സ്വയരക്ഷാവകാശം- ഐപിസി 96 ഐപിസി  96 പ്രകാരം സ്വയരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങളൊന്നും കുറ്റമാകുന്നതല്ല. മനുഷ്യ ജീവന്‍ വളരെ വിലപ്പെട്ടതാണ്. സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനു ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമല്ല, അന്യന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ചെയ്യുന്ന പ്രവൃത്തികളും കുറ്റകരമല്ല. പ്രാണഭീതി നേരിടുന്ന ഒരുവന് മറ്റു പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് അവസരം ലഭിക്കുകയില്ല. ഒരാളുടെ ശരീരത്തിന് ഉപദ്രവം ഏല്‍ക്കുമെന്നു ബോധ്യമായാല്‍ ആയതു തടയുന്നതിന് ആവശ്യമായ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. സ്വരക്ഷാവാദം ഉന്നയിക്കുമ്പോള്‍ അത് യുക്തിയുക്തവും സംഭവ്യവുമാകണം. പ്രതി ഉണ്ടാക്കിയ ഹാനി, ആക്രമണത്തെ തടയാന്‍വേണ്ടിയുള്ളതോ പ്രതിയുടെ ഭാഗത്തല്‍ കൂടുതല്‍ അവബോധം മുന്‍കൂട്ടി ഇല്ലാത്തതോ ആണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതാകണം. സ്വരക്ഷാവകാശവാദം തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി സംഭാവ്യത തെളിയിച്ച് ആ ബാധ്യത പ്രതി നിറവേറ്റണം. ഒരാള്‍ സ്വരക്ഷാവകാശത്തിന്മേലാണോ പ്രവര്‍ത്തിച്ചതെന്ന് ഓരോ കേസിന്റെയും വസ്തുതകളെയും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. Sekhar vs. State of  Rajasthan എന്ന കേസില്‍ ഇപ്രകാരം പറയുന്നു. താന്‍ സ്വരക്ഷാവകാശത്തിന്മേലാണ് പ്രവര്‍ത്തിച്ചതെന്ന് പ്രതി ഏറെ വാദിക്കേണ്ടതില്ല. വസ്തുതകളില്‍നിന്ന് സ്വരക്ഷാവകാശത്തിന്മേലാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, പ്രതി ആ വാദമുഖം എടുത്തില്ലെങ്കില്‍പ്പോലും കോടതിക്ക് അത് പരിഗണിക്കാനാവും. പ്രതി സ്വരക്ഷയ്ക്കുള്ള അവകാശത്തിന്റെ പരിധികടന്നോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതിന് പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ കോടതി കണക്കിലെടുക്കേണ്ടതുണ്ട്. പ്രതി കുറ്റത്തിനിരയായ ആളെ ആക്രമിക്കാന്‍ തോക്കുമായി പോകുകയും കുറ്റത്തിനിരയായ ആള്‍ സ്വരക്ഷാവകാശത്തിന്മേല്‍ പ്രതിയെ ആക്രമിക്കുകയും ചെയ്യുമ്പോള്‍ കുറ്റത്തിനിരയായ ആളെ വധിച്ച പ്രതിക്ക് സ്വരക്ഷാവകാശവാദം ഉന്നയിക്കാനാവില്ല. കുറ്റംചെയ്യാന്‍ കഴിവില്ലാത്തവരായി നിയമം പരിഗണിക്കപ്പെടുന്ന മാനസികാവസ്ഥ ഉള്ളവര്‍ക്കെതിരെയും ഈ അവകാശം വിനിയോഗിക്കാം. ഒരു ഭ്രാന്തന്‍ ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നു. ചിത്തഭ്രമം പിടിപെട്ടവര്‍ ചെയ്യുന്ന പ്രവ്രൃത്തികള്‍ നിയമദൃഷ്ട്യാ കുറ്റകരമല്ല. എന്നിരുന്നാലും ആ ഭ്രാന്തെനെതിരെയും സ്വയരക്ഷാ അവകാശവാദം വിനിയോഗിക്കാം. ഐപിസി 98-ാം വകുപ്പ് തെറ്റിദ്ധാരണയുടെ പുറത്തുചെയ്യുന്ന പ്രവൃത്തികളെയും ന്യായീകരിക്കുന്നു.  ഐപിസി സെക്ഷന്‍ 100 പ്രകാരം താഴെപറയുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരായി ശാരീരിക രക്ഷ നേടുന്നതിന്, മരണമോ മറ്റ് ദേഹോപദ്രവങ്ങളോ ഏല്‍പ്പിക്കുന്നതിനെ നിയമം നീതീകരിക്കുന്നു. 1.സ്വയരക്ഷാവകാശം വിനിയോഗിച്ചില്ലെങ്കില്‍മരണം സംഭവിച്ചേക്കുമെന്ന് ന്യായമായും ഭയമുണ്ടാകത്തക്കവണ്ണമുള്ള കൈയേറ്റം (അുുൃലവലിശീിെ ീള റലമവേ). 2. വളരെ ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിച്ചേക്കുമെന്നു ന്യായമായി ഭയപ്പെടുന്ന സന്ദര്‍ഭം (Grievous hurt). 3.ബലാത്സംഗംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റം(Rape) 4. പ്രകൃതിവിരുദ്ധ ഭോഗതൃഷ്ണയെ തൃപ്തി പ്പെടുത്തുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം. 5. കുഞ്ഞുങ്ങളെയോ മറ്റ് ആളുകളെയോ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം. വസ്തുവകകള്‍ സരക്ഷിക്കുന്നതിനുവേണ്ടിയും ആക്രമണ കാരിയെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട്. കവര്‍ച്ച, രാത്രിയില്‍ നടക്കുന്ന ഭവനഭേദനം എന്നിവയ്ക്കെതിരായി ആക്രമണകാരിയെ ജീവഹാനി വരുത്താന്‍ നിയമം അനുവദിക്കുന്നുണ്ട്. സ്വയരക്ഷാവകാശവാദം ഒരു പകരംവീട്ടലല്ല. പ്രത്യുത ശരീരത്തിനും വസ്തുവകകള്‍ക്കും നേരിട്ടേക്കാവുന്ന അപകടകരമായ അക്രമണങ്ങള്‍ ഒഴിവാക്കി അവയെ സംരക്ഷിക്കുന്നതിനുവേണ്ടി നിയമം അനുവദിച്ചുതന്നിട്ടുള്ള ഒരു പ്രതിരോധ നടപടിയാണ്. സ്വയരക്ഷാവകാശത്തിന്റെ വ്യാപ്തി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം മറ്റാരെങ്കിലുമോ ചെയ്യുന്ന പ്രവൃത്തികള്‍ ന്യായമായ മരണഭീതിയോ കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നുള്ള ഭയമോ ഉണ്ടാക്കാത്തിടത്തോളം കാലം അവര്‍ക്കെതിരായി സ്വയരക്ഷാവകാശവാദം പ്രയോഗിച്ചുകൂടാ. അധികാരപ്പെട്ട ഉദ്യാഗസ്ഥനെ സമീപിച്ച് സംരക്ഷണം നേടാനുള്ള സമയം ഉണ്ടെങ്കിലും  സ്വയരക്ഷാവകാശം വിനിയോഗിച്ചുകൂടാ. ആത്മരക്ഷാര്‍ഥം ചെയ്യുന്ന പ്രവൃത്തികള്‍ ഒരിക്കലും ആവശ്യത്തില്‍ കവിയാന്‍പാടില്ല. സ്വയരക്ഷാവകാശത്തിന്റെ മറവില്‍ മറ്റൊരാളെ മനഃപൂര്‍വം ഉപദ്രവിക്കുന്നത് തെറ്റാണ്. എന്തുമാത്രം ബലം പ്രയോഗിക്കാമെന്നുള്ളത് ഓരോ സംഭവങ്ങളും നടക്കുന്ന സാഹചര്യങ്ങളെ മൊത്തം  കണക്കിലെടുത്താണ് തീരുമാനിക്കേണ്ടത്. പലപ്പോഴും അത് അക്രമണത്തിന്റെയും അക്രമണകാരിയുടെയും സ്വഭാവ വിശേഷതകളെ ആശ്രയിച്ചിരിക്കും. അക്രമണകാരി ആയുധധാരിയായിട്ടാണോ വന്നത് എന്ന കാര്യം പല കേസിലും പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നമാണ്. വളരെ വിവേകപൂര്‍വം ആലോചിച്ചുറച്ച് ന്യായയുക്തമായ  തീരുമാനം എടുക്കുന്നതിന് ആക്രമണവിധേയനാകുന്ന ആള്‍ക്ക് സാധിച്ചെന്നുവരില്ല. അതുകൊണ്ടാണ് ഓരോ കേസിലെയും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച് പ്രതിക്കുള്ള സ്വയരക്ഷാ അവകാശത്തിന്റെ പരിധി ലംഘിച്ചോ എന്നുള്ള സംഗതിയില്‍ തീര്‍പ്പു കല്‍പ്പിക്കുക. അല്ലാതെ അതിന് ഒരു പൊതുമാനദണ്ഡം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. പ്രൈവറ്റ് ഡിഫന്‍സ് വളരെ വിലപ്പെട്ട  അവകാശമാണ്. എന്നാല്‍ അത് ദുരുപയോഗപ്പെടുത്തുന്നതിനെ നിയമം വിലക്കുന്നു.      mpapw@yahoo.com   Read on deshabhimani.com

Related News