പാട്ടിൽ പൂത്തുലഞ്ഞ് പൂമരം

കാളിദാസ് ജയറാം


സിനിമാപ്രേമികളെ കാത്തിരിപ്പിന്റെ കടവിലിരുത്തിയ പൂമരം പെയ്തിറങ്ങുന്നത് നമ്മുടെ ഉള്ളിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തെ തഴുകി ഉണർത്തിയാണ്. സൗഹൃദവും വിപ്ലവവും പ്രണയവും സംഗീതവും കലയും നിറഞ്ഞ കലാലയജീവിതത്തിന്റെ റിയലിസ്റ്റിക്കായ അവതരണമാണ് ഒറ്റവാക്കിൽ പറഞ്ഞാൽ പൂമരം.  ഇതുവരെ കണ്ട ക്യാമ്പസ് ചിത്രങ്ങളിലെ സ്ഥിരം കൂട്ടുകളായ തട്ടുപൊളിപ്പൻ ഗാനങ്ങൾ, നായകന്റെ ഹീറോയിസം, നായികാനായകന്മാരുടെ പ്രണയം, അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ, ദ്വയാർഥ പ്രയോഗങ്ങൾ എന്നിവയൊന്നും പൂമരത്തിലില്ല. എന്നാൽ, കലാലയം അത് അതിന്റെ എല്ലാ വർണങ്ങളോടെയും പൂത്തുലയുന്നുണ്ട്.  സർവകലാശാലാ കലോത്സവത്തിന്റെ മുന്നൊരുക്കത്തിന്റെയും അഞ്ച് ദിവസത്തെ കലോത്സവ കാഴ്ചകളിലേക്കുമാണ് ആദ്യാവസാനം സിനിമ വാതിൽ തുറക്കുന്നത്. കാളിദാസ് ജയറാമിന്റെ നായക അരങ്ങേറ്റം  'ഗൗതമൻ' എന്ന കോളജ് യൂണിയൻ ചെയർമാനിലൂടെ മികച്ച രീതിയിൽത്തന്നെ അവതരിപ്പിച്ചു. എല്ലാം പുഞ്ചിരിയോടെ നേരിടുന്ന, ശാന്തഭാവക്കാരനായ 'ഗൗതം' എടുത്തുപറയത്തക്ക അഭിനയമുഹൂർത്തമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും ആദ്യഭാഗത്തെ ഉശിരൻ പ്രസംഗവും മുദ്രാവാക്യംവിളിയുമെല്ലാം പ്രേക്ഷകൻ തിയറ്റർ വിടുമ്പോഴും കൂടെ കൂട്ടുന്നുണ്ട്. മഹാരാജാസിന്റെ അഴകും ചുവപ്പുമെല്ലാം കണ്ണിനെ കൊതിപ്പിക്കുന്നു. ഐറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീത പിള്ളയും മികച്ചുനിന്നു. ഐറിൻ എന്ന കഥാപാത്രം സിനിമയുടെ മുന്നോട്ടുപോക്കിൽ ഏറെ സ്വാധീനിക്കുന്നുണ്ട്. എവിടെയോ കണ്ടുമറന്ന, ജയിക്കുമെന്ന് ഉത്തമവിശ്വാസമുള്ള, പിന്നോക്കംപോകുമ്പോഴും കൂടെ നിൽക്കുന്നവർക്ക് ആത്മവിശ്വാസം പകരുന്നൊരു നേതാവ്‐ അതാണ് ഐറിൻ. ജോജു ജോർജിന്റെ പൊലീസ് വേഷവും ശ്രദ്ധേയം. അഭിനേതാക്കളിൽ ഭൂരിഭാഗവും പുതുമുഖങ്ങൾ. ഈ ഓരോ പുതുമുഖവും നായികാനായകന്മാർ തന്നെ. അതിലുപരി അവരെല്ലാംതന്നെ തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. 'ആക്ടിങ് ഈസ് ജസ്റ്റ് ബിഹേവിങ്' എന്ന് പറഞ്ഞപോലെ എല്ലാവരും നന്നായി ബിഹേവ് ചെയ്തു. മീനുവും കിളിയുമൊക്കെ നാം കലാലയത്തിൽ എപ്പോഴോ കണ്ടുമറന്ന സൃഹുത്തുക്കളായി മാറുന്നതും അതുകൊണ്ടാണ്. കുഞ്ചൻനമ്പ്യാർ, പാബ്ലോ നെരൂദ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഗോപി സുന്ദർ തുടങ്ങി ഒട്ടനേകം പ്രതിഭകളുടെ പേരുകൾ പൂത്തുനിന്ന ടൈറ്റിൽ കാർഡിലാണ് ചിത്രത്തിന്റെ തുടക്കം. അതുപോലെ പൂമരത്തിൽ ഓരോ ഇതളിലും പാട്ട് നിറഞ്ഞൊഴുകുന്നുണ്ട്. പാട്ടിന്റെ താളത്തിന്റെ ശാന്തമായ ഒരു നദി പോലെ ഒഴുകുകയാണ് സിനിമ.  ആ താളം മുറിയാതെ അവസാനംവരെ സൂക്ഷിക്കുന്നുമുണ്ട്. ജയപരാജയങ്ങളിൽ അമിതാഹ്ലാദമോ ആശങ്കയോ വേണ്ടെന്ന പാഠമാണ് ചിത്രം മുഖ്യമായും പകരുന്നത്. കലോത്സവ വേദികളിൽ മത്സരബുദ്ധിയുടെ പേരിൽ കടന്നുവരുന്ന തെറ്റായ പ്രവണതകളെ ചിത്രം വിമർശിക്കുന്നുണ്ട്. മറിച്ച് കലാവേദികളിൽ ഒരുമയുടെയും പരസ്പരസ്നേഹത്തിന്റെയും ദീപങ്ങൾ തെളിച്ച് ചിത്രം മിഴിയടയ്ക്കുന്നു.  ആക്ഷൻ ഹീറോ ബിജുവിൽനിന്ന് പൂമരത്തിലേക്കെത്തുമ്പോൾ ധീരമായ പരീക്ഷണങ്ങൾക്ക് എബ്രിഡ് ഷൈൻ മുതിർന്നിട്ടുണ്ട്. സംഭാഷണങ്ങൾ ചുരുക്കി കവിതയിലും സംഗീതത്തിലും അലിയിച്ച് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു.  ജ്ഞാനം സുബ്രഹ്മണ്യത്തിന്റെ ഛായാഗ്രഹണം കൈയടിക്കേണ്ടതാണ്. ക്യാമറ പ്രേക്ഷകന്റെ കണ്ണാക്കി മാറ്റാൻ ഛായാഗ്രാഹകന് സാധിച്ചു. കലാലയജീവിതം പിന്നിട്ടവർക്ക് ഓർമകളിലേക്കുള്ള ഒരു മടക്കയാത്രയാണ് പൂമരം. റിയലിസ്റ്റിക് ആയി ഒരിക്കലും സിനിമ എടുക്കാൻ കഴിയില്ല, റിയലിസ്റ്റിക് ആയി തോന്നിക്കുന്ന സിനിമ എടുക്കാം എന്നാരോ പറഞ്ഞിട്ടുണ്ട്. എന്നാൽ, റിയലിസ്റ്റിക് ആയി തോന്നുന്ന സിനിമ അല്ല റിയലിസ്റ്റിക് ആയിത്തന്നെ സിനിമ എടുക്കാം എന്ന് എബ്രിഡ് ഷൈൻ തെളിയിച്ചിരിക്കുന്നു.   soorajt1993@gmail.com   Read on deshabhimani.com

Related News