ആ കൂട്ടക്കുരുതിക്ക്‌ 100 ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് നമ്മുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ. അതിലെ സുപ്രധാന സംഭവമാണ് ജാലിയൻ വാലാബാഗ്. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ നാം പിന്നിടുന്നത് ജാലിയൻ വാലാബാഗ് സംഭവത്തിന്റെ നൂറാംവർഷം കൂടിയാണ്.  ജാലിയൻവാലാബാഗ്‌ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ത്യാഗഭൂമിയാണ്  ജാലിയൻ വാലാബാഗ്. ചരിത്രത്തിൽ പേര്‌ രേഖപ്പെടുത്തിയിട്ടില്ലാത്ത ആയിരങ്ങളുടെ ചോരപടർന്നൊഴുകിയ ആ ചുവന്നമണ്ണ്‌  ഇന്ന്‌ ഏത്‌ ഇന്ത്യക്കാരന്റെയും ഹൃദയവികാരമാണ് .  സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു സ്ഥലമായിരുന്നു ജാലിയൻ വാലാബാഗ്. കൂട്ടക്കൊല നടക്കുന്നതിനും മുമ്പേ ഒരു കാലത്ത് പൂന്തോട്ടമായിരുന്നു. ക്രമരഹിതമായ ചതുരാകൃതിയിലുള്ള ഭൂമി. ചുറ്റും മതിൽകെട്ടുകളോ സമാനമായ കെട്ടിടങ്ങളോ നിറഞ്ഞിരുന്നു. മൈതാനത്തിലേക്ക് കടക്കാൻ ഒരു ഇടുങ്ങിയ വഴിമാത്രം. കയറാനും ഇറങ്ങാനും മറ്റ് മാർഗങ്ങൾ ഇല്ല. രണ്ട് വൃക്ഷങ്ങൾ, ആഴത്തിലുള്ള കിണർ, ഒരു ശവകുടീരം എന്നിവയും ഈ മൈതാനത്തിന്റെ ഭാഗമായിരുന്നു. പ്രവേശനകവാടത്തിന് സമീപമുള്ള ഉയർന്ന തറയിൽ നിന്നാൽ മൈതാനം മുഴുവൻ കാണാമായിരുന്നു. ഇവിടെയാണ് 1919 ഏപ്രിൽ 13ന് ആ ദാരുണ സംഭവം അരങ്ങേറിയത്. റൗലത്ത് നിയമം 1917ലെ റഷ്യൻ വിപ്ലവം സ്വാതന്ത്ര്യമില്ലാത്ത മനുഷ്യർക്ക് ആവേകരമായ അനുഭവമായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഇന്ത്യയിലെ ഈ നീക്കങ്ങൾ 1857ലേതിനു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഭരണാധികാരികൾ ഭയന്നു. ഇത്തരം നീക്കങ്ങളെക്കുറിച്ച് പഠിക്കാൻ വൈസ്രോയി ചെംസ്ഫോർഡ്‌ ഒരു കമ്മിറ്റിയെ നിയമിച്ചു. ജസ്റ്റിസ് സർ സിഡ്‌നി റൗലത്തായിരുന്നു അധ്യക്ഷൻ. ഈ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെങ്ങും സമര സന്നദ്ധത സജീവമാണെന്നും ഇതില്ലാതാക്കാൻ പുതിയ നിയമം വേണമെന്നും ശുപാർശ ചെയ്തു. ഇതിന്റെ ഭാഗമായി 1919 മാർച്ചിൽ നിലവിൽ വന്ന നിയമമാണ് അനാർക്കിക് ആൻഡ് റവലൂഷണറി ആക്ട്. റിപ്പോർട്ട്‌ സമർപ്പിച്ച കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന റൗലത്തിന്റെ പേരിലാണ് നിയമം പിന്നീട് അറിയപ്പെട്ടത്. അക്ഷരാർഥത്തിൽ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ സൃഷ്ടിച്ചതായിരുന്നു  റൗലത്ത് നിയമം. സമരമുഖത്ത്‌  മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സത്യഗ്രഹസഭയുടെ പ്രവർത്തകർ പരസ്യമായ നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. 1919 ഏപ്രിൽ ആറിന് രാജ്യവ്യാപകമായ ഹർത്താൽ. പ്രതിഷേധങ്ങളിൽ പരക്കെ ആക്രമസംഭവങ്ങളും ഉണ്ടായി. ലാത്തിച്ചാർജിലും വെടിവയ്പിലും നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹർത്താലിനെ തുടർന്ന് പഞ്ചാബിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ഗാന്ധിജി അവിടേക്ക് പുറപ്പെട്ടെങ്കിലും അതിർത്തിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്ത് തിരിച്ചയച്ചു.  പഞ്ചാബിൽ പ്രതിഷേധം ശക്തമായി. അവിടെ ദേശീയ പ്രസ്ഥാനത്തെ നയിച്ച ഡോ. സത്യപാലും ഡോ. സെയ്ഫുദ്ദീൻ കിച്ലുവും നാടുകടത്തപ്പെട്ടു. ഇതിനെതിരെ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പൊലീസ് ഭീകരമായി ആക്രമിച്ചു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. ചിലർ വെടിയേറ്റ് മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ചില ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു. ഈ സംഭവങ്ങളെ തുടർന്ന് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥനായി അമൃതസറിലെത്തി.  ഹൃദയഭേദകമായ നിമിഷങ്ങൾ 1919 ഏപ്രിൽ 13 ഞായർ വൈകുന്നേരം. ഇരുപതിനായിരത്തോളമാളുകൾ ജാലിയൻ വാലാബാഗിൽ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ അമൃതസറിൽ ഉണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഒത്തുചേരൽ. വൈശാഖി എന്ന കൊയ്ത്തുത്സവദിനം കൂടിയായിരുന്നു അന്ന്‌. തിടുക്കത്തിൽ വിളിച്ചുചേർത്ത യോഗമായിട്ടും ആയിരങ്ങൾ ഒത്തുചേർന്നു. ഇന്നലെവരെ ഭയപ്പെടുത്തിയവരോട്, ജീവനും സ്വത്തും നഷ്ടപ്പെടുത്തിയവരോട് സന്ധിയില്ല എന്ന് പ്രഖ്യാപിക്കുന്നതിനായിരുന്നു യോഗം. തീർത്തും സമാധാനപരം. കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർവരെ ഒത്തുചേർന്നിരുന്നു. ജാലിയൻ വാലാബാഗിലെ മതിൽക്കെട്ടിനുള്ളിൽ ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് ജനസാഗരം അലയടിച്ചു. സമയം അഞ്ചുമണി. ജനറൽ ഡയറും സംഘവും ജാലിയൻ വാലാബാഗിലെത്തി. മൈതാനത്തിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള ഉയർന്ന തറയിൽനിന്നു. ഇരുവശത്തും ഇരുപത്തിയഞ്ച് വീതം പട്ടാളക്കാർ നിലയുറപ്പിച്ചു. ഒരു പ്രാദേശിക നേതാവ് പ്രസംഗിച്ചുകൊണ്ടിരുന്ന നിമിഷം ഒരു മുന്നറിയിപ്പുമില്ലാതെ വെടിവയ്പ്പ് ആരംഭിച്ചു. തുടർച്ചയായി പത്ത് മിനിറ്റ്‌. ആളുകൾ തിങ്ങി ഓടുന്ന പ്രദേശങ്ങളിലേക്ക് വെടിവയ്ക്കാൻ ജനറൽ ഡയർ നിർദേശം നൽകി. പുറത്തേക്ക് പോകാൻ കഴിയാതെ ചിതറി ഓടുന്ന മനുഷ്യരെ വെടിവെച്ചു വീഴ്ത്തി. നിമിഷങ്ങൾക്കകം മൈതാനം ശവക്കൂനകളാൽ നിറഞ്ഞു. വേദനകൊണ്ട് പിടഞ്ഞ ചിലർ, വെടിയേൽക്കാതിരിക്കാൻ ഗ്രൗണ്ടിനുള്ളിലെ കിണറിനുള്ളിലേക്ക് ചാടി. വെടിയുണ്ടകൾ തീർന്നതുകൊണ്ട് മാത്രം വെടിവയ്പ്പ് അവസാനിച്ചു. തിക്കിലും തിരക്കിലും പെട്ടും നൂറുകണക്കിന് ആളുകൾ മരിച്ചു. ഡയർ ഭീകരന്മാർ ജാലിയൻ വാലാബാഗ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത്‌ രണ്ട് ഡയർമാരായിരുന്നു. പട്ടാള മേധാവിയും വെടിവയ്പ്പിന് നേരിട്ട് നേതൃത്വം നൽകിയ റെജിനാൾസ് എഡ്വാർഡ്‌ ഹാരി ഡയറും 1913 മുതൽ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒ ഡയറുമായിരുന്നു ഈ കാട്ടാളന്മാർ. ഹണ്ടർ കമീഷൻ വിചാരണ വേളയിൽ എല്ലാവരെയും കൊല്ലാനാണ് താൻ ആഗ്രഹിച്ചതെന്നാണ്‌ ജനറൽ ഡയർ വ്യക്തമാക്കിയത്. പഞ്ചാബിലുൾപ്പെടെ രാജ്യത്താകമാനം ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ രണ്ട് ഡയർമാരും ഒന്നിച്ച് പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു കൂട്ടക്കരുതി. ഡയറിനെ ന്യായീകരിച്ച ഗവർണർ ഡയർ സംഭവത്തെ ജനങ്ങളുടെ അനാവശ്യ ലഹളായി ചിത്രീകരിച്ചു. ജനറൽ ഡയർ ഭരണകൂടത്തിന്റെ ചട്ടുകമായിരുന്നുവെന്നും സൂത്രധാരൻ ഗവർണർ തന്നെയായിരുന്നുവെന്നും കരുതുന്നവരുമുണ്ട്. പഞ്ചാബിനെ രക്തത്തിൽ കുളിപ്പിച്ച ഈനരാധമനെ 1940 മാർച്ച് 13ാംതീയതി ഉദ്ദംസിങ് ലണ്ടൻ നഗരത്തിൽ വെടിയുതിർത്തുകൊന്നു. ജനറൽ ഡയർ ജാലിയൻ വാലാബാഗ് സംഭവത്തിനുശേഷം സർവീസിൽനിന്ന് പുറത്തിറങ്ങി. വിശ്രമ ജീവിതവേളയിൽ വിമാനങ്ങളെ ദൃഷ്ടിപഥത്തിലെത്തിക്കാൻ സഹായമായ പാത്ത് ഫൈൻഡർ എന്ന ഉപകരണം വികസിപ്പിച്ചു. 1927ൽ മരിച്ചു. ഹണ്ടർ കമീഷൻ ജാലിയൻ വാലാബാഗ് സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ ഹണ്ടർ പ്രഭു ചെയർമാനായി കമീഷനെ നിയമിച്ചു. ജസ്റ്റിസ് ജോർജ്‌ഭസി റാങ്കിൻ, ഡബ്ല്യു എഫ് റൈസ്, മേജർ ജനറൽ സർ ജോർജ്‌ ബറോ, പാവൻലാൽ സെതൻവാദ്, സുൽത്താൻ അഹമ്മദ് ഖാൻ എന്നിവർ അംഗങ്ങളുമായിരുന്നു. തോമസ് സ്മിത്ത്, പണ്ഡിറ്റ് ജഗത് നാരായണൻ എന്നിവർ പിന്നീട് അംഗങ്ങളായി. കോൺഗ്രസ് ഹണ്ടർകമീഷനെ അംഗീകരിച്ചില്ല. മഹാത്മഗാന്ധിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ കമീഷനെ നിയമിച്ചു. ഹണ്ടർകമീഷന് ഏകകണ്ഠമായി റിപ്പോർട്ട് തയ്യാറാക്കാൻ കഴിഞ്ഞില്ല. കമീഷനിലെ ഇന്ത്യക്കാർ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി. വെടിവെച്ചതിന് മുമ്പ് മുന്നറിയിപ്പ് നൽകിയില്ല. വെടിവെപ്പ് സമയം ദീർഘിപ്പിച്ചു. എന്നീ കുറ്റങ്ങൾ ഒഴിവാക്കിയാൽ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്ന തായിരുന്നു ഹണ്ടർ കമീഷൻ റിപ്പോർട്ട്. അപമാനകരമായ സംഭവം സംഭവം നടന്ന കാലയളവിൽ അതിനെ ന്യായീകരിച്ച ബ്രിട്ടീഷുകാർ പിന്നീട് നിലപാട് മാറ്റി. കൂട്ടക്കൊല അപമാനകരമായ സംഭവമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കേ ഇന്ത്യ സന്ദർശിച്ച ഡേവിസ് കാമറോൺ അഭിപ്രായപ്പെടുകയുണ്ടായി. സംഭവത്തിന് ഉത്തരവാദിയായ രാജ്യത്തലവന്റെ കുറ്റസമ്മതം അന്തർദേശീയതലത്തിൽ ശ്രദ്ധ നേടി. ജാലിയൻ വാലാബാഗിലെ സന്ദർശന ബുക്കിലാണ് കാമറോൺ ചരിത്രത്തിലിടം നേടിയ വാക്കുകൾ കുറിച്ചത്. സമാധാനപരമായി സമരം ചെയ്തവരെ കൊന്നത് മനുഷ്യത്വ രഹിത സംഭവമായി അദ്ദേഹം വിലയിരുത്തി. ഒപ്പം ഇത് രാജ്യത്തിന് അപമാനകരമായ സംഭവമാണെന്നും പറഞ്ഞ കാമറോൺ പരസ്യമായ മാപ്പ് പറയേണ്ട സംഭവമാണിതെന്നും തുടർന്നെഴുതി. മുൻപ് എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദർശിച്ചപ്പോൾ ജാലിയൻ വാലബാഗ് സന്ദർശിച്ച് പുഷ്പാർച്ചന നടത്തുകയുണ്ടായി.   Read on deshabhimani.com

Related News