അണുയുദ്ധത്തിൽ വിജയികളില്ല അതിനന്ത്യത്തിൽ ജീവിതവും  എഴുപത്തിമൂന്ന്‌ വർഷം മുമ്പായിരുന്നു അത്‌.  ജപ്പാനിലെ ഹിരോഷിമ നഗരം അമേരിക്ക വർഷിച്ച ആണവബോംബിനെ തുടർന്ന് തകർന്നടിഞ്ഞു. 1945 ആഗസ്ത് ആറിന് മൂന്നര ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ രണ്ട് ലക്ഷം പേരും 1950 ഒക്ടോബറാകുമ്പോഴേക്കും മരണമടഞ്ഞു.  സ്ഫോടനം നടന്ന കേന്ദ്രത്തിന്റെ (ഹൈപോസെന്റർ) നാല് കിലോമീറ്റർ ചുറ്റളവിലുള്ള ഹിരോഷിമയിലെ 76000 കെട്ടിടങ്ങളിൽ 92 ശതമാനവും കത്തിയമർന്നു. (ഭൂമിയിൽനിന്ന് 580 മീറ്റർ ഉയരത്തിൽവച്ചാണ് ഹിരോഷിമയിൽ ബോംബ് പൊട്ടിത്തെറിച്ചത്.  15 കിലോ ടൺ ടിഎൻടി സ്ഫോടകശേഷിയുള്ള ഇത്തരം ബോംബുകൾക്ക് പരമാവധി നാശം സൃഷ്ടിക്കാൻ കഴിയുന്ന കൃത്യമായ ഉയരത്തിലാണ് (ഓപ് റ്റിമം) സ്ഫോടനം നടന്നത്. ഹിരോഷിമ നഗരത്തിലെ 13 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുള്ള എല്ലാം പൂർണമായും നശിച്ചു.  1945 ആഗസ്ത് ഒമ്പതിന് നാഗസാക്കി നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യംവഹിച്ചു.  270000 ത്തോളം വരുന്ന ജനസംഖ്യയിൽ 140000 പേരും അഞ്ച് വർഷത്തിനകം മരണമടഞ്ഞു.  നാഗസാക്കിയിൽ 6.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പൂർണമായും നശിച്ചു. (കൂടുതൽ നശീകരണശേഷിയുള്ള  ബോംബായിരുന്നു നാഗസാക്കിയിലേത്.  22 കിലോ ടൺ ടിഎൻടിയായിരുന്നു അതിന്റെ സ്ഫോടനശേഷി. എന്നാൽ, ശരിയായ ഉയരത്തിൽവച്ചല്ല (ഓപ്റ്റിമം ഹൈറ്റ്) ഈ ആണവബോംബ് സ്ഫോടനം നടന്നത് എന്നതിനാലാണ് നാശനഷ്ടം ആപേക്ഷികമായി കുറഞ്ഞത്. മാത്രമല്ല, നഗരത്തിന്റെ ഒരുഭാഗത്തുണ്ടായിരുന്ന കുന്നുകൾ ആ പ്രദേശത്തെ സംരക്ഷിക്കുകയും ചെയ്തു. അണുയുദ്ധത്തിന്റെ പരിണാമം (എ) പെട്ടെന്നുണ്ടാകുന്ന വൻനാശം (സ്ഫോടനം, തീ, ആണവ വികരണം എന്നിവ വഴി), (ബി) സാമൂഹ്യജീവിതത്തിന്റെ എല്ലാ ഭാവങ്ങളുടെയും വകതിരിവില്ലാത്തതും ക്ഷണികവുമായ നാശം, (സി) 'മാലിന്യത്തിൽ വീഴ്ത്തപ്പെട്ട സമൂഹ'ത്തിന്റെ സങ്കീർണവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ സാമൂഹ്യവും മനഃശാസ്ത്രപരവുമായ പ്രശ്നങ്ങൾ എന്നിവയാണവ.  അണുബോംബുകൾ പുറത്തുവിട്ട ഊർജത്തിന്റെ ശരാശരി 35 ശതമാനം തെർമൽ റേഡിയേഷനായും 50 ശതമാനം സ്ഫോടനമായും ബാക്കി 15 ശതമാനം ആണവ വികിരണമായും മാറി.      Read on deshabhimani.com

Related News