മുലയൂട്ടൽ ‐ അമ്മമാർ അറിയാൻആരോഗ്യമുള്ള കുഞ്ഞുങ്ങൾ എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. ജനിക്കുന്ന കുഞ്ഞ് ആണായാലും, പെണ്ണായാലും അവരെ ആരോഗ്യമുള്ളവരായി വളർത്തി വലുതാക്കുന്നതിൽ ഇന്ന് അച്ഛനമ്മമാരുടെ പങ്ക് വളരെ വലുതാണ്. ജനനസമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പല തരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളർച്ചയെയും, ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്ന കുഞ്ഞുങ്ങളുടെ വളർച്ചയും ബുദ്ധിവികാസവും ശരിയായ രീതിയിൽ നടക്കുന്നതിന് പോഷകാഹാരത്തിന്റെ പങ്ക് വലുതാണ്. കുഞ്ഞുങ്ങളുടെ ആദ്യനാളുകളിൽ അമ്മയ്ക്കു നൽകാൻ കഴിയുന്ന ഏറ്റവും സമ്പൂർണമായ ആഹാരമാണ് മുലപ്പാൽ. ശരിയായ രീതിയലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും അസുഖങ്ങളിൽനിന്ന് സംരക്ഷണവും പ്രതിരോധവും ലഭിക്കുന്നു. മാതൃത്വത്തിന് പൂർണത കൈവരുന്നത് മുലയൂട്ടലിലൂടെയാണ്. ആദ്യമായി കുഞ്ഞിനെ മുലയൂട്ടുമ്പോൾ അമ്മയ്ക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നല്ല രീതിയിൽ മുലയൂട്ടുന്നതിലൂടെ മാതൃത്വത്തിന്റെ ആനന്ദം കൂടതൽ ആസ്വദിക്കാനും എത്രത്തോളം മുലയൂട്ടുന്നുവോ അത്രയും തന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമായിതീരാനും സഹായിക്കുന്നു. എല്ലാവർഷവും ആഗസ്ത് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ലോകമെമ്പാടും ആഘോഷിക്കുന്നു. എല്ലാ രാജ്യങ്ങളിലും ശിശുമരണനിരക്ക് വർധിച്ചതോടെ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 6 മാസം പ്രായമാകുന്നതുവരെ മുലപ്പാൽ മാത്രമേ നൽകാവൂ എന്നു ലോകാരോഗ്യ സംഘടന ശക്തമായി ശുപാർശ ചെയ്യുന്നു. മുലപ്പാലിന്റെ ഘട്ടങ്ങൾ മുലപ്പാലിന്റെ ഘട്ടത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. 1. കൊളസ്ട്രം: മുലയൂട്ടലിന്റെ ആദ്യത്തെ 3‐4 ദിവസങ്ങളിൽ ചുരത്തുന്ന കട്ടിയുള്ളതും മഞ്ഞനിറത്തിലുള്ളതുമായ ദ്രാവകമാണ് കൊളസ്ട്രം. കൊളസ്ട്രത്തിൽ പ്രോട്ടീൻ, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ, ജലം എന്നിവ അടങ്ങിയിരിക്കുന്നു. കൊളസ്ട്രം കുഞ്ഞിനു വിപുലമായ തോതിലുള്ള ബാക്ടീരിയലും, വൈറലുമായ രോഗങ്ങളിൽ നിന്നു ശക്തമായ പ്രതിരോധശേഷി നൽകുന്നു. കൊളസ്ട്രം കുഞ്ഞിന് എളുപ്പം ദഹിക്കുന്നതും കുഞ്ഞിെൻറ ആദ്യത്തെ മലവിസർജനം നടത്തുന്നതിനും സഹായിക്കുന്നു. 2. ട്രാൻസിഷണൽ മിൽക്ക്: കുഞ്ഞിന്റെ ജനനത്തിന് 3‐4 ദിവസത്തിനുശേഷം ഉണ്ടാകുന്ന മുലപ്പാലിനെയാണ് ട്രാൻസിഷണൽ മിൽക്ക് എന്നു പറയുന്നത്. ഇതിൽ കൊഴുപ്പ്, ലാക്ടോസ്, വെള്ളത്തിൽ അലിയുന്ന വൈറ്റമിനുകൾ, കൊളസ്ട്രത്തെക്കാൾ കൂടുതൽ കലോറി എന്നിവ അടങ്ങിയിരിക്കുന്നു. സാധാരണയായി ഈ ദിവസങ്ങളിൽ പാൽ നല്ലപോലെ ചുരത്തി തുടങ്ങുന്നു. 2‐3 മണിക്കൂർ ഇടവിട്ട് തുടർച്ചയായി കുഞ്ഞിനെ മുലയൂട്ടുക. 3. മച്യുവർ മിൽക്ക്: കുഞ്ഞിന്റെ ജനനത്തിനുശേഷം രണ്ടാമത്തേയോ, മൂന്നാമത്തേയോ ആഴ്ച മുതൽ മച്യുവർ മിൽക്ക്് വന്നു തുടങ്ങുന്നു. ഇതിൽ കുഞ്ഞിന്റെ ശരീരവളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷണങ്ങളും അടങ്ങിയിരിക്കുന്നു. കുഞ്ഞിന്റെ ഊർജത്തിനും തൂക്കക്കൂടുതലിനും, ആരോഗ്യകരമായ മസ്തിഷ്ക്കത്തിനും കോശവളർച്ചയ്ക്കും ആവശ്യമായ മിക്ക കൊഴുപ്പുകളും, പ്രോട്ടീൻസും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പാൽ കുഞ്ഞിന് ദഹിക്കുവൻ എളുപ്പവുമാണ്. മച്യുവർമിൽക്ക് രണ്ട് രൂപത്തിൽ ലഭ്യമാണ്് . 4. ഫോർമിൽക്ക്: ഓരോ മുലയൂട്ടലിലെയും ആദ്യത്തിൽ ചുരത്തപ്പെടുന്ന പാലാണ് ഫോർമിൽക്. ഇതു പ്രോട്ടീനാലും മറ്റു പോഷണങ്ങളാലും സമ്പുഷ്ടമാണ്. കൂടാതെ ഇത് കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുന്നു. (ബി) ഹൈൻഡ് മിൽക്ക്: ഓരോ മുലയൂട്ടലിലെയും അവസാനം വരുന്ന പാലിനെയാണ് ഹൈൻഡ് മിൽക്ക് എന്നു പറയുന്നത്. ഇത് കുഞ്ഞിനു കൂടുതൽ ഊർജം നൽകുകയും വിശപ്പുമാറ്റുകയും ചെയ്യുന്നു. കുഞ്ഞിനു മേൽപ്പറഞ്ഞ രണ്ടുപാലുകളും അത്യാവശ്യമാണ്. അതിനാൽ കുഞ്ഞിന് മുലയൂട്ടുമ്പോൾ ഒരു സ്തനം കുടിച്ചു തീർത്തതിനുശേഷമേ മറ്റെ സ്തനം കുടിപ്പിക്കാവൂ. മുലയൂട്ടൽ തുടങ്ങേണ്ടത് എപ്പോൾ? കുഞ്ഞിനു ലഭിക്കാവുന്ന ഏറ്റവും നല്ല ആഹാരമാണ് മുലപ്പാൽ. സുഖപ്രസവമായാലും സിസേറിയനായാലും പ്രസവശേഷം കുഞ്ഞിന് എത്രയും പെട്ടെന്ന് മുലയൂട്ടാൻ ആരംഭിക്കണം. സിസേറിയനാണെങ്കിൽ ആദ്യത്തെ 1‐2 മണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകേണ്ടതാണ്. മാസം തികയാതെയുള്ള പ്രസവമാണെങ്കിലും കുഞ്ഞിനു കഴിയുന്നിടത്തോളം പാലൂട്ടണം മാസം തികയാതെ പ്രസവിക്കുന്ന അമ്മയുടെ പാലിൽ ധാരാളം ആന്റിബോഡികൾ ഉണ്ട്. ഇത് കുഞ്ഞിെൻറ രോഗപ്രതിരോധശേഷി കൂട്ടുന്നു. കുഞ്ഞ് മുലപ്പാൽ വലിച്ചുകുടിക്കുന്നില്ലെങ്കിൽ മുലപ്പാൽ പിഴിഞ്ഞെടുത്ത് ഗോകർണ്ണത്തിലോ, സ്പൂണിലോ നൽകാം. പ്രസവത്തിനുശേഷം അമ്മമാർക്ക് ആദ്യം വരുന്ന നേർത്ത മഞ്ഞനിറത്തിലുള്ള പാലാണ് കൊളസ്ട്രം. കുഞ്ഞിനു ലഭിക്കുന്ന ആദ്യ സമ്പൂർണ ഭക്ഷണമാണ് കൊളസ്ട്രം. അതിനാൽ ഈ പാൽ നിർബന്ധമായും കുഞ്ഞിനു നൽകണം. ഒരു കാരണവശാലും കൊളസ്ട്രം പിഴിഞ്ഞു കളയരുത്. കൊളസ്ട്രം വളരെയധികം പോഷകസമൃദ്ധമാണ്. ജനനം കഴിഞ്ഞ് ആദ്യത്തെ ഏതാനും ദിവസങ്ങളിൽ രോഗങ്ങളിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്ന രോഗപ്രതിരോധ ഘടകങ്ങൾ കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്നു. ഈ സമയങ്ങളിൽ കുഞ്ഞിനു മുലപ്പാൽ അല്ലാതെ പഞ്ചസാര ചേർന്ന വെള്ളമോ, തേനോ മുതലയാവ ഒരു കാരണവശാലും കൊടുക്കരുത്. കുഞ്ഞിനു വിശക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് ശ്രദ്ധിക്കുകയും, കുഞ്ഞിനു വിശക്കുമ്പോഴെല്ലാം മുലയൂട്ടുകയും ചെയ്യുക. ഓരോ സ്തനത്തിൽനിന്നും സാധാരണ മുലയൂട്ടലിന്റെ സമയദൈർഘ്യം 10‐15 മിനിട്ട് വീതമാണ്. പക്ഷേ ഓരോ കുഞ്ഞും വ്യത്യസ്തരാണ്. ചില കുഞ്ഞുങ്ങൾ പെട്ടെന്ന് മുലപ്പാൽ കുടിക്കുന്നു; മറ്റുചിലർ കൂടുതൽ സമയമെടുത്ത് മുലപ്പാൽ കുടിക്കുന്നു. ഒരു സ്തനത്തിൽ നിന്നും കുഞ്ഞു മൊത്തമായി പാൽ കുടിച്ചതിനുശേഷം ആവശ്യമെങ്കിൽ കുഞ്ഞിനു മറ്റേ സ്തനത്തിൽ നിന്നും പാൽ കൊടുക്കുക. മിക്ക കുഞ്ഞുങ്ങളും 2‐3 മണിക്കൂർ കൂടുമ്പേൾ മുലപ്പാൽ കുടിക്കാറുണ്ട്. ആദ്യത്തെ കുറെ ദിവസങ്ങളിൽ ഓരോ 24 മണിക്കൂറിലും 8 മുതൽ 12 തവണ വരെ മുലയൂട്ടേണ്ടതായി വരാം. ഓരോ തവണ മുലയൂട്ടുമ്പോഴും നിങ്ങളുടെ കുഞ്ഞിന്റെ പൊസിഷൻ ശരിയാണെന്നും, നിങ്ങൾ കുഞ്ഞിനെ ഉചിതമായ രീതിയിൽ അണച്ച് പിടിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക. കുഞ്ഞ് മുലപ്പാൽ വലിച്ചു കുടിക്കുമ്പോൾ പാലിനോടൊപ്പം അൽപ്പാൽപ്പമായി വായുവും ഉള്ളിലേക്കെടുക്കും. ഇതു കുഞ്ഞിന് അസ്വസ്ഥതയും, വയറുവേദനയും, തികട്ടലും ഉണ്ടാക്കാനിടയാക്കിയേക്കാം. അതുകൊണ്ട് മുലയൂട്ടൽ കഴിഞ്ഞാൽ കുഞ്ഞിനെ തോളത്തു കിടത്തി മെല്ലെ പുറത്ത് തട്ടിയാൽ ആമാശയത്തിൽ കയറിയ വായു പുറത്തുപോകും. കുഞ്ഞിന്റെ വയറിനുള്ളിൽ കെട്ടിക്കിടക്കുന്ന വായു പുറത്തേക്കുപോകുന്നതുവരെ തട്ടുകയോ തടവുകയോ ചെയ്യേണ്ടതാണ്. ചില കുഞ്ഞുങ്ങൾക്ക് വായു പോകാൻ കൂടുതൽ സമയം വേണ്ടിവരും. മുലയൂട്ടലിന്റെ നേട്ടങ്ങൾ 1. മുലപ്പാലിലൂടെ കുഞ്ഞിനു ലഭിക്കുന്ന നേട്ടങ്ങൾ എ. മുലപ്പാലിൽ കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ (കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പുകൾ, വിറ്റാമിനുകൾ, മിനറലുകൾ) ശരിയായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നു. അതിനാൽ കുഞ്ഞിനു പോഷക കുറവുണ്ടാകുന്നില്ല. അതുകൊണ്ട് വളർച്ചയ്ക്കൊപ്പം കുഞ്ഞിന്റെ പ്രതിരോധശക്തിയും കൂടുന്നു. ബി. മുലപ്പാലിൽ കുഞ്ഞുങ്ങളിലെ ബാലാരിഷ്ടതകളെയും അണുബാധകളെയും ചെറുക്കാൻ സഹായിക്കുന്ന ആന്റിബോഡീസ് പോലുള്ള സുരക്ഷാഘടകങ്ങളും അടങ്ങിയിരിക്കുന്നു. മുലപ്പാൽ ദഹിക്കാൻ വളരെ എളുപ്പമാണ്. കുഞ്ഞിെൻറ ദഹനത്തിനും വളർച്ചയ്ക്കും സഹായകമാകുന്ന ഘടകങ്ങളും, എൻസൈമുകളും, ഹോർമോണുകളും മുലപ്പാലിൽ കൃത്യമായ അളവിൽ അടങ്ങിയിരിക്കുന്നു. മുലപ്പാൽ കുഞ്ഞിന്റെ ശൈശവാവസ്ഥയിൽ ഉണ്ടാകുന്ന അലർജിയും ചെവിൗീലുണ്ടാകുന്ന അണുബാധയും വരാനുള്ള സാധ്യത കുറയ്ക്കുന്നു. ശരിയായ രീതിയിൽ മുലപ്പാൽ കുടിച്ചുവളരുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ തലച്ചോർ വികാസം ഉണ്ടാകുന്നു. മുലപ്പാൽ പരിശുദ്ധവും ബാക്ടീരിയ കലരാത്തതുമാണ്. കുഞ്ഞിനു ശരിയായ ഊഷ്മാവിൽ മുലപ്പാൽ ലഭിക്കുന്നു. കുഞ്ഞിന് അമിതവണ്ണം ഉണ്ടാകാതെ സംരക്ഷിക്കുന്നു. മുലപ്പാലിൽ ശോധന ഉറപ്പാക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞുങ്ങൾക്ക് മലബന്ധം ഉണ്ടാകില്ല. കുഞ്ഞിന്റെ പല്ലുകളും താടികളും ശരിയായ വിധത്തിൽ വികാസം പ്രാപിക്കുന്നിന് മുലയൂട്ടൽ സഹായിക്കുന്നു. കൂടാതെ മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളില പല്ലിന്റെ തേയ്മാനമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിന്റെ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്ക്കാവശ്യമായ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുക്കളും കുഞ്ഞിന്റെ ആരോഗ്യം പരിപോഷിപ്പിക്കുന്ന സിങ്ക്, കോപ്പർ എന്നിവയും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടലിലൂടെ അമ്മയ്ക്കുള്ള നേട്ടങ്ങൾ മുലയൂട്ടൽ കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ഗുണങ്ങൾ ഏറെയാണ്. പ്രസവാനന്തരം രക്തസ്രാവം നിയന്ത്രിക്കുവാൻ മുലയൂട്ടൽ സഹായിക്കുന്നു. ഗർഭപാത്രം ചുരുങ്ങാനും പൂർവസ്ഥിതി പ്രാപിക്കാനും സഹായിക്കുന്നു. ഓക്സിടോസിൻ ഹോർമോണുകളുടെ ഉൽപ്പാദനത്തെ മുലയൂട്ടൽ സഹായിക്കുന്നു. ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന അധികഭാരം കുറയ്ക്കുന്നു. മുലയൂട്ടൽ സ്താനാർബുദം, ഗർഭാശയാർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. മുലയൂട്ടലിലൂടെ പ്രസവശേഷം അമ്മയ്ക്ക് വിഷാദരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. മുലയൂട്ടലിലൂടെ അസ്ഥിക്ഷയം ഉണ്ടാകാനുള്ള നിങ്ങളുടെ സാധ്യത കുറയ്ക്കുന്നു. മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസം മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളെക്കാൾ മാനസിക ആരോഗ്യവും, ശാരീരിക ആരോഗ്യവും കൂടുതലായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മുലപ്പാലിൽ രോഗപ്രതിരോധ ശേഷി വളരെ കൂടുതലായതിനാൽ കുഞ്ഞിന് രോഗങ്ങൾ പെട്ടെന്നു പിടിപെടില്ല. അതിനു പുറമെ ഭാവിയിൽ അമിതഭാരം വരാനുള്ള സാധ്യതയെ നേരത്തെ തന്നെ ചെറുക്കാനും കാഴ്ച ശക്തി നിലനിർത്താനും മുലപ്പാലിനു കഴിവുണ്ട്. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസവും ഐക്യു ലെവലും കുപ്പിപ്പാൽ കുടിച്ചു വളരുന്ന കുട്ടികളേക്കാൾ കൂടുതാലയിരിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. കുപ്പിപ്പാൽ (പശുവിൻപാൽ, ആട്ടിൻപാൽ, പൊടിപ്പാൽ മുതലായവ) മാത്രം കുടിച്ചു വളരുന്ന കുട്ടികൾക്ക് ഭാവിയിൽ പൊണ്ണത്തടി, അർബുദം, പ്രമേഹം എന്നീ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഇവരിൽ കൂടുതലാണ്. ഓർക്കുക: കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 6 മാസം പ്രായമാകുന്നതുവരെ മുലപ്പാൽ മാത്രം നൽകുക. 6 മാസത്തിനുശേഷം 2 വയസ്സു പ്രായമാകുന്നതുവരെ കുഞ്ഞുങ്ങൾക്ക് മറ്റു ഭക്ഷണങ്ങൾ നൽകുന്നതോടൊപ്പം മുലപ്പാലും നൽകേണ്ടതാണ്. അമ്മയ്ക്ക് തന്റെ കുഞ്ഞിനു നൽകാൻ കഴിയുന്ന ഏറ്റവും സമ്പൂർണമായ  ആഹാരമാണ് മുലപ്പാൽ. അതുപോലെ തന്നെ കുഞ്ഞിനു ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ആഹാരമാണ് മുലപ്പാൽ. മുലയൂട്ടലാണ് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ ജീവിതത്തിന് തുടക്കം ഉറപ്പുവരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും തമ്മിൽ ഒരു പ്രത്യക ബന്ധം വളർത്തിയെടുക്കുക. ലേഖിക ,ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് ആണ് Read on deshabhimani.com

Related News