സ്വപ്നച്ചിറകുള്ള ചക്രക്കസേരകൾ

ജിമിയും സിമിയും


കബനിയുടെ കാറ്റേറ്റ് കുളിർക്കുന്ന വയനാട്ടിലെ കബനിഗിരി ഗ്രാമം. അവിടെ നടവഴിയിൽ കണ്ണുനട്ട് സുന്ദരിയായ പെൺകുട്ടി വീടിന്റെ പൂമുഖത്ത് നിൽക്കുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികളോട് തെല്ല് അസൂയയുണ്ട് അവൾക്ക്. സ്‌കൂളിൽ ചേർക്കേണ്ട പ്രായം കഴിഞ്ഞിട്ടും അവർക്കൊപ്പം പോകാനാകുന്നില്ല അവൾക്ക്. ചുമരും വാതിലും പിടിച്ച് വേച്ചുവേച്ചാണെങ്കിലും എന്നും രാവിലെ ഒമ്പതരയ്ക്ക് അവൾ പൂമുഖത്ത് എത്തും. മഴയത്ത് വർണക്കുട ചൂടി ചെളിവെള്ളം തെറ്റിത്തെറിപ്പിച്ച് സ്‌കൂളിൽ പോകുന്നവരെ കാണാൻ, അവരുടെ കലപിലകൾക്ക് ചെവിയോർക്കാൻ. അനിയത്തി സുമിയെ സ്‌കൂളിലേക്ക് യാത്രയാക്കുമ്പോൾ അവളുടെ കണ്ണ് നിറയും. തനിക്കും അങ്ങനെ പോകാനാകുന്നില്ലെന്നോർത്ത് പാമ്പനാനിക്കൽ വീട്ടിലെ ജിമി എന്ന പെൺകുട്ടി നെടുവീർപ്പിടും. കുട്ടികൾ കണ്ണിൽനിന്ന് മറഞ്ഞാൽ വാടിയ മുഖവുമായി വീടിനുള്ളിലേക്ക്. ക്ലോക്കിൽ 4.15 ആകാനുള്ള കാത്തിരിപ്പാണ് പിന്നെ. വൈകിട്ട് അഴുക്കിൽ പുരണ്ട യൂണിഫോമുമായി ഓടിച്ചാടി വീട്ടിലേക്ക് പോകുന്നവരെ കാണാനുള്ള കാത്തിരിപ്പ്. ഉച്ചയൂണ് ടിഫിൻ ബോക്‌സിൽതന്നെ വേണം ജിമിക്ക്. സ്‌കൂളിൽ പോകാൻ കഴിയാത്ത വേദന മറക്കാൻ.    ജിമിയുടെയും സുമിയുടെയും അമ്മ മേരി വർഷങ്ങൾക്കപ്പുറത്തുള്ള ഓർമകളുടെ ചിറകിലാണ്. അപ്പോഴേക്കും കോഴിക്കോട് ജെഡിടി ഇസ്ലാം വിദ്യാഭ്യാസ സമുച്ചയത്തിന്റെ വരാന്തയിൽനിന്ന് 'മമ്മീ' എന്ന വിളി. സംസാരം പാതിനിർത്തി മക്കളുടെ അരികിലേക്ക്. അതിനിടെ ഗ്രൗണ്ടിലൂടെ പോകുന്ന കുട്ടികൾ ജിമി മിസ്സിനോടും സുമി മിസ്സിനോടും ചിരിച്ച് കൈവീശി, അവരോട് ചിരിച്ച് സ്വയം നിയന്ത്രിക്കാവുന്ന വീൽചെയറിൽ ഇരുവരും അമ്മയ്ക്കരികിലേക്കെത്തി. ജിമിയുടെ കണ്ണിൽ പൊടിവീണതാണ്. കണ്ണും മുഖവും തുടച്ച് കണ്ണട ശരിയാക്കി.    മേരി പാതിയാക്കിയിടത്തുനിന്ന് ജിമി തുടങ്ങി. കൂട്ടുകാർ സ്‌കൂളിൽ പോകുന്നത് സങ്കടത്തോടെ നോക്കിനിന്നത്, പരീക്ഷയ്ക്ക് പോകുമ്പോൾ കൊതിതീരാതെ ക്ലാസ്മുറികളെ നോക്കിനിന്നത്, ശരീരം തളർന്നിട്ടും ശാസ്ത്രലോകത്തിന് അത്ഭുതമായ സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലെയാകാൻ കൊതിച്ചത്, വീടെന്ന വലിയ സ്‌കൂളിൽനിന്ന് നേടിയ അറിവിന്റെ ബലത്തിൽ ബിരുദപരീക്ഷയ്ക്ക്് ഒന്നാംറാങ്ക് നേടിയത്. ജിമിയും സുമിയും ഇന്ന് ജെഡിടി വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകർ. മേരി ഹോസ്റ്റലിലെ എല്ലാവരുടെയും അമ്മയും വാർഡനും. ഒരെഴുത്തിനും ചിത്രത്തിനും പൂർണമായി പകർത്താനാകാത്ത ജീവിത അധ്യായങ്ങൾ അവർ മെല്ലെ മറിച്ചു.   കളിമുറ്റത്തുനിന്ന് വീൽചെയറിലേക്ക് ചേച്ചിയും അനിയത്തിയും നല്ല കൂട്ടായിരുന്നു. ജിമി ഓടുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു തുടക്കം. അഞ്ചാംവയസ്സിൽ. ആദ്യമൊക്കെ എഴുന്നേൽക്കാൻ കഴിയുമായിരുന്നു. പിന്നെ പിടിച്ച് എഴുന്നേൽപ്പിക്കേണ്ടിവന്നു. പേശികളെ ബാധിക്കുന്ന 'മാസ്‌കുലാർ ഡിസ്ട്രോപി' എന്ന അസുഖം. കൂലിപ്പണിക്കാരനായ ജോൺ മകളുടെ ചികിത്സയ്ക്കായി  നെട്ടോട്ടമോടുന്നതിനിടെ സുമിയിലും സമാനലക്ഷണങ്ങൾ. ജോണും മേരിയും സമീപിക്കാത്ത ചികിത്സാശാഖയില്ല. ഒമ്പതാംവയസ്സിൽ ജിമിയും 13ാംവയസ്സിൽ സുമിയും ചക്രക്കസേരയെ ജീവിതത്തോട് ചേർത്തു.     നേഴ്‌സറി ക്ലാസിൽ ചേർന്ന കാലത്തുതന്നെ രോഗലക്ഷണങ്ങൾ തലപൊക്കി. കുറച്ചുനടക്കുമ്പോഴേക്കും തളരും. നടക്കാനുള്ള മടിയാണെന്നാണ് അച്ഛനുമമ്മയും ആദ്യം കരുതിയത്. ഡോക്ടർമാരും പറഞ്ഞു, അസുഖമൊന്നുമില്ലെന്ന്. പതിയെ രോഗം മേൽക്കൈ നേടി. വെള്ളം കുടിക്കാനും കിടക്കാനും പരസഹായം വേണം. എഴുന്നേറ്റിരിക്കാനാകില്ല. സുമിയെ  കുറെക്കൂടി വൈകിയാണ് രോഗം പിടികൂടിയത്. ഏഴാംക്ലാസ്‌വരെ സ്‌കൂളിൽ പഠിക്കാൻ സുമിക്കായി. തീരെ അവശയായതോടെ എട്ടാംക്ലാസ് മുതൽ പഠനം വീട്ടിലാക്കി. പണമുണ്ടെങ്കിൽ വാഹനത്തിൽ ദിവസവും ഇവരെ സ്‌കൂളിലെത്തിച്ച് പഠിപ്പിക്കാം. ചികിത്സയ്ക്കായി ഭൂമിവരെ വിറ്റ ജോണിനും മേരിക്കും അതിന് നിർവാഹമില്ല. യാഥാർഥ്യങ്ങളോട് പിണങ്ങി മാറിനിൽക്കാനല്ല, പോരാടി വിജയിക്കാൻ മമ്മിയും പപ്പയും കുട്ടികൾക്ക് വഴികാട്ടി. വീടായി അവരുടെ വലിയ വിദ്യാലയം. പ്രകൃതി സർവകലാശാലയും അടുക്കള ലേബാറട്ടറിയുമായി. കുറെയൊക്കെ തനിച്ച് പഠിക്കും. ബാക്കി മേരിയും ജോണും പറഞ്ഞുകൊടുക്കും. സ്പൂൺ ഉയർത്തിക്കാട്ടി കോൺവെക്‌സ്, കോൺകേവ് ലെൻസുകളെപ്പറ്റി മമ്മി പറഞ്ഞുതന്നത് ജിമിയും സുമിയും ചിരിയോടെ ഓർക്കുന്നു. വെള്ളക്കടലാസിൽ ചെമ്പരത്തി തേച്ച് ലിറ്റ്മസാക്കാനും തൊടിയിൽനിന്ന് തൊട്ടാവാടി കാണിച്ച് റിഫ്‌ളക്‌സ് പ്രവർത്തനം പഠിപ്പിക്കാനും മേരി അധ്യാപികയുടെ വേഷമണിഞ്ഞു. കബനിഗിരി നിർമല സ്‌കൂളിലായിരുന്നു യുപിമുതൽ പരീക്ഷ എഴുതിയത്. ഹൈസ്‌കൂൾ ക്ലാസിലായതോടെ നിർമല സ്‌കൂളിലെ അധ്യാപകരെത്തി കംപ്യൂട്ടർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംശയങ്ങൾ തീർത്തു. മധു, ബിനു എന്നീ അധ്യാപകർ സഹായവുമായി എപ്പോഴുമെത്തി. നിർമല സ്‌കൂൾ ഇവർക്ക് പഠിക്കാൻ കംപ്യൂട്ടറും ആവോളം പിന്തുണയും നൽകി. ഓരോ പരീക്ഷയും ജീവിതത്തോടുള്ള മത്സരം. രോഗത്തോടുള്ള പോരാട്ടം. സ്വപ്‌നങ്ങൾ വീണ്ടെടുക്കാനുള്ള പരീക്ഷണം. ജനലുകളും വാതിലുകളും മലർക്കെ തുറന്ന് വീൽചെയറിൽ ആകാശത്തേക്ക് പറക്കണമെന്ന് ഉറപ്പിച്ചു അവർ.    എസ്എസ്എൽസിക്ക് ജിമി നേടിയത് 90 ശതമാനം മാർക്ക്, സുമിക്ക് 80 ശതമാനവും. സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കാൻ സാമ്പത്തികസ്ഥിതി തടസ്സമായി. പിന്നീട് ഹ്യുമാനിറ്റീസ് എടുത്ത് വീട്ടിൽനിന്നുതന്നെ പ്ലസ്ടു പഠനം. അവിടെയും അവർ അസുഖത്തെ പരാജയപ്പെടുത്തി. ജിമിക്ക് 85 ശതമാനം മാർക്ക്. സിമിക്ക് 76 ശതമാനവും. ഇതിനിടെ ഗ്ലാസ് പെയിന്റിങ്ങും കരകൗശലവസ്തു നിർമാണവും സ്വയം പഠിച്ചു.    പഠനം നിഷേധിച്ചവർക്ക് മറുപടി ഒന്നാംറാങ്ക് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ ഇവർക്ക് പുൽപ്പള്ളിക്കുസമീപത്തെ ഒരു കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. ദിവസവും ക്ലാസിൽ വരാൻ പറ്റുന്നവർക്കേ പ്രവേശനമുള്ളൂ, ജിമിക്കും സിമിക്കും അതിനുള്ള യോഗ്യതയില്ല കോളേജ് അധികൃതർ തീർത്തുപറഞ്ഞു. സമാന്തര വിദ്യാഭ്യാസത്തിനും ഒരുപാട് കടമ്പകൾ. പഠനമോഹം കരിഞ്ഞുണങ്ങിയോ എന്ന് ഇരുവരും ആശങ്കപ്പെട്ടു. പഠിച്ചത് മതിയെന്ന് മേരിയും ജോണും മക്കളോട് സങ്കടത്തോടെ പറഞ്ഞു. ആത്മീയഗ്രന്ഥങ്ങൾ വായിച്ച് വീട്ടിലിരിക്കാമെന്ന് തീരുമാനിച്ചുറച്ച ദിവസങ്ങൾ. എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടിയിൽ തുടർപഠനത്തിന് അവസരം ലഭിച്ചത്. പഠനവും താമസവും ഭക്ഷണവുമെല്ലാം സൗജന്യം. അവസരം പാഴാക്കാതെ ഇരുവരും ജെഡിടിയിലേക്ക്. രണ്ടുപേരും ബിഎംഎംസി (ബാച്ചിലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ) കോഴ്‌സിന് ചേർന്നു. ജെഡിടി വൈസ് പ്രസിഡന്റ് തോട്ടത്തിൽ റഷീദിന് ഈ കുടുംബവുമായുള്ള പരിചയമാണ് അതിന് അവസരമൊരുക്കിയത്. ചെയർമാൻ സി പി കുഞ്ഞുമുഹമ്മദും ഇവർക്ക് തുണയായി. തള്ളിനീക്കേണ്ട വീൽചെയറിനുപകരം വിലകൂടിയ സ്വയം നിയന്ത്രിക്കാവുന്ന വീൽചെയറുകൾ നൽകി. ക്യാംപസിൽ ഇവർക്ക് സഞ്ചരിക്കാനായി റാംപുകളും ലിഫ്റ്റുകളും ഒരുക്കി. പഠിക്കാൻ ലാപ്‌ടോപ്പുകളും നൽകി. കൈ കൂടുതൽ ഉയർത്താൻ കഴിയാത്തിനാൽ ഇരുവർക്കും ഉപയോഗിക്കാനുതുകുന്ന മേശയും നൽകി.    വെള്ളിമാടുകുന്ന് നൽകിയ കുന്നോളം സ്‌നേഹത്തിന്റെ തണലിൽ മൂന്നുവർഷം കഠിനമായ പഠനം. ഫൈനൽ പരീക്ഷയുടെ ഫലം വന്നപ്പോൾ ജിമിക്ക് ഒന്നാംറാങ്ക്, സുമിക്ക് ഫസ്റ്റ്ക്ലാസ്. തുടർന്ന് ഇരുവരും എംഎ മൾട്ടിമീഡിയ കോഴ്‌സും ഉന്നതവിജയത്തോടെ പൂർത്തീകരിച്ചു. പിന്നീട് ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകരായി. 2016ൽ ഈസ്റ്റേൺ ഭൂമിക അവാർഡും യെസ് ബാങ്ക് അവാർഡും ഇവരെ തേടിയെത്തി. പഠനത്തിനിടെ ‘ലൈഫ് ഓൺ വീൽസ്' എന്ന ഡോക്യുമെന്ററിയും ജിമിയും സുമിയും തയ്യാറാക്കി.    ക്യാംപസിലെ അമ്മ  കുട്ടികൾക്കായി മേരി വീടും നാടും വിട്ട് ജെഡിടിയിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷം ഏഴായി. അസുഖം വന്നതുമുതൽ അവർക്ക് എല്ലാം അമ്മയാണ്. ഇവർക്കൊപ്പം ഹോസ്റ്റൽമുറിയിലാണ് അമ്മയുടെ താമസം. പല്ലുതേയ്ക്കുന്നതുമുതൽ രാത്രി കിടക്കുന്നതുവരെ ഇവർക്ക് മമ്മിയില്ലാതെ പറ്റില്ല. വെള്ളിമാടുകുന്നിലെ ആ ഹോസ്റ്റൽമുറിയിൽ ഏറ്റവും ഉയർന്നുകേൾക്കുന്ന വാക്കും 'മമ്മീ' എന്നതാകും. 'അമ്മയില്ലെങ്കിൽ ഞങ്ങളില്ല. അമ്മയുടെ ഊർജമാണ് ഞങ്ങളുടെ എല്ലാ നേട്ടത്തിനുപിന്നിലും. പഠനവും ജോലിയും ഭക്ഷണവും വെള്ളവുമടക്കം എല്ലാ കാര്യവും നോക്കാൻ അമ്മ വേണം. എത്ര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അമ്മയ്ക്ക് പ്രത്യേക ശക്തി കിട്ടുന്നപോലെ തോന്നും. വീട്ടിൽനിന്ന് അറിവ് നേടാനുള്ള എല്ലാ പ്രചോദനവും സഹായവും തന്ന് തങ്ങളെ ഇവിടെയെത്തിച്ചത് പപ്പയും മമ്മിയുമാണ്. അവരില്ലെങ്കിൽ ഞങ്ങളില്ല, ഞങ്ങളുടെ ആഗ്രഹങ്ങളില്ല, വിദ്യാഭ്യാസമില്ല' ഇരുവരും പറഞ്ഞു.    വിദ്യാർഥികളിൽനിന്ന് ജിമിക്കും സുമിക്കും ലഭിക്കുന്നു അളവറ്റ സ്‌നേഹം. ഈ അധ്യാപികമാർക്ക് എന്താണ് വേണ്ടതെന്ന് പറയാതെതന്നെ അവർക്കറിയാം. ക്ലാസിലേക്ക് വീൽചെയറിൽ റാംപിലൂടെ എത്തുമ്പോൾ തുടങ്ങും അവരുടെ കരുതലും ശ്രദ്ധയും. മൈക്രോഫോൺ കണക്ട് ചെയ്യുന്നതും പ്രൊജക്ടറും മറ്റും സജ്ജീകരിക്കുന്നതും കുട്ടികൾ.     സർക്കാർജോലിയെന്ന സ്വപ്‌നം പഠനം തുടരണമെന്നാണ് ഇരുവർക്കും മോഹം. യാത്ര അനിവാര്യമായതിനാൽ ഗവേഷണമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. ജീവിതത്തിന് കുറച്ചുകൂടി സുരക്ഷിതത്വം നൽകാനായി ഒരു സർക്കാർജോലിയാണ് സ്വപ്‌നം. പപ്പയ്ക്കും മമ്മിക്കും ആരോഗ്യപ്രശ്‌നങ്ങൾ ഏറെയാണ്. കുറച്ചുമുമ്പ് വീണ് നട്ടെല്ലിന് ക്ഷതമേറ്റതിനാൽ പപ്പ ഇപ്പോൾ ജോലിക്ക് പോകാറില്ല. ഗർഭാശയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അസ്വസ്ഥതകൾ മേരിയെയും അലട്ടുന്നു. പിഎസ്‌സി, യുജിസി നെറ്റ് പോലുള്ള പരീക്ഷകൾക്ക് ദൂരസ്ഥലങ്ങളിലും പല സമയങ്ങളിലുമായാണ് കേന്ദ്രങ്ങൾ.  ഇതിനൊരു പരിഹാരവും ആഗ്രഹിക്കുന്നു ഈ മിടുക്കികൾ.       Read on deshabhimani.com

Related News