കരുത്തിന്റെ കറുത്തവര

ഗിരീഷ്‌ മൂഴിപ്പാടം വരച്ച സച്ചിദാനന്ദന്റെ കാരിക്കേച്ചർ


കാർട്ടൂണുകളും കാരിക്കേച്ചറുകളും ചിരിയിലൂടെയും കൗതുകത്തിലൂടെയും ആസ്വാദകനിൽ ഉണർത്തുന്നത് കറതീർന്ന രാഷ്ട്രീയ ചിന്ത തന്നെയാണ്. നൊമ്പരപ്പെടുത്തുന്ന ഒരു ചിത്രത്തെക്കാൾ, ചിന്തകളെ തീപിടിപ്പിക്കുന്ന ഉപന്യാസത്തെക്കാൾ, ബുദ്ധിയെ കീഴ്മേൽ മറിക്കുന്ന പ്രഭാഷണവശ്യതയെക്കാൾ ബോധപൂർവം ആസ്വാദകനെ ത്രസിപ്പിക്കുന്നത് വിരലിലെണ്ണാവുന്ന വരകളിൽ പൂർത്തിയാകുന്ന കാർട്ടൂണോ കാരിക്കേച്ചറോതന്നെ. കറുത്ത മൂർച്ചയുള്ള കോറലുകളുടെ ശക്തി തിരിച്ചറിഞ്ഞാണ് മലപ്പുറം അരീക്കോട് സ്വദേശി ഗിരീഷ് മൂഴിപ്പാടം ചിത്രകലയിൽനിന്ന് കാർട്ടൂണിലേക്കും കാരിക്കേച്ചർ രചനയിലേക്കും അൽപ്പം വഴിതിരിഞ്ഞതെന്നും പറയാം.  രണ്ട് ദിനപത്രങ്ങളിൽ പതിവായി പോക്കറ്റ് കാർട്ടൂൺ വരയ്ക്കുന്ന ഗിരീഷ് ചിത്രകലാധ്യാപകൻകൂടിയാണ്. ചിത്രംവരയിൽ കുട്ടിക്കാലംമുതൽക്കേ താൽപ്പര്യമുണ്ട്. നാട്ടിലെ വായനശാലയിൽ വരുത്തിയിരുന്ന പത്രമാസികകളിലെ രേഖാചിത്രങ്ങളും കാർട്ടൂണുകളുമാണ് ആ കമ്പം വളർത്തിയത്. ചായങ്ങളും വരയുപകരണങ്ങളുമൊക്കെ വിലകൊടുത്തു വാങ്ങാൻ ആകാതിരുന്നതു കൊണ്ടുകൂടിയാകണം കറുത്ത വരകളിലേക്ക് കുട്ടിക്കാലം കൂടുതൽ ആകർഷിക്കപ്പെട്ടതെന്ന് ഗിരീഷ് കരുതുന്നു. ബാലസംഘത്തിന്റെ ചിത്രകലാ ക്യാമ്പുകൾ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിപാടികൾക്കായി പ്രാദേശിക കലാകാരന്മാർ തയ്യാറാക്കി നാട്ടുമ്പുറങ്ങളിൽ പതിപ്പിച്ചിരുന്ന പോസ്റ്ററുകൾ, സുകുമാറിന്റെയും സോമനാഥിന്റെയും കാർട്ടൂണുകളുമായിറങ്ങിയിരുന്ന ആനുകാലികങ്ങൾ, ചിത്രങ്ങൾക്കും ഇല്ലസ്ട്രേഷനും പ്രാധാന്യം നൽകിയ ഓണപ്പതിപ്പുകൾ ഒക്കെ തനിക്ക് ചിത്രവും അറിവും പകർന്ന പാഠശാലകളായിരുന്നതായി ഗിരീഷ് ഓർക്കുന്നു. പിന്നീട് എപ്പോഴോ ജലച്ചായമുപയോഗിച്ച് ചിത്രങ്ങൾ വരച്ചുതുടങ്ങി. വരയിലെ താൽപ്പര്യം കൂടിയപ്പോൾ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട്ടും മഞ്ചേരിയിലുമുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ചിത്രകല അഭ്യസിച്ചു. ഇക്കാലത്ത് ആനുകാലികങ്ങളിലൊക്കെ കാരിക്കേച്ചറും കാർട്ടൂണുകളും വരച്ചു നൽകി തുടങ്ങിയിരുന്നു.  കാർട്ടൂണിലായാലും കാരിക്കേച്ചറിലായാലും കുറിക്കുകൊള്ളുന്ന നർമവും രാഷ്ട്രീയവുമാണ് ഗിരീഷിന്റെ രചനകളെ കാമ്പുള്ളതാക്കുന്നത്. ആദ്യകാലത്ത് വായനശാലകളും സാമൂഹ്യക്കൂട്ടായ്മകളും പകർന്നുനൽകിയ രാഷ്ട്രീയവും അവബോധവുമാണ് അത് സാധ്യമാക്കിയതെന്ന കാര്യത്തിൽ ഗിരീഷിന് സംശയമില്ല. കേരളത്തിൽ കാരിക്കേച്ചർ രചനയിൽ ശ്രദ്ധയൂന്നിയ ചിത്രകാരന്മാർ പൊതുവിൽ കുറവാണ്. മറ്റു വാണിജ്യമൂല്യമൊന്നുമില്ലാത്ത കാരിക്കേച്ചറുകൾ അച്ചടിമാധ്യമങ്ങളിലും മറ്റും ഉപയോഗിക്കുന്നത് കുറവായതാണ് കാരണം. എന്നാൽ, ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരമേറിയതോടെ അത്തരം രചനകൾക്ക് ആവശ്യക്കാരേറി. അവസരങ്ങളും ഏറെ.  വരകളുടെ ഒഴുക്കും അനായാസതയും ലാളിത്യവുമാണ് ഗിരീഷിന്റെ കാരിക്കേച്ചറുകളെ ആസ്വാദ്യമാക്കുന്നത്. കുറഞ്ഞ വരകളിലാണ് രചന പൂർത്തിയാക്കുന്നതെങ്കിലും പോർട്രെയിറ്റുപോലെ വിശദാംശങ്ങൾ ഉൾച്ചേർന്നതായി തോന്നിക്കും കാരിക്കേച്ചറുകളോരോന്നും. കഥാപാത്രങ്ങളുടെ സാമൂഹ്യാസ്തിത്വവും സ്വഭാവവിശേഷവും വരകളിലൂടെയും വർണങ്ങളിലൂടെയും കൂടുതൽ ശക്തമായി പ്രകാശിപ്പിക്കാനും ചിത്രകാരൻ ശ്രമിക്കുന്നു. പെയിന്റിങ്ങിൽ ജലച്ചായവും അക്രലിക്കുമാണ് ഉപയോഗിക്കുന്നത്.   ചിത്രകലയിൽനിന്ന് ഉപജീവനത്തിനാവശ്യമായ വരവില്ലെന്ന് കണ്ടപ്പോഴാണ് അധ്യാപനത്തിലേക്കുകൂടി ശ്രദ്ധിച്ചത്. ഇതുവരെ എണ്ണൂറിലേറെ പുസ്തകങ്ങൾക്ക് പുറംചട്ടയും വരച്ചുകഴിഞ്ഞു. ഭാര്യ: ഷൈനി, മക്കൾ: ശ്രീനു ഗിരി, സ്വാതി ഗിരി. Read on deshabhimani.com

Related News