ആക്രമണശൈലിയുടെ നവോത്ഥാനംമെക്സിക്കോയിലായിരുന്നു 1970ലെ ലോകകപ്പ്. തകർന്നടിഞ്ഞെന്നു കരുതി എല്ലാവരും എഴുതിത്തള്ളിയ ഒരു ടീമിന്റെ അത്ഭുതാവഹമായ തിരിച്ചുവരവ് ഇവിടെ കണ്ടു‐ ബ്രസീൽ. പ്രവാചകന്മാരെ ഞെട്ടിച്ച മത്സരപരമ്പരയിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ പശ്ചിമ ജർമനിയെ 4‐3ന് മറികടന്ന് ഇറ്റലി ഫൈനലിലെത്തി. എന്നാൽ കലാശപ്പോരാട്ടത്തിൽ ഇറ്റലിയുടെ വിധി ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ എഴുതിവച്ചിരുന്നു. കാനറികളുടെ പരിചയസമ്പന്നതയ്ക്കും സർഗശേഷിക്കും മുന്നിൽ ഇറ്റലി തലകുനിക്കേണ്ടിവന്നു (4‐2).  നാലുവർഷം മുമ്പ് ഇംഗ്ലണ്ടിൽ പോർച്ചുഗൽ കളിക്കാരുടെ ചവിട്ടേറ്റതോടെ ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ ആതീരുമാനം മാറ്റി വിശ്വവേദിയിൽ പ്രഭചൊരിഞ്ഞ് മെക്സിക്കോ ലോകപ്പിനെ അതിമനോഹരമാക്കി. അതേപോലെ ഗ്വാദലജാറയിൽ പെലെയുടെ ഹെഡർ രക്ഷിക്കാൻ ഇംഗ്ലണ്ട് ഗോളി ഗോർഡൻ ബാങ്ക്സ് മുഴുനീളം ചാടിയത് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സേവുമായി. ഇറ്റലി ഉൾപ്പെടെ യൂറോപ്യൻ ടീമുകൾ മുറുകെപ്പിടിച്ച കടുകട്ടിയായ പ്രതിരോധസിദ്ധാന്തത്തെ അപ്രസക്തമാക്കിയാണ് ആക്രമണശൈലിയുടെ വിശ്വരൂപം കാട്ടിയ മഞ്ഞപ്പട മൂന്നാം ജയത്തോടെ യൂൾറിമെ കപ്പ് തീറെഴുതി വാങ്ങിയത്. ലീഗ്ഘട്ടത്തിൽ ബ്രസീലും ഇംഗ്ലണ്ടും ഒരു ഗ്രൂപ്പിൽ വന്നത് ദുഃഖകരമായ നിയോഗമായാണ് ആരാധകർ കണ്ടത്. സെമിയിലോ ഫൈനലിലോ ഇവർ മുഖാമുഖം കാണണമെന്ന് ആഗ്രഹിച്ചവരായിരുന്നു ഏറെയും. അവർ തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിൽ പെലെ വഴിയൊരുക്കിയ ജെർസിന്യോയുടെ ഗോൾ നാലുവർഷം മുമ്പ് സ്വന്തം മണ്ണിൽ കപ്പുയർത്തിയ ഇംഗ്ലണ്ടിനെ നിശബ്ദരാക്കി. തുടർന്ന് ബ്രസീൽ റുമേനിയോയെ നേരിട്ടപ്പോൾ ഇതിലും തീവ്രമായ പോരാട്ടം കണ്ടു. 3‐2 വിജയത്തിൽ രണ്ടു ഗോൾ പെലെയുടെ വകയായിരുന്നു. ആക്രമണശൈലിയുടെ നവോത്ഥാനംകുറിച്ച ഫൈനലായിരുന്നു മെക്സിക്കോയിലേത്. ജൂൺ 21ന് ബ്രസീലും ഇറ്റലിയും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന്റെ വേദിയായ മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്റ്റകിൽ എല്ലാവർക്കും കാണത്തക്കവിധത്തിൽ എട്ട് പൗണ്ട് തനിത്തങ്കത്തിൽ പണിതീർത്ത യൂൾറിമെ ട്രോഫി സ്ഥാനംപിടിച്ചിരുന്നു. പൊതുവേദിയിലെ അതിന്റെ അവസാന പ്രദർശനം 90 മിനിറ്റ് കഴിഞ്ഞാൽ അത് ബ്രസീലുകാരുടേയോ ഇറ്റലിക്കാരുടേയോ ദേശീയസമ്പാദ്യമാകുകയാണ്. മത്സരം നടക്കുന്ന ഞായറാഴ്ച വത്തിക്കാനിൽ പീറ്റേഴ്സ് ദേവാലയത്തിൽ പ്രത്യേകമൊരുക്കിയ ചടങ്ങിൽ പോപ്പ് പോൾ ആറാമൻ നേരിട്ടെത്തി ഇറ്റലിക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്തി. ആ സന്ദേശം മെക്സിക്കോയിലെത്തിച്ചിരുന്നു. അതിന്റെ ആവേശവുമായാണ് നീലപ്പട ബ്രസീലിനെ നേരിട്ടത്. ഇറ്റലിക്കാരെക്കാൾ കത്തോലിക്ക മതവിശ്വാസികളുള്ളത് ബ്രസീലിലാണെന്നത് ഇറ്റലിക്കാരനായ പോപ്പ് അറിയാത്തതുകൊണ്ടായിരുന്നില്ല അസൂറിപ്പടയ്ക്കായുള്ള ഈ പ്രത്യേക പ്രാർഥന എന്നതും കൗതുകകരമായി. യന്ത്രത്തിന്റെ കൃത്യതയോടെ സംഘടിതമായി മുന്നേറിയ മഞ്ഞപ്പടയ്ക്ക് തലങ്ങും വിലങ്ങും പിന്തുണ നൽകിയത് പെലെ എന്ന കറുത്തമുത്തായിരുന്നു. 1958ലെ ഗോൾ ഓർമിപ്പിച്ച് പെലെ 18‐ാം മിനിറ്റിൽ റിപാലിനോയുടെ ക്രോസിൽ ഉയർന്നുചാടി തലവച്ച് ഇറ്റലിക്ക് ആദ്യ ഞെട്ടൽ സമ്മാനിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ ബേന്നിൽ സെഗ്നയുടെ ഗോളിലൂടെ ഇറ്റലി സമനില നേടി. ബ്രസീൽ അമ്പരന്നുപോയ ആ നിമിഷത്തിൽ പിടിച്ചുകയറിയിരുന്നെങ്കിൽ ഇറ്റലിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രസീൽ ജയിച്ചപ്പോൾ അവരുടെ കരുത്തനായ ബാക്ക് കാർലോക്സ് ആൽബർട്ടോപോലും ഗോളടിച്ചു. മറ്റ് രണ്ടെണ്ണം ജേർസണും ജെർസിന്യോയും പങ്കിട്ടു. കാൽപ്പന്തുകളിയുടെ സമസ്ത സൗന്ദര്യവും നിറഞ്ഞുവിളങ്ങിയ ഈ ഫൈനൽ ലോകമുള്ളിത്തോളം ഓർമയിലുണ്ടാകും. മൂന്നാമതും ലോകം കീഴടക്കിയ കാനറി കുരുവികൾക്ക് യൂൾറിമെ കപ്പ് എന്നേയ്ക്കും സ്വന്തമായി. യൂൾറിമെ കപ്പിന്റെ അനുജത്തിയായ ഫിഫാ കപ്പിനായുള്ള ആദ്യ ലോകകപ്പ് അരങ്ങേറിയത് 1974ൽ പശ്ചിമ ജർമനിയിലാണ്. അവിടെ വൻശക്തിയായി കുതിച്ചുകയറിയ യോഹാൻ ക്രൈഫിന്റെ ഡച്ച്പട ഫൈനലിൽ ഫ്രാൻസ് ബെക്കൻ ബവറിന്റെ ജർമനിയോട് തോറ്റു (2‐1). വിജയഗോൾ നേടിയതാകട്ടെ 'ബോംബർ' യേർഡ് മുള്ളറും. 'ടോട്ടൽ ഫുട്ബോൾ' ശൈലിയുടെ ഉപജ്ഞാതാക്കളും പ്രണേതാക്കളുമായ രണ്ട് ടീമുകൾ മായാത്ത മുദ്രപതിപ്പിച്ച ലോകകപ്പായിരുന്നു അത്. യോഹാൻ ക്രൈഫിന്റെ ഹോളണ്ടും ബെക്കൻ ബവറുടെ പശ്ചിമ ജർമനിയും ടോട്ടൽ ഫുട്ബോളിന്റെ സൂര്യശക്തി ലോകത്തിനു കാട്ടിത്തന്ന ടൂർണമെന്റിൽ ക്രൈഫ്തന്നെയായിരുന്നു താരം. ജർമനിയെക്കാൾ ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്നത് പരാജിതരായി മടങ്ങിയ ക്രൈഫിന്റെ ഹോളണ്ട്തന്നെ. ബ്രസീൽ നാലാം സ്ഥാനം നേടിയെങ്കിലും തെക്കെ അമേരിക്കൻ ടീമുകൾക്ക് പൊതുവെ നിരാശയാണ് ആ ലോകപ്പ് നൽകിയത്. Read on deshabhimani.com

Related News