കാരുണ്യത്തിന്റെ അമ്മകാരുണ്യത്തിന്റെ ആഗോളപ്രതീകമായ മദര്‍ തെരേസ. ആ ജീവിതം നട്ട ജീവകാരുണ്യസംസ്കാരത്തിന്റെയും സ്നേഹത്തിന്റെയും തലപ്പുകളാണ് 'അലിവിന്റെ രഹസ്യങ്ങള്‍' എന്ന പുസ്തകം. 25 ലേഖനവും മൂന്നു കവിതയുമുള്ള ഈ പുസ്തകം മദര്‍ തെരേസയുടെ ജീവിതത്തിന്റെ കൈവഴികളിലേക്ക് വെളിച്ചംവീശുന്നതാണ്. കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാബാവാ, എം എ ബേബി, പ്രൊഫ. വി സുകുമാരന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, സച്ചിദാനന്ദന്‍, ജാവേദ് അക്തര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ പ്രമുഖരുടെ ലേഖനങ്ങളും കവിതകളും പുസ്തകത്തിലുണ്ട്. മദര്‍ തെരേസയും കമ്യൂണിസ്റ്റുകാരും എന്ന ലേഖനത്തില്‍ മദറുമായി വിമാനത്തിലുണ്ടായ കൂടിക്കാഴ്ചയുടെ അനുഭവം വിവരിക്കുകയാണ് എം എ ബേബി. അവനവന്റെ വിശ്വാസങ്ങളില്‍ ഇടപെടാതെ പരസ്പരം സഹകരിക്കുക. അതായിരുന്നു മദറും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുമായുണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും മദറും തമ്മിലുണ്ടായിരുന്ന സൌഹൃദത്തെക്കുറിച്ചും ഈ ലേഖനത്തിലുണ്ട്. രക്തവഴിയില്‍ ഞാന്‍ ഒരു അല്‍ബേനിയക്കാരി; പൌരത്വംവഴിയില്‍ ഞാന്‍ ഭാരതത്തിന്റെ മരുമകള്‍; വിശ്വാസയാത്രയില്‍ ഞാന്‍ കത്തോലിക്ക; നിയോഗത്തില്‍ ഞാന്‍ ലോകത്തിന്റെ ഒരു എളിയ ശുശ്രൂഷക... എന്ന മദറിന്റെ വാക്കുകള്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാബാവാ ഓര്‍മപ്പെടുത്തുന്നു. സച്ചിദാനന്ദന്റെ അമ്മ എന്ന കവിതയും ചുള്ളിക്കാടിന്റെ മദര്‍ തെരേസയ്ക്ക് മരണമുണ്ടെങ്കില്‍ എന്ന കവിതയും ലോകസമാധാനത്തിനും കാരുണ്യത്തിനും അമ്മയുടെ മുഖമായിരിക്കുമെന്ന് സമര്‍ഥിക്കുന്നു.  വര്‍ഗീയശക്തികള്‍ കൂറ്റന്‍ മതിലുകള്‍ പണിത് അതിര്‍ത്തികള്‍ തീര്‍ക്കുന്ന സമകാലീന സാഹചര്യത്തില്‍ മദറിന്റെ വാക്കുകളും പ്രവൃത്തികളും തരുന്ന വെളിച്ചമാണ് ബിനോയ് കുറ്റുമുക്ക് എഡിറ്റ് ചെയ്ത ഈ പുസ്തകം പകരുന്നത്. midhunrain@gmail.com Read on deshabhimani.com

Related News