നാട്ടുസംസ്‌കൃതിയുടെ തുടിതാളം    പാട്ടു പാടാനും പാട്ടു കേൾക്കാനും മോഹിക്കാത്തവർ ആരുമില്ലെന്ന് നമുക്കറിയാം. പണ്ടേതന്നെ മനുഷ്യനിലുണ്ടായിരുന്ന  ആ മോഹം നമുക്കു നൽകിയ മധുരസംഗീതമാണ് നാടൻപാട്ടുകൾ. പരിഷ്‌കാരവും പാണ്ഡിത്യവും ഒന്നുമില്ലാതിരുന്ന അന്നത്തെ ലോകത്തിൽ പാട്ടു പാടിയിരുന്നവർക്ക് നല്ല സന്തോഷവും കേൾവിക്കാർക്ക് ഉല്ലാസവും ഉത്സാഹവും നാടൻപാട്ടുകളിൽനിന്ന് കിട്ടിയിരുന്നു. അങ്ങനെ എഴുത്തും അച്ചടിയുമൊന്നുമില്ലാതെ ആ പാട്ടുകൾ തലമുറയിൽനിന്ന് തലമുറയിലേക്ക് എത്തി. പാട്ടു കേട്ടവർകേട്ടവർ അതേറ്റുപാടാൻ തുടങ്ങി. ആരുംതന്നെ ഇത്തരം പാട്ടുകൾ പാടി 'കളയുക'യുണ്ടായില്ല. എന്തുകൊണ്ടായിരിക്കാം നാടൻപാട്ടുകൾ മനുഷ്യരെ ഇത്രത്തോളം വശീകരിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഹൃദയത്തെ ആനന്ദിപ്പിക്കുന്ന മനോഹര ഗാനങ്ങളിൽ ഒരു സമൂഹത്തിന്റെ ജീവിതവും വിശ്വാസവും വിനോദവും സങ്കൽപ്പവും എല്ലാമെല്ലാം ഉണ്ടായിരുന്നു. ഏതാനും നാടൻപാട്ടുകളുടെ വരികൾ ശ്രദ്ധിക്കുക. "മുണ്ടകപ്പാടത്തെ നാതൻകുഞ്ഞേ തകതാരോ.... മുണ്ടകൻ കൊയ്യുമ്പോളെവിടിരിക്കും?'' "കറുത്ത പെണ്ണേ കരിങ്കുഴലി നിനക്കൊരുത്തൻ കിഴക്കുദിച്ചേയ്'' "പള്ളിക്കലപ്പന്റെ മോളേ കൊച്ചരിക്കാളീ തകധിമിതാരോ... ചില്ലറമുടിവല്ലെയവളെന്നെ മുടിച്ചു തകധിമിതാരോ...'' "ചുള്ളി ചെറിയ പെണ്ണേ നിന്റെ‐ യാങ്ങളമാരെങ്ങുപോയി...'' ഇങ്ങനെ ഒട്ടനവധി നാടൻപാട്ടുകൾ നമ്മുടെ ഭാഷയിലുണ്ട്. ഗ്രാമജീവിതവും സംസ്കാരവും നാടൻപാട്ടുകളിൽനിന്ന് നമുക്കു മനസ്സിലാക്കാം. മനുഷ്യജീവിതം കടന്നുപോകുന്ന സാഹചര്യങ്ങൾ, തൊഴിൽ, കുടുംബം, കാലാവസ്ഥ, ഉത്സവം തുടങ്ങി എല്ലാ രംഗങ്ങളുമായും നാടൻപാട്ടുകൾക്ക് ബന്ധമുണ്ട്. കളിക്കുന്നതിന്, കുളിക്കുന്നതിന്, ഉത്സാഹിക്കുന്നതിന്, വിനോദങ്ങളിലേർപ്പെടുന്നതിന്, കുട്ടികളെ കുളിപ്പിക്കുന്നതിന്, താരാട്ടുപാടിയുറക്കാൻ, കല്യാണച്ചടങ്ങുകൾക്ക്, ഗർഭബലികർമങ്ങൾക്ക്, മരണാനന്തരക്രിയകൾക്ക്, വിത്തുവിതയ്ക്ക്, ഞാറുനടലിന്, കള പറിക്കുന്നതിന്, ധാന്യം കുത്തുന്നതിന് ഇങ്ങനെ മനുഷ്യപ്രയത്നം ആവശ്യമായിവരുന്ന എല്ലാ സാഹചര്യങ്ങളിലും നാടൻപാട്ടുകൾ ഉപയോഗിച്ചിരുന്നു. അഥവാ ഇത്തരം കാര്യങ്ങൾക്കെല്ലാം നാടോടിപ്പാട്ടുകൾ ഉണ്ടായിരുന്നു എന്നർത്ഥം. ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും മന്ത്രവാദത്തിനും മരണാദി ക്ഷുദ്രകർമങ്ങൾക്കും കണ്ണേറ്, നാവേറ്, യക്ഷികോപം, പക്ഷിപീഡ, സർപ്പകോപം ഇവ തീർക്കാനും പാട്ടുപാടണമായിരുന്നു. അങ്ങനെ ജനനം മുതൽ മരണംവരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാട്ട് അത്യാവശ്യഘടകമായി വന്നു.   നാടൻപാട്ടുകൾ, അനുഷ്ഠാനപരം വിവിധ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നാടോടിപ്പാട്ടുകൾ നമുക്കുണ്ട്. ഒന്നുരണ്ടു പാട്ടുകൾ പരിചയപ്പെടാം. തോറ്റംപാട്ടുകൾ: ദക്ഷിണകേരളത്തിൽ കാളി, കണ്ണകി എന്നിവരെക്കുറിച്ചുള്ള ഗാനങ്ങളെ തോറ്റംപാട്ടുകളെന്നു പറയുന്നു. മധ്യകേരളത്തിൽ അയ്യപ്പനും നാഗങ്ങളുമാണു തോറ്റംപാട്ടിന്റെ വിഷയം. പാണ്ഡവരുടെ കഥയും നിഴൽക്കുത്ത് കഥയും പാലക്കാടുഭാഗത്തെ തോറ്റംപാട്ടുകളിലുണ്ട്. ഉത്തരകേരളത്തിലാണെങ്കിൽ ദേവീദേവന്മാരും യക്ഷഗന്ധർവാദികളും ഭൂതങ്ങളും നാഗങ്ങളും മൺമറഞ്ഞ ദേവന്മാരുമൊക്കെ തോറ്റംപാട്ടുകളിലുണ്ട്. മന്ത്രവാദപ്പാട്ടുകൾ: കേരളത്തിലെ ചില സമുദായങ്ങൾ മന്ത്രവാദം കുലത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. വണ്ണാൻ, മലയൻ, പാണൻ, ഗണകൻ, പുള്ളുവൻ, കോപ്പാളൻ, മാവിലൻ, ചെറുമൻ, പറയൻ, വേലൻ തുടങ്ങിയ ജാതിക്കാർ മാന്ത്രികകർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന വിവിധ തരം പാട്ടുകളെയാണ് മന്ത്രവാദപ്പാട്ടുകളെന്നു പറയുന്നത്.   വിനോദപരമായ  നാടൻ പാട്ടുകൾ വിനോദം എന്ന ലക്ഷ്യം മുൻനിർത്തി നാടൻകളികളുടെ ഭാഗമായി പാടുന്ന പാട്ടുകളാണ് വിനോദഗാനങ്ങൾ.  ചൊവടുകളിപ്പാട്ടുകൾ:  ഉത്തരകേരളത്തിൽ (മലബാറിൽ) ചില ഹരിജനങ്ങളുടെയും ഗിരിജനങ്ങളുടെയുമിടയിൽ നടപ്പുളള വിനോദകലയാണിത്.  കോലടിപ്പാട്ടുകൾ: വിവിധ സമുദായങ്ങൾക്കിടയിൽ വളരെ പ്രചാരമുള്ള വിനോദകലയാണ് കോലടിപ്പാട്ടുകൾ. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മലബാറിലെ മുസ്ലിങ്ങൾക്കും വ്യത്യസ്തമായ കോലടിപ്പാട്ടുകളുണ്ട്. ദഫ്പാട്ടുകൾ: കേരളത്തിലെ മുസ്ലിം സമുദായക്കാർക്കിടയിൽ നിലവിലുള്ള വിനോദകലയാണ് ദഫ്മുട്ടുകളി. ദപ്പ് (ദഫ്) എന്ന വാദ്യോപകരണം മുട്ടിക്കൊണ്ട് പാടിയാടിക്കളിക്കുന്നതാണ് ദഫ് കളി. ഓണപ്പാട്ട്: നമ്മുടെ ഓണവുമായി ബന്ധമുള്ള എല്ലാവർക്കുമറിയാവുന്ന ഒരോണപ്പാട്ടുണ്ട്. "മാവേലിനാടുവാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തെങ്ങാർക്കുമൊട്ടില്ലതാനും ആധികൾ വ്യാധികൾ, ഒന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല   കൈപ്പടം കുത്തിക്കളി: ഈ കളിയിൽ പങ്കെടുക്കുന്ന ആളുകളെല്ലാം വട്ടത്തിലിരിക്കുന്നു. എല്ലാവരും കൈപ്പടങ്ങൾ കമിഴ്ത്തിവെക്കണം. അടുത്തടുത്ത് മുട്ടിച്ച് വൃത്തത്തിലാണ് ഈ കൈപ്പടങ്ങൾ വയ്ക്കേണ്ടത്. കൂട്ടത്തിൽനിന്ന് ഒരാൾ പാട്ടുപാടി വലതുകൈ മുഷ്ടി ചുരുട്ടി ഓരോ കൈപ്പടത്തിലും കുത്തുവീഴുന്നു. പാട്ടിലെ അവസാനത്തെ വാക്ക് ഉച്ചരിക്കുമ്പോൾ ഏതു കൈപ്പടത്തിലാണോ കുത്തു പതിഞ്ഞത്, ആ കൈപ്പടം മലർത്തിവെക്കുന്നു. പാട്ടും കുത്തും പിന്നെയും തുടരും. മലർത്തിവെച്ച കൈകളിൽ പാട്ടിന്റെ അവസാന വാക്കിനൊപ്പം കുത്തുവീഴുമ്പോൾ കൈപ്പടം കൂട്ടത്തിൽനിന്നു പുറത്താകുന്നു. അങ്ങനെ അവസാനം മാറ്റപ്പെടാൻ അവശേഷിക്കുന്ന കൈപ്പടമുള്ള ആളായിരിക്കും കാക്ക അല്ലെങ്കിൽ കണ്ണു പൊത്തേണ്ട ആൾ. 1."അത്തി/കുത്തി/പ്പതി/നാറ് ആര്/പറഞ്ഞു/പതി/നാറ് ഞാൻ/പറഞ്ഞു/ പതി/നാറ് പതിനാ/റില്ലെങ്കി/ലെണ്ണിക്കോ'' മുതിർന്ന ആളുകൾ കുട്ടികളെ കളിപ്പിക്കുവാൻ പാട്ടു പാടാറുണ്ട്. അതും വിനോദഗാനങ്ങളാണ്. കുഞ്ഞുങ്ങളുടെ ഉള്ളംകൈയിൽ മുതിർന്നവർ ഉള്ളംകൈ മുട്ടിച്ച് പാടുന്ന പാട്ട് താഴെക്കൊടുക്കാം. "തപ്പോതപ്പോ തപ്പാണി തപ്പുകുടുക്കേലെന്തുണ്ട് മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാൻ തേനുണ്ട് തേൻ കുടിക്കാൻ വണ്ടുണ്ട് വണ്ടിനിരിക്കാൻ പൂവുണ്ട് പൂ ചൂടാനമ്മയുണ്ട് അമ്മയ്ക്കെടുക്കാൻ കുഞ്ഞുണ്ട്.'' കൃഷിപ്പാട്ട് കൃഷിയുമായി ബന്ധമുള്ള തൊഴിൽ ചെയ്യുമ്പോൾ പാടുന്ന പാട്ടുകളാണ് കൃഷിപ്പാട്ടുകൾ. കാർഷികവൃത്തിയുടെ എല്ലാ ഘട്ടങ്ങളെയും വർണിക്കുന്ന ഇത്തരം പാട്ടുകൾ വളരെ ലളിതമാണ്. 1. കിളപ്പാട്ട് "ഒത്തുകെളക്കിനെടോ തിന്തിത്താരാ... ഒരുമിച്ചു കെടക്കിനെടോ തിന്തിത്താരാ... എങ്ങനെ കെളക്കിണുണ്ടേ തിന്തിത്താരാ... അങ്ങനെ കെളക്കിണുണ്ടേ തിന്തിത്താരാ... തെക്കൊള്ള കെളകെളച്ചേ തിന്തിത്താരാ... വടക്കൊള്ള കെളകെളച്ചേ തിന്തിത്താരാ...'' 2. വിത്തിടീൽപാട്ട് "ഒന്നാം കണ്ടം പൊടിപറന്നേ ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ രണ്ടാം കണ്ടം പൊടിപറന്നേ രണ്ടരവിത്തു വലിച്ചെറിഞ്ഞേ 3. ഞാറ്റുപാട്ട് "മാരിമഴകൾ നനഞ്ചേ‐ചെറു വയലുകളൊക്കെ നനഞ്ചേ പൂട്ടിയൊരുക്കിപ്പറഞ്ചേ‐ചെറു ഞാറുകൾ കെട്ടിയെറിഞ്ചേ‐ ഓമല, ചെന്തില, മാല‐ചെറു‐ കണ്ണമ്മ, കാളി, കറുമ്പി ചാത്ത, ചടയമാരായ‐ചെറു‐ മത്തികളെല്ലാരും വന്തേ വന്തുനിരന്തവർ നിന്റേ‐കെട്ടി ഞാറെല്ലാം കെട്ടിപ്പകുത്തേ'' 4. തേക്കുപാട്ട് "തത്തന്നം ത്തതതന്നം താരോ തകതിന്തിന്നം തിത്തെയ്യം താരോ കാന്താരിയമ്മച്ചി പണ്ടേ പഞ്ചപാണ്ഡവന്മാരെ ചതിക്കാൻ തമ്പ്രതായങ്ങളും ചെയ്തേ അതു ഞാനെങ്ങനറിവെടിപാമേ മക്കളേ ഭീമധർമ്മജാ...'' 5. കൊയ്ത്തുപാട്ട് "ഒരുപോളം തിരിനീട്ടീട്ടരിഞ്ഞുവെച്ചേ ചെറുമനും ചെറുമന്റെ കറുമ്പിപ്പെണ്ണും അയകൊള്ള വയലെല്ലാം കതിരണിഞ്ഞേ കതിരൊള്ള വയലെല്ലാം കൊയ്തെടുത്തേ.'' പണിപ്പാട്ടുകൾ അദ്ധ്വാനഭാരംകൊണ്ടു ശരീരത്തിനുണ്ടാകുന്ന ക്ഷീണം, മനസ്സിന്റെ അസ്വസ്ഥത ഇവ മറക്കുന്നതിനുവേണ്ടി അഥവാ കുറയ്ക്കുന്നതിനുവേണ്ടി  പാടിയിരുന്ന പാട്ടുകളാണ് പണിപ്പാട്ടുകൾ. വണ്ടി വലിക്കുമ്പോൾ പാടുന്ന വണ്ടിപ്പാട്ടുകളും കുട്ട (വട്ടി) നെയ്യുമ്പോൾ പാടുന്ന വട്ടിപ്പാട്ടുകളും കിളച്ചു വിത്തുവിതയ്ക്കുമ്പോൾ പാടുന്ന വിത്തുകിളപ്പാട്ടുകളും തിന കുത്തുമ്പോൾ പാടുന്ന തിനപ്പാട്ടുകളും വെള്ളം തേകുമ്പോൾ പാടുന്ന തേക്കുപാട്ടുകളും പാറപൊട്ടിക്കുമ്പോൾ പാടുന്ന ഗാനങ്ങളുമെല്ലാം പണിപ്പാട്ടുകളാണ്. ജോലിചെയ്യുന്നവർക്ക് ആശ്വാസമാകുന്ന ഇത്തരം പാട്ടുകളിൽ അർത്ഥപൂർണതയോ ആശയഗാംഭീര്യമോ ഉണ്ടാകില്ല. എന്നാൽ താളബോധത്തോടെ പാടുമ്പോൾ ഉണ്ടാകുന്ന രസം മനസ്സിലാക്കി തൊഴിൽ ചെയ്യുന്നതിന്റെ ക്രമവും വേഗവുമനുസരിച്ച് ഇവ പാടുകയാണു ചെയ്യുന്നത്. വടക്കൻപാട്ടുകൾ പണ്ട് ജീവിച്ചിരുന്ന വീരന്മാരുടെ സാഹസിക കഥകളെ വർണിക്കുന്ന പ്രസിദ്ധിയാർജ്ജിച്ച ഗാനങ്ങളാണ് വടക്കൻപാട്ടുകൾ. വിവിധ കളരികൾ, അഭ്യാസമുറകൾ, അങ്കം, പട, കുടിപ്പക തുടങ്ങിയ കളരിസംസ്കാരത്തിന്റെ വിവിധവശങ്ങൾ വടക്കൻപാട്ടുകളിൽനിന്ന് മനസ്സിലാക്കാം. വീരകഥാപ്പാട്ടുകളും പ്രേമകഥാപ്പാട്ടുകളും ശോകകഥാപ്പാട്ടുകളും അത്ഭുതകഥാപ്പാട്ടുകളും നർമ്മകഥാപ്പാട്ടുകളും കാണാം.  വടക്കൻ പാട്ടുകൾ മൂന്നുവിധമുണ്ട്. 1. തച്ചോളിപ്പാട്ടുകൾ: തച്ചോളിത്തറവാടുമായി ബന്ധമുള്ള പാട്ടുകളാണിത്. തച്ചോളി മാണിക്കോത്ത് തറവാട്ടിലെ ഒതേനൻ പ്രസിദ്ധനായ പടയാളിയായിരുന്നു. അദ്ദേഹത്തിന്റെ മരുമകനായിരുന്നു തച്ചോളിച്ചന്തു. അഭ്യാസമിടുക്കും ശരീരബലവുമുള്ളവർക്ക് പ്രമുഖസ്ഥാനമുണ്ടായിരുന്ന ഒരു സമൂഹത്തെ ഈ പാട്ടുകളിൽ കാണാം. തച്ചോളി ഒതേനൻ പൊന്നിയൻപടയ്ക്കുപോയ പാട്ടിലെ ഏതാനും വരികൾ: "തച്ചോളിയോമന കുഞ്ഞി ഒതേനൻ  ആചാരത്തോടെയടക്കത്തോടെ ചിത്രത്തൂണുമൊളിമറഞ്ഞു മോതിരക്കയ്യാലെ വായുംപൊത്തി ഏട്ടനോടല്ലെ പറയുന്നതു ഒലവണ്ണൂർ കാവിൽ ഭഗവതിക്ക് കാവൂട്ടും വേലയടുത്തുപോയി കിഴക്കെ നടയ്ക്കൽ തിരുമുമ്പിലും പന്തൽപണിക്കുറ്റം തീരവേണം ഏട്ടനന്നേരം പറയുന്നല്ലോ അപ്പണി നീ പോയെടുപ്പിക്കേണം''  പുത്തൂരം പാട്ടുകൾ: പുത്തൂരം കുടുംബത്തെപ്പറ്റിയുള്ള പാട്ടുകളാണിത്. ആരോമൽച്ചേകവർ, സഹോദരി ഉണ്ണിയാർച്ച, ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി എന്നിവരുടെ ജീവിതം വ്യക്തമായി നമുക്കുലഭിക്കുന്നത് പുത്തൂരം പാട്ടുകളിൽനിന്നാണ്. ആരോമൽച്ചേകവർ പുത്തരിയങ്കം വെട്ടിയകഥ നമ്മളിൽ ചിലരൊക്കെ കേട്ടിരിക്കും. അതുപോലെതന്നെ ഉണ്ണിയാർച്ച കൂത്തുകാണാൻ പോയതും അമ്മാവനെ ചതിയിൽ കൊലപ്പെടുത്തിയ ചന്തുവിനോട് ആരോമലുണ്ണി പകതീർക്കുന്നതുമൊക്കെ പുത്തൂരം പാട്ടിലെ ഹൃദയസ്പർശിയായ കഥകളാണ്. ഒറ്റപ്പെട്ട പാട്ടുകൾ: പയ്യമ്പള്ളിചന്തു, പാലാട്ടുകോമൻ, പുതുനാടൻ കേളു, കരുമ്പറമ്പിൽ കണ്ണൻ, കാളിയാപുരത്ത് കാളിമങ്ക തുടങ്ങി ചെങ്ങന്നൂർ കുഞ്ഞാതി എന്നിങ്ങനെ ധാരാളം വീരപുരുഷന്മാരെയും ധീരവനിതകളെയും പ്രതിപാദിക്കുന്ന പാട്ടുകൾ മിക്കതും ശേഖരിക്കപ്പെട്ടിട്ടില്ല. ഇവയെ ഒറ്റപ്പെട്ട പാട്ടുകൾ എന്നു വിളിക്കുന്നു. തെക്കൻപാട്ടുകൾ തെക്കൻ തിരുവിതാംകൂറിൽ പ്രചാരത്തിലുള്ള കഥാഗാനങ്ങളാണ് തെക്കൻപാട്ടുകൾ. പഴയ തമിഴ് കലർന്ന ഭാഷയിലാണ് അവ രചിക്കപ്പെട്ടിട്ടുള്ളത്.         Read on deshabhimani.com

Related News