നല്ലൊരു അടിത്തറ പാകാൻ ഉപകരിക്കുമാ യിരുന്നു. പക്ഷേ ഐഒഎയുടെ പരമാധികാരത്തിനുമുമ്പിൽ സ്പോർട്സ് മന്ത്രാലയവും നോക്കുകുത്തിയായി മാറുന്നു.   Read on deshabhimani.com

Related News