സ്മൃതിയുടെ മുറിപ്പാടുകള്‍

ഘടികാരം നന്നാക്കുന്നവന്‍/ തിരുമല ശിവന്‍കുട്ടി/ (കവിതകള്‍)/ മെലിന്‍ഡ ബുക്സ്/ വില: 75


സാമ്പ്രദായിക അര്‍ഥതലത്തില്‍ വെളിച്ചം വീശുന്ന ആശയങ്ങള്‍. ജീവിതം ഒട്ടിച്ചേര്‍ന്ന വരികള്‍. ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നതും ഗൃഹാതുരവുമായ കാഴ്ചകള്‍. തിരുമല ശിവന്‍കുട്ടിയുടെ 'ഘടികാരം നന്നാക്കുന്നവന്‍' കവിതാസമാഹാരം മൂല്യസംഘര്‍ഷങ്ങളില്‍ ഊന്നിയ ബിംബങ്ങളാല്‍ സമൃദ്ധമാണ്.  ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ഭാവനയുടെയും ചിന്തയുടെയും പോയകാലം തീര്‍ക്കുകയാണ് ഇതിലെ 40 കവിതകള്‍. ഘടികാരം സമയമറിയാനുള്ള ഉപാധിക്കപ്പുറം ജീവിതത്തെ അടയാളപ്പെടുത്തലാണെന്ന ഓര്‍മപ്പെടുത്തലാണ് ശീര്‍ഷകകവിതയായ 'ഘടികാരം നന്നാക്കുന്നവന്‍'. സായന്തനത്തില്‍ താളംതെറ്റിയ മനസ്സുകളെയാണ് ഭ്രമണം നിലച്ച ഓരോ ഘടികാരവും ഓര്‍മപ്പെടുത്തുന്നതെന്ന് കവി. നിശബ്ദമായി ജീവിതത്തെക്കുറിച്ച് മനനം ചെയ്യുന്ന ഘടികാരം നന്നാക്കുന്നവനാണ് ഇവിടെ കേന്ദ്രബിന്ദു. പത്തായം, മഷിപ്പേന എന്നീ കവിതകളും ശ്രദ്ധേയമാണ്. സ്മൃതിയുടെ മുറിപ്പാടുകള്‍ തീര്‍ക്കുന്ന വരികള്‍. അനുദിനം മത്സരവേദിയായി മാറുന്ന ജീവിതക്രമമാണ് ക്വിസ് മാസ്റ്ററില്‍. മാനവികതയുടെ മൂല്യംതേടലും വേഷപ്പകര്‍ച്ചകള്‍ക്കിടയിലെ പൊള്ളത്തരങ്ങളുമാണ് നഗ്നന്‍ എന്ന കവിത. സ്നേഹത്തിന്റെ അര്‍ഥം, കവിതയുടെ വഴി, കുഞ്ഞേ, പൂതന വരുന്നു എന്നീ കവിതകളും ഈ സമാഹാരത്തില്‍ വേറിട്ടുനില്‍ക്കുന്നു.   ബന്ധങ്ങളുടെ നിസ്സാരത വാര്‍ധക്യത്തിന്റെ വിഹ്വലതകളും ആധുനികകാല സംഘര്‍ഷങ്ങളും ഹൃദയബന്ധങ്ങളുടെ വിശുദ്ധിയുമാണ് ഉള്ളൂര്‍ കെ സതീശന്റെ 'ജന്മാന്തരങ്ങള്‍' എന്ന കഥാസമാഹാ രം. പരസ്പരപൂരകങ്ങളായ ബന്ധുത്വങ്ങളിലുണ്ടാകുന്ന വ്യതിയാനം, ബോധ്യപ്പെടുത്തലുകള്‍, ജല്‍പ്പനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു. ജീവിതാവസ്ഥയുടെ ഏറ്റക്കുറച്ചിലുകളും കൊടുക്കല്‍വാങ്ങലുകളും പ്രമേയമാകുന്ന പരിസരങ്ങള്‍. മനുഷ്യാസ്ഥിത്വത്തിന്റെ ആഴം തേടുന്ന കഥാകാരന്‍ എഴുത്തിന്റെ വാര്‍പ്പുമാതൃകകളില്‍നിന്ന് വ്യതിചലിക്കുന്നില്ല എന്നത് പ്രധാന ന്യൂനത. സ്നേഹം നിഷേധിക്കപ്പെടുമ്പോള്‍ ഈയാംപാറ്റകളായി ഒടുങ്ങുന്ന നിരവധി കഥാപാത്രങ്ങളെ 32 കഥകളുടെ ഈ സമാഹാരത്തില്‍ പലപ്പോഴും ദര്‍ശിക്കാം. എന്നന്നേക്കുമായി വിടപറയുന്നവരുടെ മാനസികവിഹ്വലതകള്‍ പ്രമേയമാകുന്ന കഥയാണ് പരാജിതര്‍. ഇതിലെ രാധയും ഗോപേട്ടനും ചെന്നുപെടുന്നത് ആന്തരികസംഘ ര്‍ഷങ്ങളുടെ നീര്‍ച്ചുഴിയിലാണ്. വാര്‍ധക്യമെന്നത് മനുഷ്യജീവിതത്തിന്റെ ഏകാന്തതടവറയാണെന്ന് ബോധ്യപ്പെടുത്തുന്ന കഥയാണ് അന്ത്യം. മാത്തുക്കുട്ടി എന്ന മലയോരകര്‍ഷകനിലൂടെയാണ് കഥ വികസിക്കുന്നത്. മരണാസന്നനായ മാത്തുക്കുട്ടിയുടെ വ്യഥകളിലൂടെ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും നിസ്സാരതയാണ് അനുഭവിപ്പിക്കുന്നത്. ശിക്ഷ, ദ്വീപ്, തണുപ്പ്, ജന്മാന്തരങ്ങള്‍ എന്നീ കഥകളും ശ്രദ്ധേയമാണ്. midhunrain@gmail.com Read on deshabhimani.com

Related News