അങ്കോലത്തെ അടുത്തറിയുകഅങ്കോലം' എന്ന പേര് പലർക്കും അപരിചിതമായിരിക്കാം. പ്രത്യേകിച്ചും പുതുതലമുറയ്ക്ക്. ആയുർവേദത്തിൽ പ്രത്യേകിച്ചും വിഷചികിത്സാരംഗത്ത് മുൻപന്തിയിൽനിൽക്കുന്ന ഒരു ഔഷധമരമാണ് അങ്കോലം. പാമ്പിൻവിഷം, ഈറാമ്പുലിപോലുള്ള ചിലന്തിവിഷം. തേൾ, പഴുതാര, കടന്നൽ എന്നിവ കടിച്ചാലുള്ള നീരിനും വേദനശമിക്കാനും ഇത് ദിവ്യഔഷധമായി പാരമ്പര്യ നാട്ടുവൈദ്യന്മാരൊക്കെ അങ്കോലം ഉപയോഗിക്കാറുണ്ട്. ഏതുതരത്തിലുള്ള പരജീവി വിഷബാധയ്ക്കും ഉപയോഗിക്കുന്ന ഔഷധമാണ് അങ്കോലം. ആയുർവേദചികിൽസയിലും അങ്കോലത്തിനു വലിയ ഇടമുണ്ട്. ഈ ഔഷധമരം ഇന്ന് വേരറ്റുപോകുന്ന ഗൗരവമായ സാഹചര്യത്തിലാണ് നമ്മുടെ പ്രദേശം ഉള്ളതെന്നാണ് ഭിഷഗ്വരന്മാരുടെ അഭിപ്രായം. വനങ്ങളിൽമാത്രം കേന്ദ്രീകരിക്കുന്നു. ഒരുകാലത്ത് നാട്ടുചികിത്സയിലൂടെ പരിരക്ഷ നേടിയ സാഹചര്യത്തിൽ മിക്ക പറമ്പുകളിലും ഒരു അങ്കോലമരം കരുതിവച്ചിരുന്നു. ഇന്ന് കാലംമാറിയപ്പോൾ അങ്കോലം നമുക്കിടയിൽ അവഗണിച്ചകറ്റിയിരിക്കുന്നു. ഔഷധക്ഷാമം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ പറമ്പുകളിലേക്ക് ഈ വിഷഹാരിമരത്തെ വീണ്ടും കുടിയിരുത്തേണ്ടതുണ്ട്. നമ്മുടെ ഏതുപറമ്പിലും ഈ ഔഷധി നട്ടുവളർത്താവുന്നതേയുള്ളൂ (ശാസ്ത്രീയനാമം: അലാൻജിയം സാൽവിഫോളിയം). കൃഷിരീതി: വിത്തുപാകി മുളപ്പിച്ച് തൈകളാക്കി നട്ടുപിടിപ്പിക്കാം. കറിവേപ്പുപോലെ മരത്തിെൻറ വേരുകളിൽനിന്നും കിളിർത്തുവരുന്ന തൈകളും വേരോടെ ഇളക്കിയെടുത്ത് നടാം. 45 സെ. മീറ്റർ സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് അതിൽ കാലിവളമോ കമ്പോസ്റ്റോ മേൽമണ്ണുമായി കുഴച്ചുചേർത്ത് കുഴിനിറച്ച് തൈകൾ നടാം. ആദ്യവർഷം വേനലിൽ തണൽ നൽകിയോ, വെള്ളം നനച്ചോ സംരക്ഷിക്കണം. തുടർന്ന് ഇവ മരമായി ക്രമേണവളരും. 6‐7 വർഷമാകുമ്പോൾ അങ്കോലം കായ്ക്കും. ചെറിയ നെല്ലിക്കയോളം വലിപ്പമുള്ള കായയുടെ പുറംതൊലി നീക്കിയാലുള്ള പൾപ്പ് നല്ല രുചിയുള്ളതും ഔഷധഗുണമുള്ളതും പോഷകപ്രധാനവുമായ ഫലമാണ്. അങ്കോലത്തിന്റെ വേരാണ് വിഷചികിത്സയ്ക്ക് പ്രധാനം. തൊലി, ഇല, കായ എന്നിവയും വിവിധ ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കാം. Read on deshabhimani.com

Related News