പാട്ടിന്റെ കോട്ടിട്ട വക്കീൽ

മെഹബൂബിന്റെ പാട്ടിന്‌ തബല വായിക്കുന്ന അബ്‌ദുൾ ഖാദർ വക്കീൽ. മങ്കേഷ്‌ റാവു സമീപം


നിങ്ങളൊരു സംഗീതപ്രേമിയാണെങ്കിൽ തീർച്ചയായും അബ്ദുൾ ഖാദർ വക്കീലിനെ അറിയും. ഞാനുമീ വക്കീലിനെ അറിഞ്ഞ് തുടങ്ങിയത് അദ്ദേഹത്തിന്റെ സംഗീതപ്രണയംകൊണ്ടാണ്. കാരണം എഴുത്തായാലും ചിത്രമെഴുത്തായാലും നൃത്തമായാലും  അഭിനയമായാലും കഥകളിയായാലും അങ്ങനെ ഏത് കലയുടെയും അന്തർധാര  സംഗീതമാണ്.  കൊച്ചിക്കാർക്കിടയിൽ വക്കീൽ അറിയപ്പെട്ടിരുന്നത് ശുദ്ധസംഗീതത്തിന്റെ പ്രയോക്താവ് എന്ന നിലയ്‌ക്കാണ്‌. സംഗീതത്തിനുവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. വക്കീലിന്റെ വീട്ടിൽ സംഘടിപ്പിച്ചിരുന്ന സംഗീതസദസ്സുകളിൽനിന്നാണ് എച്ച് മെഹബൂബിനെയും കിഷോർ അബുവിനെയും ഉമ്പായിയെയും  മെഹബൂബിനെയും അവരുടെ സംഗീതസമ്പന്നതയെയും  അടുത്തറിയുന്നത്. ഇവരൊക്കെ സംഗീതത്തിന്റെ ഗൗരവപാഠങ്ങൾ ശീലിച്ചതും ഈ സംഗീത സദസ്സുകളിൽനിന്നുതന്നെ. ഈ സദിരുകളിലൊക്കെ തബലവായിച്ചിരുന്നത് വക്കീലാണ്. തബലവാദനം ലഹരിയായിരുന്നു വക്കീലിന്. ഗുരുവായ ബൽറാം മാസ്റ്ററെപോലും വിസ്‌മയിപ്പിക്കുംമട്ടിലുള്ളതായിരുന്നു ശിഷ്യന്റെ  മിടുക്ക്. വടക്കേ ഇന്ത്യൻ നഗരങ്ങളിലെ മെഹ്ഫിലുകളുടെ സ്വഭാവം വക്കീൽ സംഘടിപ്പിക്കുന്ന സംഗീത സദസ്സുകൾക്കുമുണ്ടായിരുന്നു. സംഗീതം ആസ്വാദകരെ ആഹ്ലാദിപ്പിക്കുമ്പോൾ ‘വാഹ് ഉസ്‌താദ്‌’ വിളികൾ വരും. അന്നേരമൊക്കെ തബലയെ ഹൃദ്യമായ ഒരു ഗാനംപോലെ അനുഭവിപ്പിക്കുകയാകും വക്കീൽ. വെളുത്തുനീണ്ട, തമ്പാക്ക് മോതിരമണിഞ്ഞ കൈവിരലുകളുടെ തബലമുഖത്തെ ചലനമാന്ത്രികത കണ്ട്‌ എത്ര വട്ടം വിസ്‌‌മയിച്ചു. ആ സദസ്സുകളിൽനിന്നാണ് എച്ച് മെഹബൂബെന്ന വലിയ ഗായകനുമായി ഞാൻ സൗഹൃദത്തിലാകുന്നത്. മെഹബൂബിനെ നേർവഴി നടത്താൻ വക്കീൽ യത്നിച്ചതിന് കണക്കില്ല. പാട്ടുപാടാൻ മാത്രമല്ല ശ്രുതിയും താളവും പിഴയ‌്ക്കാതെ കഥ പറഞ്ഞുതരാനും മിടുക്കനായിരുന്നു മെഹബൂബ്. കൊച്ചങ്ങാടി നാച്ചിയ വീട്ടിലെ വക്കീലിന്റെ സഹോദരീപുത്രനായ ഫാറൂഖിന്റെ മാളികപ്പുറത്തിരുന്ന് മെഹബൂബ് പറഞ്ഞ കഥകളിൽ ഒരു കഥയിലും വായിച്ചറിഞ്ഞിട്ടില്ലാത്ത ആൺതിരുതയുടെയും പെൺതിരുതയുടെയും പ്രണയമുണ്ടായിരുന്നു. പെൺതിരുതയുടെ ഗർഭവേവലാതിയുണ്ടായിരുന്നു. കള്ളുഷാപ്പിലെ കണ്ണുനീർ വാർക്കുന്ന പട്ടിയുണ്ടായിരുന്നു. പി ജെ ആന്റണി എന്ന വലിയ നടന്റെ ഗൗരവമാർന്ന സാന്നിധ്യമുണ്ടായിരുന്നു.   ഉസ്‌‌താദ്‌  ബിസ്‌മില്ല ഖാനെയും പണ്ഡിറ്റ് രവിശങ്കറിനെയും തലത്ത് മെഹമൂദിനെയും പർവീൺ സുൽത്താനെയും പോലുള്ള സംഗീതപ്രഭുക്കളെ വക്കീലും ചില മാർവാഡി സുഹൃത്തുക്കളും ചേർന്ന് രൂപംകൊടുത്ത ‘മ്യൂസിക്കൽ മീറ്റാ’ണ് കൊച്ചിയിലേക്കാദ്യം ക്ഷണിക്കുന്നത്. പി ഗോപകുമാർ സംവിധാനം ചെയ്‌ത  തളിരിട്ട കിനാക്കളും  പി എ ബക്കറുടെ ‘ചാപ്പ’ (ജമാൽ കൊച്ചങ്ങാടിയുടെ ഇതേ പേരിലുള്ള  കഥയെ ആസ്‌പദമാക്കിയ സിനിമ)യും നിർമിച്ചത്‌ വക്കീലായിരുന്നു.  തളിരിട്ടകിനാക്കളുടെ രചനയും ഗാനരചനയും അദ്ദേഹത്തിന്റെതന്നെ. അതിൽ ‘ആരറിയാൻ എൻ മൂക വിഷാദം’ എന്ന എസ് ജാനകി പാടിയ പാട്ട്‌  പാട്ട് പ്രേമികൾക്കിന്നും പ്രിയപ്പെട്ടത്‌.  ‘ചാര’വും ഫാസിലിന്റെ ‘മറക്കില്ലൊരിക്കലും’ വക്കീൽ നിർമിച്ച സിനിമകൾ. ഇതിൽ ‘തളിരിട്ടകിനാക്കളി’ലാണ് മുഹമ്മദ് റാഫി ആദ്യമായി മലയാളത്തിൽ പിന്നണി പാടുന്നത്. ‘ചാരം’ എന്ന ചലച്ചിത്രത്തിന്റെ പ്രമേയവും വക്കീലിന്റേതായിരുന്നു. ഫാസിലിന്റെ ‘മറക്കില്ലൊരിക്കലും’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് വക്കീൽ അവിചാരിതമായി മരണപ്പെടുന്നത്.  എപ്പോഴുമുള്ള പ്രസന്നതയും കൈവിരലുകളിലെപ്പൊഴും ഉണർന്നിരിക്കുന്ന താളവും മറക്കാനാകില്ല.   സംഗീതവും സിനിമയുംപോലെതന്നെ പ്രിയപ്പെട്ടതായിരുന്നു വക്കീലിന് സൗഹൃദവും സൽക്കാരവും.   എത്രയോ വ്യക്തിത്വങ്ങളെയാണ് അദ്ദേഹം സാംസ്‌കാരികമായി സംസ്‌കരിച്ചെടുത്തത്. അവരിൽ ചിലർ മണ്ണടിഞ്ഞു. ചിലരിപ്പോഴും ജീവിച്ചിരിക്കുന്നു. അവരാരും വക്കീൽ മരിച്ചശേഷമുള്ള കുടുംബത്തെ അറിയുന്നില്ല. വക്കീലിന്റെ കുടുംബത്തെ കണ്ടാൽ അവർ ബോധപൂർവം വഴിമാറി നടക്കുന്നു. മക്കളിൽ ഷൗക്കത്തും ഷബീബയും ഷബാനയും പാടുന്നുണ്ട്. തബലവാദനത്തിലും ഷൗക്കത്തിന് താൽപ്പര്യമുണ്ട്. പിതാവിന്റെ സംഗീതപ്രണയത്തിന് തുടർച്ചയേകാൻ ഷൗക്കത്ത് അഹോരാത്രം യത്നിക്കുന്നുണ്ടെങ്കിലും കാഴ്ചയുടെ പ്രശ്നമുണ്ട് ഈ ചെറുപ്പക്കാരനും സഹോദരി വാഹിദയ്‌ക്കും. മറ്റൊരു മകൻ മൻസൂർ കോടതിയിൽ ഗുമസ്‌തനാണ്.  ഗുലാംഅലിയെയും മെഹ്ദി ഹസ്സനെയും പങ്കജ് ഉദാസിനെയും അനൂപ് ജലോട്ടയെയും തലത്ത് അസീസിനെയും ലതാമങ്കേഷ്‌കറെയും പങ്കജ് മല്ലിക്കിനെയും സൈഗാളിനെയുമൊക്കെ  എന്നെപ്പോലുള്ളവർ കേൾക്കുന്നത്‌  വക്കീലിന്റെ ഗാനശേഖരത്തിൽനിന്നാണ്.   സംഗീതത്തിന് ഭാഷയില്ലെന്നൊരു ലേഖനവും വക്കീൽ എഴുതിയിട്ടുണ്ട്. ശരിയാണ്. സംഗീതം കാലദേശങ്ങളെ ജയിക്കുന്ന ഒരു കലാരൂപംതന്നെ. അതേത് മനസ്സിനെയാണ് ആകർഷിക്കാത്തത്. ഭൂമിയിൽ അനുവദിക്കപ്പെട്ട സമയത്തെ മുഴുവൻ സംഗീതംകൊണ്ട് ആഘോഷമാക്കി വക്കീൽ.  എന്റെ ഓർമകളിൽ വക്കിൽ മരണാതീതനാണ്. അതദ്ദേഹത്തിന്റെ സംഗീതപ്രണയംകൊണ്ട് തന്നെയാകും. ഇങ്ങനെയൊരു  സംഗീതാനുഭവം അന്യമായിരുന്നെങ്കിൽ ഭാഷയിലെ സംഗീതവും എനിക്ക്  അജ്ഞാതമായേനെ....പിന്നെ എഴുത്തുകാരനെന്ന മേൽവിലാസത്തിനൊക്കെ എന്ത് പ്രസക്തി?   Read on deshabhimani.com

Related News