മൂലധനത്തിന്റെ വര്‍ത്തമാനംമൂലധനത്തിന് 150 വര്‍ഷം പൂര്‍ത്തിയായത് കഴിഞ്ഞദിവസമാണ്- സെപ്തംബര്‍ 14ന്. 1867 സെപ്തംബര്‍ 15നാണ് ജര്‍മനിയിലെ ഹാംബര്‍ഗില്‍നിന്ന് മൂലധനം ഒന്നാം വോള്യത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയത്. പിന്നാലെവന്ന ഒന്നര നൂറ്റാണ്ടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ആ ഗ്രന്ഥത്തോളം പങ്കുവഹിച്ച രചനകള്‍ കുറവായിരിക്കും. മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയുടെ ഉത്ഭവചരിത്രവും പ്രവര്‍ത്തനങ്ങളും അതില്‍ നിലീനമായ ആന്തരവൈരുധ്യങ്ങളും അനാവരണംചെയ്തുകൊണ്ട് മുതലാളിത്തത്തെ മറികടക്കാനുള്ള രാഷ്ട്രീയ കാര്യപരിപാടിയുടെ അടിസ്ഥാനമായി നിലകൊള്ളുകയാണ് ആ ഗ്രന്ഥം ചെയ്തത്. മൂലധനത്തിനുശേഷം മനുഷ്യവംശം ആധുനികലോകത്തെ തിരിച്ചറിയുന്നത് ആ കൃതിയോട് സംവദിച്ചുകൊണ്ടാണ്. മൂലധനത്തിലൂടെയോ മൂലധനം തെളിയിച്ച വഴികളിലൂടെയോ മൂലധനത്തോട് എതിരിട്ടുകൊണ്ടോ അല്ലാതെ മൂലധനത്തെ ഒഴിവാക്കിക്കൊണ്ട് ആധുനികലോകത്തെ മനസ്സിലാക്കുക സാധ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണബലസങ്കല്‍പ്പവും ഫ്രോയ്ഡിന്റെ അബോധകല്‍പ്പനയുംപോലെ, ആധുനികമനുഷ്യന്റെ ലോകാവബോധത്തിന്റെ അടിപ്പടവുകളിലൊന്നായി മൂലധനവും മാര്‍ക്സും അനാവരണംചെയ്ത ആശയങ്ങള്‍ മാറിക്കഴിഞ്ഞു എന്ന് ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നതും അതുകൊണ്ടാണ്. മൂലധനത്തിന്റെ 150-ാം  വാര്‍ഷികം എന്നതുപോലെ മാര്‍ക്സിസത്തിന്റെ ചരിത്രജീവിതത്തില്‍ പലനിലകളില്‍ പ്രാധാന്യമുള്ള വര്‍ഷമാണ് 2017. ഒക്ടോബര്‍വിപ്ളവത്തിന്റെ ശതാബ്ദിവര്‍ഷമാണിത്. ലോകമെമ്പാടുമുള്ള വിപ്ളവകാരികളുടെ നിത്യപ്രലോഭനമായ ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാംവാര്‍ഷികവും ഇക്കൊല്ലംതന്നെയാണ്. 1967 ഒക്ടോബര്‍ ഒമ്പതിനാണ് ബോളീവിയയില്‍ ചെ വെടിയേറ്റുവീണത്. ഇരുപതാം നൂറ്റാണ്ടില്‍ മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് വഴിതുറന്ന അന്റോണിയോ ഗ്രാംഷിയുടെ മരണത്തിന്റെ എണ്‍പതാം വാര്‍ഷികവുമാണ് 2017. ഫാസിസ്റ്റ് തടവറയില്‍നിന്ന് പുറത്തുവന്ന് ഏതാനും ദിവസങ്ങള്‍ക്കകം (1937 ഏപ്രില്‍ 27) മരണമടഞ്ഞ ഗ്രാംഷിയുടേത് ഒരര്‍ഥത്തില്‍ രക്തസാക്ഷിത്വംതന്നെയായിരുന്നു എന്ന് പറയാം. ഫാസിസ്റ്റ് തടങ്കല്‍പ്പാളയത്തിലെ നരകയാതനകളാണ് അദ്ദേഹത്തെ മരണത്തിലേക്ക് എത്തിച്ചത്. ഇങ്ങനെ ചിന്താപരമായും രാഷ്ട്രീയപ്രയോഗങ്ങളാലും മാര്‍ക്സിസത്തെ അത്യന്തം സമ്പന്നമാക്കിയ നാനാതരം സംഭവങ്ങളുടെ ഓര്‍മകള്‍ അലയടിക്കുന്ന ഒരു വര്‍ഷമാണ് 2017. സംശയരഹിതമായും അതിന്റെ കേന്ദ്രം മൂലധനത്തിന്റെ 150-ാം വാര്‍ഷികംതന്നെ. മാര്‍ക്സിന്റെ രചനകളില്‍ മൂലധനത്തോളം വിപുലവും സങ്കീര്‍ണവുമായ മറ്റൊരു കൃതിയുമില്ല. 1848ലെ വിപ്ളവമുന്നേറ്റങ്ങള്‍ക്കേറ്റ തിരിച്ചടിയെത്തുടര്‍ന്നാണ് മാര്‍ക്സ് മുതലാളിത്ത ഉല്‍പ്പാദനത്തെക്കുറിച്ചുള്ള ഗാഢമായ പഠനങ്ങളിലേക്ക് തിരിഞ്ഞത്. ആധുനികയുഗത്തിന്റെ ചരിത്രകാരനായ ഹോബ്സ്ബാമിന്റെ ഭാഷയില്‍ 'വിപ്ളവങ്ങളുടെ യുഗ'ത്തില്‍നിന്ന് (Age of Revolution) 'മൂലധനത്തിന്റെ യുഗ'ത്തിലൂടെയുള്ള (Age of  capital) പരിവര്‍ത്തനവേളയില്‍ എഴുതപ്പെട്ട ഗ്രന്ഥം. ബ്രിട്ടീഷ് ലൈബ്രറിയിലിരുന്ന് തന്റെ ആരോഗ്യവും ആയുസ്സും ബലിനല്‍കിക്കൊണ്ട് രണ്ട് പതിറ്റാണ്ടുകാലം മാര്‍ക്സ് നടത്തിയ അനന്തമായ പഠനങ്ങളുടെ ഉല്‍പ്പന്നമായിരുന്നു ആ ഗ്രന്ഥം. നാല് പതിറ്റാണ്ടുകൊണ്ടാണ് അതിന്റെ പ്രസിദ്ധീകരണം പൂര്‍ത്തിയായത്. (മൂലധനത്തിന്റെ രണ്ടാം വോള്യം 1885ലും  മൂന്നാം വോള്യം 1894ലും നാലാംവോള്യമായി പരിഗണിക്കപ്പെടുന്ന മിച്ചമൂല്യസിദ്ധാന്തങ്ങള്‍ 1905ലുമാണ് പുറത്തുവന്നത്). അങ്ങനെ ചെലവഴിക്കപ്പെട്ട ബൌദ്ധികോര്‍ജത്തിന്റെയും ചെലുത്തിയ സ്വാധീനത്തിന്റെയും കാര്യത്തിലെന്നതുപോലെ പ്രസാധനത്തിന്റെ കാര്യത്തിലും അനന്യവും അത്യസാധാരണവുമായ ചരിത്രമാണ് മൂലധനത്തിന് പറയാനുള്ളത്. മൂലധനം പ്രസിദ്ധീകരിക്കപ്പെട്ടതിനുപിന്നാലെതന്നെ അതിലെ ആശയലോകത്തെ പരിചയപ്പെടുത്തുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഗ്രന്ഥങ്ങളുടെ പരമ്പരയ്ക്കും തുടക്കമായി. എംഗല്‍സിന്റെ ഡ്യൂറിങ്ങിനെതിരെ (Anto Dhuring), കൌട്സ്കിയുടെ മാര്‍ക്സിന്റെ സാമ്പത്തികതത്ത്വങ്ങള്‍ (Economic Doctorines of Karl Marx) എന്നീ രചനകളിലാകണം അതിന്റെ പ്രാരംഭം. അതുമുതല്‍ പിന്നിട്ട ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ മൂലധനത്തോട് സംവദിച്ചുകൊണ്ട് നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ പുറത്തുവന്നു. ഒരുഭാഗത്ത് മൂലധനത്തിലെ ആശയങ്ങള്‍ സംഗ്രഹിച്ച് അവതരിപ്പിക്കുന്ന ലഘുഗ്രന്ഥങ്ങള്‍മുതല്‍ മൂലധനത്തിന്റെ രചനയ്ക്കായി മാര്‍ക്സ് സഹിച്ച യാതനകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍വരെയും മറുഭാഗത്ത് മൂലധനത്തെ മുന്‍നിര്‍ത്തി മാര്‍ക്സിന്റെ ചിന്തയില്‍ അരങ്ങേറിയ ജ്ഞാനശാസ്ത്രപരമായ വിച്ഛേദത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന പഠനങ്ങള്‍മുതല്‍ മൂലധനം മുന്നോട്ടുവച്ച അധ്വാനമൂല്യസിദ്ധാന്തത്തിന്റെ സമകാലികസാംഗത്യത്തെക്കുറിച്ചുള്ള ആലോചനകള്‍വരെയായി അത് പടര്‍ന്നുകിടക്കുന്നു. മൂലധനത്തിലെ ചരിത്രശാസ്ത്രവും തത്ത്വചിന്തയും ഭാഷാവിചാരവും പാരിസ്ഥിതികദര്‍ശനവും ലിംഗപദവിചര്‍ച്ചകളും എല്ലാം ഇത്തരം ആലോചനകളുടെ ഭാഗമായി ഉന്നയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതിവിപുലമായ ഈ മൂലധന പഠനപരമ്പരയില്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ട പുസ്തകങ്ങളിലൊന്നാണ് 'മൂലധനം ഇപ്പോള്‍ വായിക്കുമ്പോള്‍' Reading  Capital Today). പ്രമുഖ ഇടതുപക്ഷ പ്രസാധകരായ പ്ളൂട്ടോ പ്രസ് 2017 പകുതിയോടെയാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇന്‍ഗോ ഷ്മിഡ്റ്റ്, കാര്‍ലോ ഫാനെല്ലി എന്നിവര്‍ചേര്‍ന്ന് എഡിറ്റ് ചെയ്തിട്ടുള്ള ഈ ഗ്രന്ഥം സമകാലികലോകത്തെ പ്രാമാണികരായ മാര്‍ക്സിസ്റ്റ് ചിന്തകരുടെ മൂലധനപഠനങ്ങളുടെ സമാഹാരമാണ്. മൂലധനത്തെ വ്യത്യസ്ത പ്രമേയങ്ങളെയും ചരിത്രസന്ദര്‍ഭങ്ങളെയും മുന്‍നിര്‍ത്തി വിശകലനംചെയ്യുന്ന പത്ത് പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരുഭാഗത്ത് മൂലധനത്തിന്റെ ചരിത്രജീവിതത്തിന്റെ പടവുകളും മറുഭാഗത്ത് മൂലധനത്തിന്റെ സൈദ്ധാന്തികസ്വരൂപവും ഒരുപോലെ വിശകലനവിധേയമാക്കുന്നവയാണ് ഇതിലെ പ്രബന്ധങ്ങള്‍. 'മൂലധനം 150 വര്‍ഷങ്ങള്‍ക്കുശേഷം' (Capital after 150 years) എന്ന ആമുഖത്തില്‍ എഡിറ്റര്‍മാരായ ഷ്മിഡ്റ്റും ഫാനെല്ലിയും മൂലധനം എന്ന കൃതി മൂലധനവളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എങ്ങനെയെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു എന്നാണ് പരിശോധിക്കുന്നത്. ഒരര്‍ഥത്തില്‍ മൂലധനത്തിന്റെ ചരിത്രജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്രാവലോകനമാണ് ആ ആമുഖപഠനം. തുടര്‍ന്നുള്ള പത്ത് അധ്യായങ്ങളിലായി മൂലധനരചനയും ഒന്നാം ഇന്റര്‍നാഷണലുമായി അതിനുള്ള ബന്ധവും സോവിയറ്റ് കമ്യൂണിസത്തിന്റെ മൂലധനവായന, മൂലധനവും അധ്വാനമൂല്യസിദ്ധാന്തവും, മൂലധനവും അധ്വാനപ്രക്രിയയും, മൂലധനവും പാരിസ്ഥിതികദര്‍ശനവും, മൂലധനവും ഭാവിസമൂഹത്തിന്റെ ഘടനയും തുടങ്ങിയ വ്യത്യസ്ത പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നു. പോള്‍ തോംപ്സണ്‍, പ്രഭാത് പട്നായിക്, ഹന്നാ ഹോള്‍മാന്‍, പീറ്റര്‍ ഗോസ്, ജസ്റ്റിന്‍ പോള്‍ഡസണ്‍ തുടങ്ങിയ സമകാലിക മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തിലെ പ്രാമാണികരാണ് ഓരോ പ്രബന്ധത്തിന്റെയും രചയിതാക്കള്‍. മൂലധനത്തിന്റെ ചരിത്രത്തിലേക്കും ആഭ്യന്തരസ്വരൂപത്തിലേക്കും സൈദ്ധാന്തികസമീക്ഷകളിലേക്കുമുള്ള മികച്ച പ്രവേശകങ്ങളും അവയെക്കുറിച്ചുള്ള പുനരാലോചനകളുമാണ് ഈ സമാഹാരത്തിലെ പ്രബന്ധങ്ങള്‍. ഈ നിലയില്‍ ഒന്നര നൂറ്റാണ്ടുമുമ്പ് പിറവിയെടുത്ത്, പിന്നാലെ രൂപപ്പെട്ട വിമര്‍ശനാത്മകചിന്തയുടെ അടിപ്പടവുകളിലൊന്നായി ചരിത്രത്തില്‍ നിലകൊണ്ട ഒരു മഹാഗ്രന്ഥത്തിന്റെ പൊരുളും പ്രകാരവും ഫലപ്രദമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇന്‍ഗോ ഷമ്ഡ്റ്റും കാര്‍ലോ ഫാനെല്ലിയുംചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്. നിയോലിബറല്‍ മൂലധനാവേശത്തിന്റെയും ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന വലതുപക്ഷ-ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റേതുമായ വര്‍ത്തമാനകാലത്ത് മൂലധനത്തിന്റെ വായന വാഗ്ദാനംചെയ്യുന്നത് എന്ത് എന്ന് വിശദീകരിക്കാനാണ് ഈ ഗ്രന്ഥം പണിപ്പെടുന്നത്. മൂലധനത്തിലെ ആശയലോകത്തിന്റെ സംഗ്രഹങ്ങള്‍ അവതരിപ്പിക്കുന്നതിനപ്പുറം അതിന്റെ ചരിത്രപ്രക്രിയയില്‍ കാലൂന്നിനിന്ന് പുതിയകാലത്തെ പ്രശ്നങ്ങളിലേക്കും പ്രമേയങ്ങളിലേക്കും മൂലധനവായനയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഈ ഗ്രന്ഥത്തെ പതിവ് മൂലധനപഠനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ആ നിലയില്‍ ഇരുപത്തൊന്നാംനൂറ്റാണ്ടിലെ മൂലധനവായനയായി ഈ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു. Read on deshabhimani.com

Related News