വരൾച്ചയിൽനിന്ന് വിളകളെ സംരക്ഷിക്കണംവരൾച്ച വിളകളുടെ വളർച്ചയെയും ഉൽപ്പാദനത്തെയും സാരമായി ബാധിക്കുന്നു. കൂടിവരുന്ന ചൂട് മണ്ണിൽനിന്നു മാത്രമല്ല, ചെടികളിൽനിന്നും വെള്ളം ആവിയാക്കിക്കളയും. ആവശ്യമായ വെള്ളം ലഭിക്കാതെവരുമ്പോൾ ചെടികൾ ഉണങ്ങിക്കരിയുന്നു. വരൾച്ചയിൽനിന്ന് വിളകളെ രക്ഷിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ജൈവവളം ധാരാളം ഉപയോഗിക്കുന്നത് വരൾച്ച തടയുന്നതിനുള്ള പ്രധാന മാർഗമാണ്. ചകിരിച്ചോറ് കമ്പോസ്റ്റ് ജൈവവളമായി ചേർക്കുകയാണെങ്കിൽ വെള്ളത്തെ പിടിച്ചുനിർത്തുന്നതിനുള്ള കഴിവ് കൂടും. തെങ്ങിൻതോട്ടത്തിൽ ചാലുകളെടുത്ത് ചകിരി മലർത്തി അടുക്കുന്നത് തണ്ണീർബാങ്കായി പ്രവർത്തിക്കുന്നു. ചകിരിയുടെ ഭാരത്തിന്റെ അഞ്ചുമുതൽ എട്ട് ഇരട്ടിവരെ വെളളം പിടിച്ചുനിർത്താമെന്നതും ആറുവർഷംവരെ ഗുണം നിലനിൽക്കുമെന്നതും തണ്ണീർബാങ്കിന്റെ നേട്ടങ്ങൾ. തുറന്നുകിടന്നാൽ മണ്ണിൽനിന്ന് ആവിയായി നഷടപ്പെടുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടും ഇതിനൊരു പരിഹാരമാണ് പുത. കരിയിലയോ ജൈവാവശിഷ്ടമോ പുതയാക്കാം. തൊണ്ട് കമഴ്ത്തിവയ്ക്കുന്നതും ഓല കൊത്തിയിടുന്നതും പുതയ്ക്കുള്ള ചെലവു കുറയ്ക്കും. വാം ഉണ്ടെങ്കിൽ വിളകൾക്ക് വരൾച്ചയിൽ പിടിച്ചുനിൽക്കാം. വേരോടുചേർത്ത് നൽകേണ്ട ഈ മിത്രകുമിൾ മണ്ണിൽ ലഭ്യമായ ജലവും ലവണങ്ങളും സൂക്ഷ്മതയോടെ വലിച്ചെടുത്ത് ചെടികളിൽ എത്തിക്കും. കിഴങ്ങുവർഗ വിളകളിൽ വാം പുരട്ടിനടുന്നതും നേഴ്സറിയിൽ ജൈവവളത്തോടൊപ്പം 100:2 എന്ന തോതിൽ വാം ചേർക്കുന്നതും വരൾച്ചയെ എതിർത്തുതോൽപ്പിക്കും. പിപിഎഫ്എം എന്ന സൂക്ഷ്മാണുവും വരൾച്ചയെ പിടിച്ചുകെട്ടാൻ കൂട്ടുപിടിക്കാം. കാർബൺ സംയുക്തങ്ങൾ ഉപയോഗപ്പെടുത്തുന്ന പിപിഎഫ്എം പ്രത്യുപകാരമായി  വിളകളെ ശക്തരാക്കുന്നു. മൃതസഞ്ജീവനിയെന്ന പേരിൽ പ്രശസ്തമായ ഒരു ജൈവടോണിക് വരൾച്ചയ്ക്കെതിരെ പ്രയോഗിക്കാം. പാലക്കാട്  ജില്ലയിൽ ഏറെ പ്രശസ്തമായ മൃതസഞ്ജീവനി തയ്യാറാക്കാൻ 30 കി.ഗ്രാം പച്ചച്ചാണകവും നാലുലിറ്റർ കഞ്ഞിവെള്ളവും രണ്ടു കി.ഗ്രാം ശർക്കരയും ആവശ്യമാണ്. ഒരു സിൽപോളിൻ ഷീറ്റിൽ 30 കി.ഗ്രാം ചാണകം നിരത്തുക. കഞ്ഞിവെള്ളം ചാണകത്തിന് മുകളിലായി തളിക്കാം. ഇതിനു മുകളിലായി പൊടിച്ച ശർക്കര വിതറണം. എല്ലാംകൂടി കൂട്ടിചേർത്ത് ചണച്ചാക്കിൽ കെട്ടിവയ്ക്കാം. ഒരു ബാരലിൽ പകുതി വെള്ളമെടുത്ത് കിഴി കെട്ടിയതുപോലെ അടിതട്ടാതെ ചാക്ക് വെള്ളത്തിൽ തൂക്കിയിടണം. ബാരലിന്റെ വായ മൂടിക്കെട്ടി വയ്ക്കേണ്ടതാണ്. രണ്ടുദിവസത്തിനുശേഷം ബാരലിൽ കിട്ടുന്ന മൃതസഞ്ജീവനി 100 മി.ല്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ മുകളിലും താഴെയുമായി തളിക്കണം. 10 ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് വരൾച്ചയിൽനിന്ന് ഒരുപരിധിവരെ വിളകളെ രക്ഷിക്കും. Read on deshabhimani.com

Related News