നാളികേരത്തിന്റെ നാട്‌കേരളത്തിന്റെ ‘കൽപവൃക്ഷ’മാണ്‌ തെങ്ങ്‌.  നാലു കോഴിയും ഒരു പശുവും പത്തു തെങ്ങുമുണ്ടായിരുന്നെങ്കിൽ മലയാളി സുഭിക്ഷമായി കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു! ഇന്നോ? തെങ്ങും തേങ്ങയും മലയാളിയുടെ ജീവിതത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിന് കേരളമെന്ന് പേരുനേടിക്കൊടുത്ത 'പാവം' ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. ഇങ്ങനെയൊക്കെയാണെങ്കിലും തേങ്ങയ്‌ക്കുമുണ്ട്‌ ഒരു ദിവസം. സെപ്‌തംബർ രണ്ട്‌ ലോക നാളികേരദിനമാണ്‌.  തെക്കുനിന്ന് വന്ന വൃക്ഷമായതിനാലാണ് തെങ്ങ് എന്നു പേരുണ്ടായതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഡച്ചുകാരാണ് തെങ്ങുകൃഷി കേരളത്തിൽ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തത്. 'കൊക്കോസ്' എന്ന പോർച്ചുഗീസ്  വാക്കിൽനിന്നത്രെ 'കോക്കനട്ട്' എന്ന പേരുണ്ടായത്.  കൊക്കോസിന് കുരങ്ങൻ എന്നാണ് പോർച്ചുഗീസ് ഭാഷയിൽ അർഥം. പൊതിച്ച തേങ്ങയ്ക്കു കുരങ്ങിന്റെ മുഖസാമ്യമുള്ളതിനാലാകാം ആ പേര് തേങ്ങയ്ക്കും വന്നത്.  ഉൽപത്തി തെങ്ങിന്റെ തുടക്കത്തെക്കുറിച്ച്‌ ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്‌. 1935ൽ 'ബർക്കിൽ' എന്ന ശാസ്ത്രജ്ഞൻ പറയുന്നത്‌, പസഫിക് ദ്വീപ് സമൂഹത്തിലാണ്‌ തെങ്ങുകൃഷിയുടെ തുടക്കം  എന്നാണ്‌. പസഫിക് ദ്വീപസമൂഹത്തിൽ ഉത്ഭവിച്ച് കടൽവഴി തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ വ്യാപിച്ചു എന്നാണ് കരുതുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തെങ്ങ് കൃഷിചെയ്യുന്നത് ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് . തെങ്ങ് കൃഷിയിലും നാളികേര ഉൽപാദനത്തിലും ഇന്ത്യക്കുള്ള സ്ഥാനം വലുതാണ്. ലോകത്തുള്ള മൊത്തം ഉൽപാദനത്തിന്റെ 31.4 ശതമാനം ഇന്ത്യയിലാണ്. കേരളത്തിലാണ് ഇന്ത്യയിൽ  ആകെയുള്ളതിന്റെ 90ശതമാനവും കൃഷിചെയ്യുന്നത്. ഇപ്പോൾ എട്ട് ലക്ഷം ഹെക്ടറിൽ കൃഷിചെയ്യുന്നു. 40ലക്ഷത്തോളം കുടുംബങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു.   17ാം നൂറ്റാണ്ടിൽ കേരളത്തിലെ കൃഷിരീതിയെക്കുറിച്ചെഴുതിയ 'കൃഷിഗീത' താളിയോല ഗ്രന്ഥത്തിൽ തെങ്ങിനെക്കുറിച്ച് പരാമർശമുണ്ട്.  "തെങ്ങ് വെക്കുന്ന മാനുഷരൊക്കെയും  പൊങ്ങിടാതെ ഇരിക്കുന്നു സ്വർഗത്തിൽ.'  തെങ്ങ് കൃഷിചെയ്യുന്നവർ സ്വർഗ തുല്യരാണെന്നാണ് സൂചിപ്പിക്കുന്നത്. അക്കാലത്ത് അഞ്ചുതരം തെങ്ങുകളെക്കുറിച്ചാണ് പറഞ്ഞത്. വലുപ്പവും നിറവും നോക്കിയുള്ള പേരുകൾ. വെള്ളത്തേങ്ങ, ഗൗരീഗാത്രം, കണികൂരൻ, കുംഭകൂരൻ, ചെറുതേങ്ങ എന്നിവയാണവ. പൗരാണികരായ പുള്ളുവരുടെ കറ്റപ്പാട്ടിൽ തെങ്ങിന്റെ കാലപ്പഴക്കം പറയുന്നു.  "മാനുഷർ മന്നിൽ പിറന്നുള്ള കാലത്ത് ആധാരമില്ലം പുരയാക്കും തെങ്ങു ഞാൻ''  വീടിന്റെ മേൽക്കൂരക്ക് തെങ്ങോല ഉപയോഗിച്ചതാണ് സൂചന.  തുടർന്ന് 19ാം നൂറ്റാണ്ടിലെത്തുമ്പോൾ കൂടുതൽ വ്യാപിച്ചു. 1869ൽ തിരുവിതാംകൂർ ഗവ. പ്രസിദ്ധീകരിച്ച 'തെങ്ങ്' എന്ന ഗ്രന്ഥത്തിൽ 30ഇനം തെങ്ങുകൾ പരാമർശിക്കപ്പെടുന്നുണ്ട്. 1678ൽ അച്ചടിച്ച ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന പുസ്തകത്തിൽ  തെങ്ങിനെ പലയിടത്തും പരാമർശിക്കുന്നുണ്ട്.  ആചാരാനുഷ്ഠാനങ്ങളിൽ പൗരാണിക കാലം മുതൽ തെങ്ങിന്റെ ഓല, തേങ്ങ, തൊണ്ട്, ചിരട്ട, വെളിച്ചെണ്ണ, ഇളനീർ, കരിക്ക് തുടങ്ങിയവ ആചാരാനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നു.  തെയ്യച്ചമയത്തിൽ കുരുത്തോല പ്രധാനമാണ്. ക്ഷേത്രാലങ്കാരത്തിനും കുരുത്തോല ഉപയോഗിക്കാറുണ്ട്. ഹൈന്ദവർ മരണാനന്തരച്ചടങ്ങിന് തേങ്ങ ഉപയോഗിക്കുന്നു. ഗൃഹപ്രവേശത്തിനും നാളികേരമുടയ്‌ക്കാറുണ്ട്. ക്രിസ്തീയ വിശ്വാസികൾ ഓശാനക്ക് കേരളത്തിൽ കുരുത്തോല ഉപയോഗിക്കുന്നു.  നിറപറയിൽ തെങ്ങിൻ പൂക്കുല ചാർത്തിവെക്കാറുണ്ട്. തെങ്ങിൻപൂക്കുല ലേഹ്യം ആയുർവേദ ചികിത്സയിൽ വിശേഷപ്പെട്ടതാണ്. സസ്യശാസ്ത്രത്തിൽ ഏകബീജപത്രിയായ തെങ്ങിന്റെ കുടുംബപ്പേര് പാമേസി എന്നാണ്. പനവർഗത്തിലെ ഒറ്റയാൻ എന്നു പറയാം. നീണ്ട് തൂണുപോലെ തടിയുള്ളവ. ശാസ്ത്രീയ നാമം'കോക്കസ് ന്യൂസിഫെറ'. കോക്കസ് ജനുസ്സിലെ ഏക സ്പീഷീസും ഇതാണത്രേ. മലയാളത്തിൽ  തെങ്ങ്, സംസ്കൃതത്തിൽ നാളികേര, നാരികേല എന്നും തമിഴിൽ തെങ്ങൈ, തെലുങ്കിൽ തെങ്കാല, കന്നടയിൽ തെങ്കിനക്കാല, ഹിന്ദിയിൽ നാരിയൽ, ഇംഗ്ലീഷിൽ കോക്കനട്ട് ട്രീ എന്നും പറയുന്നു. തെങ്ങിന് മനുഷ്യായുസ്സാണെന്ന്(120വർഷം) പുരാണങ്ങളിൽ പറയുന്നു. നെടിയ ഇനങ്ങൾക്ക്15‐30മീറ്ററും കുള്ളൻ ഇനങ്ങൾക്ക് 5‐8 മീറ്ററുമാണ് ശരാശരി ഉയരം. പൂർണ വളർച്ചയെത്തിയ തെങ്ങിന് 2000‐8000 വേരുകൾ ഉണ്ടാകും. വേരുകളുടെ നീളം താഴോട്ടുപോകുന്നതിന് 6‐7 മീറ്ററും സമാന്തരമായി പോകുന്നതിന് 10മീറ്റർവരെയും ജലവും പോഷകമൂല്യവും അന്വേഷിച്ച് പോകുന്നതിന് 20മീറ്റർവരെയുമാകാറുണ്ട്. 82ശതമാനം വേരുകളും 30‐120സെ. മീറ്റർ താഴ്ചയിലാണ്. ചെങ്കൽമണ്ണിൽ 30‐60സെ. മീറ്റർ വരെ താഴ്ചയുണ്ടാകും.  പൂർണ വളർച്ചയെത്തിയ തെങ്ങിൽ 25‐40 ഓലകളുണ്ടാവും. ഇതിൽ താഴത്തെ 12 ഓലകളുടെ കക്ഷത്തിൽ ഒരു വർഷം 12 കുലകൾ ഉണ്ടാവേണ്ടതാണ്. ആരോഗ്യമുള്ള തെങ്ങ് 21‐28 ദിവസത്തിൽ ഒരിക്കൽ ഓല പുതുതായി വിരിയുന്നു.  ഓരോ പൂങ്കുലയിൽതന്നെ മുകൾഭാഗത്ത് ആൺപൂക്കളും ചുവട്ടിൽ പെൺപൂക്കളുമുണ്ടാകും. മച്ചിങ്ങ ആകൃതിയിലുള്ളതാണ് പെൺപൂക്കൾ. ഒരു പൂങ്കുലയിൽ 8000‐10,000വരെ ആൺപുഷ്പങ്ങളും 10‐15 പെൺപുഷ്പങ്ങളും ഉണ്ടാവും. ഓരോദിവസവും  നൂറുകണക്കിന് ആൺ പൂക്കൾ വിരിഞ്ഞ് കൊഴിയും.  കൂമ്പുവിരിഞ്ഞ് 21ാം ദിവസം  പെൺപൂക്കൾ പരാഗം (പൂമ്പൊടി) സ്വീകരിക്കും. മച്ചിങ്ങയുടെ അടിഭാഗത്തെ ഒരു പൊട്ടുപോലുള്ള സ്ഥലമാണ് പരാഗകേന്ദ്രം. രണ്ടോ മൂന്നോ ദിവസം മാത്രമേ പരാഗരേണു സ്വീകരിക്കുകയുള്ളൂ. പരാഗം കഴിഞ്ഞ് 11‐12 മാസംകൊണ്ടാണ്  മൂപ്പെത്തിയ തേങ്ങ ലഭിക്കുക.  തെങ്ങിനങ്ങൾ തെങ്ങുകളിൽ നെടിയതും കുറിയതുമായ രണ്ടിനമുണ്ട്.  നെടിയ ഇനം: 20‐30 മീറ്റർ ഉയരം വരെ വളരുന്ന ഈയിനം തെങ്ങുകൾ പുഷ്പിക്കാൻ 6‐10 വർഷമെടുക്കും. 80‐100 വർഷം വരെ ആയുസ്സുണ്ട്. വെസ്റ്റ് കോസ്റ്റ് ടാൾ, ഈസ്റ്റ് കോസ്റ്റ് ടാൾ, ലക്ഷദീപ് ഓർഡിനറി, ആൻഡമാൻ ഓർഡിനറി, ബെനാ ലിം ടാൾ (പ്രതാപ്), ഫിലിപ്പൈൻസ് ഓർഡിനറി (കേരചന്ദ്ര) കുറിയ ഇനം: ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, ഗംഗാ ബോധം, ചെന്തെങ്ങ്, ഗൗളിപാത്രം, മലയൻ യെല്ലോ,  മലയൻ ഗ്രീൻ, മലയൻ ഓറഞ്ച്, ടി  ഃ ഡി, ഡി ഃ ടി, കല്പക, പതിനെട്ടാം പട്ട സങ്കരയിനം: ലക്ഷഗംഗ, ആനന്ദഗംഗ, കേരഗംഗ, കേരസങ്കര, ചന്ദ്രസങ്കര, കേരശ്രീ, കേരസൗഭാഗ്യ, ചൗഘഡ്, ചന്ദ്രലക്ഷ.   തെങ്ങിന്റെ ശത്രുക്കൾ മണ്ഡരിബാധ, കൂമ്പുചീയൽ, തണ്ടുതുരപ്പൻ, ചെല്ലി ആക്രമണം, കാറ്റുവീഴ്ച മുതലായവയാണ് തെങ്ങ് നേരിടുന്ന ഭീഷണികൾ. തേങ്ങയെ ആക്രമിക്കുന്ന സൂക്ഷ്മ പരാദജീവിയാണ് മണ്ഡരി. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കൾ, പൂങ്കുലച്ചാഴി, മീലിമൂട്ട, ചൊറിയൻ പുഴുക്കൾ തുടങ്ങിയ കീടങ്ങളും തെങ്ങിനെ ആക്രമിക്കുന്നു. Read on deshabhimani.com

Related News