പൂക്കളമിട്ടില്ലെങ്കിലും പൂക്കൾ ചിരിച്ചു കേരളത്തിന്റെ ദൂരത്തെ മാത്രമല്ല; കാലത്തെയും രണ്ടായി പകുത്തുവയ്ക്കുന്നു മഹാപ്രളയം. സകല ദൈവങ്ങൾക്കും മീതെ ഒഴുകിപ്പരന്ന പ്രളയജലം സമ്മാനിച്ച തിരിച്ചറിവുകൾ ഏറെയാണ്. ആ മലവെള്ളപ്പാച്ചിൽ കുത്തിയൊലിപ്പിച്ചു കളഞ്ഞത് മലയാളിയുടെ മനസിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യത്തെക്കൂടിയാണ്. പകരം പകർന്നത് മാനവികതയുടെ, സമത്വത്തിന്റെ പഴയ പാഠങ്ങളുടെ പുതിയ പതിപ്പാണ്. ഇത്തരമൊരു മഹാദുരന്തത്തിനിപ്പുറം ഇങ്ങനെ ചങ്കൂറ്റത്തോടെ നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരിടം മറ്റെവിടെയാണ്. മാവേലിനാടിന്റെ വീണ്ടെടുക്കലാകുന്നു പ്രളയാനന്തര കാലത്തെ ഓണം. ദുരിതങ്ങൾക്കും ആശങ്കകൾക്കും വെല്ലുവിളികൾക്കുമിടയിലും പ്രളയം തിരികെത്തന്ന മലയാളിയുടെ നന്മകളിലൂടെ...     ഹരിപ്പാട്ടുനിന്നുള്ള പ്രധാനപാത പള്ളിപ്പാട് പിന്നിട്ട് വലത്തേക്ക് തിരിഞ്ഞാൽ ചെറിയ പാതയ‌്ക്കിരുവശവും വിശാലമായ ജലപ്പരപ്പാണ്. കുട്ടനാട്ടിൽ പ്രളയം പാടേ മുക്കിക്കളഞ്ഞ പ്രദേശങ്ങളിലൊന്ന്. പറയങ്കേരി കടവിന് തെക്കുവശം ചെറിയ റോഡിനിരുവശവുമുള്ള വലുതും ചെറുതുമായ വീടുകളിൽ വെള്ളം ഒഴിഞ്ഞിട്ടില്ല. തകർന്നതൊക്കെയും തിരിച്ചുപിടിക്കാനുള്ള തിരക്കിലാണ് ഓരോ കുടുംബവും. വീട്ടുപകരണങ്ങൾ റോഡിലേക്ക് എടുത്തുവച്ച് കഴുകിവൃത്തിയാക്കുന്നു. മുട്ടോളം വെള്ളം കെട്ടിനിൽക്കുന്ന ചെറുവീടുകൾ നിറഞ്ഞ കോളനിക്കുമുന്നിൽ റോഡരികിൽ അടുപ്പുകൂട്ടി കഞ്ഞിവയ്ക്കുകയാണ് രാജമ്മ. കൂട്ടിന് പേരക്കുട്ടിയും. അമ്മേ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ: ‘‘അതൊരു കാഴ്ചയായിരുന്നു. ജീവിതത്തിൽ ഇതുവരെ കാണാത്ത കാഴ്ച. ഇത് വെള്ളപ്പൊക്കമല്ലല്ലോ മക്കളേ, പ്രളയമോ അങ്ങനെ എന്തോ അല്ലേ. ഞങ്ങൾക്കാർക്കും ഇങ്ങനെ ഒരനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. വലിയ ദുരിതമല്ലേ, കഷ്ടപ്പാടല്ലേ, വീടൊക്കെ പോയില്ലേ.’’  ഇപ്പോ എന്താ തോന്നുന്നത് എന്ന ചോദ്യം പൂർത്തിയാക്കുംമുമ്പേ മറുപടിയെത്തി: ‘‘നല്ല ധൈര്യംതോന്നുന്നു. എല്ലാം പോയി. ഇനി എല്ലാം തിരിച്ചുപിടിക്കണം. സങ്കടമൊക്കെയുണ്ടെങ്കിലും അങ്ങനെ തോറ്റുകൊടുക്കാനൊന്നും പറ്റില്ലല്ലോ.’’   പ്രളയത്തിൽ സർവവവും നഷ്ടമായ മനുഷ്യരുടെ പ്രതിരൂപമാണ് രാജമ്മ. സർവവും നഷ്ടമായതിന്റെ വേദനയോ നിരാശയോ അവർക്കില്ല. മറിച്ച്‌ വലിയൊരു ദുരന്തത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസവും പൊരുതി ജയിക്കാമെന്ന തന്റേടവുമാണ്. ഇത് മലയാളിക്ക് മഹാപ്രളയം സമ്മാനിച്ച നേട്ടങ്ങളിലൊന്ന്‌. പ്രതിസന്ധികളിലാണ്, മനുഷ്യൻ കൂടുതൽ കരുത്താർജിക്കുകയെന്ന ചരിത്രപാഠം, പോർമുഖങ്ങളിലാണ് ഓരോരുത്തരും കൂടുതൽ ഉരുകിത്തെളിയുകയെന്ന ശാസ്ത്രസത്യം ഇൗ പ്രളയാനന്തര കേരളത്തെയല്ലാതെ ഏത് ഭൂമികയെ നോക്കിയാണ് ലോകം വിളിച്ചുപറയുക.   കേരളത്തെയാകെ ശവപ്പറമ്പാക്കി മാറ്റിയേക്കാവുന്ന ദുരന്തത്തെയാണ് തരിമ്പും കെട്ടുപോകാത്ത നിശ്ചയദാർഢ്യത്താൽ നാം ചെറുത്തുതോൽപ്പിച്ചത്. സകലതും നഷ്ടമായ ദുരന്തഭൂമിയിൽനിന്നാണ് നമ്മൾ ഉയർത്തെണീക്കുന്നത്. എല്ലാ ആശങ്കകൾക്ക‌് നടുവിലും ഇതിനെയും നാം അതിജീവിക്കുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ. ഒരു ഭരണകൂടമോ അതിനെ നയിക്കുന്നവരോ മാത്രമല്ല ഈ വാക്കുകൾ ഉരുവിടുന്നത്. കേരളത്തിലെ ഓരോ മനുഷ്യനും  സ്വയം പ്രഖ്യാപിക്കുകയാണ്‐ അതെ, നാം അതിജീവിക്കും.   പ്രളയം പകർന്ന നന്മകൾ   സകലതും കവർന്ന ദുരന്തം കേരളത്തിന് സമ്മാനിക്കുന്ന ചില നന്മകളുണ്ട്. സാർവത്രികമായ പ്രളയം പകർന്ന സാർവലൗകികതയുടെ പാഠങ്ങൾ. സകല ദൈവങ്ങൾക്കും മീതെ ഒഴുകിപ്പരന്ന പ്രളയജലം സമ്മാനിച്ച തിരിച്ചറിവുകൾ ഏറെയാണ്. മലവെള്ളപ്പാച്ചിൽ കുത്തിയൊലിപ്പിച്ചു കളഞ്ഞത് മലയാളിയുടെ മനസ്സിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മാലിന്യത്തെക്കൂടിയാണ്. പകരം പകർന്നത് മാനവികതയുടെ, സമത്വത്തിന്റെ പഴയ പാഠങ്ങളുടെ പുതിയ പതിപ്പ്‌.   പ്രളയത്തിന്റെ കാരണങ്ങളെച്ചൊല്ലി ചിലർ തർക്കിച്ചേക്കാം. രാഷ്ട്രീയനിലപാടുകളിൽ വിയോജിച്ചേക്കാം. പക്ഷേ, അതിനുമൊക്കെയപ്പുറം മനുഷ്യസ്നേഹവും സഹാനുഭൂതിയും ഒരുമയും ഹൃദയത്തിൽ ചേർത്തുവച്ചവരാണ് മലയാളികളെന്ന് നമ്മെ പഠിപ്പിച്ചും ലോകത്തോട് വിളിച്ചുപറഞ്ഞുമാണ് പ്രളയജലം ഒഴുകിപ്പോയത്. പഴയ കേരളം പുനർനിർമിക്കാനല്ല നമ്മൾ കൈകോർക്കുന്നത്. ഇതാ, കൂടുതൽ മെച്ചപ്പെട്ട നല്ല ഭൂമിയുടെ സ്വപ്നത്തിനാണ് വിത്തിടുന്നത്.   ഇവിടെ എല്ലാവരുമുണ്ട്. തങ്ങളാലാവുന്നതെല്ലാം നാടിനുവേണ്ടി നൽകാൻ ഓരോരുത്തരും തുനിഞ്ഞിറങ്ങുന്നു. പിറന്നുവീണ മണ്ണിനോട് ഇവ്വിധമുള്ള പ്രണയത്തെ നിങ്ങൾ ദേശീയതയെന്ന് വിളിക്കുന്നുണ്ടെങ്കിൽ ഈ കേരളത്തിലെ മനുഷ്യരേക്കാൾ ദേശസ്നേഹികൾ മറ്റെവിടെയാണുള്ളത്. സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ കേരളത്തിന് നൽകിയ തമിഴ്നാട്ടിലെ എട്ടുവയസ്സുകാരി അനുപ്രിയമുതൽ തനിക്കും സഹോദരനും മാതാപിതാക്കൾ നൽകിയ ഭൂമിയിൽ ഒരേക്കർ കേരളത്തിന്റെ പുനർനിർമാണത്തിന് എഴുതിനൽകാൻ സന്നദ്ധയായ പയ്യന്നൂരിലെ പതിനാറുകാരി സ്വാഹവരെ നന്മയുടെ ഉറവവറ്റാത്ത കുഞ്ഞുതലമുറയുടെ പ്രതീകങ്ങളാകുന്നു. തലമുറകൾക്കപ്പുറവും  കേരളത്തിന്റെ ഭാവി സുരക്ഷിതമാണെന്ന ആത്മവിശ്വാസമാണ് ഈ കുഞ്ഞുനന്മകൾ പകരുന്നത്.   പ്രതീക്ഷയാണ് യൗവനം   ആലപ്പുഴയിലെ തെക്കേക്കര ഗവൺമെന്റ് എൽപിഎസ് അപ്പോഴും ചെളിയിലും വെള്ളത്തിലും മുങ്ങിക്കിടക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരണദൗത്യവുമായെത്തുമ്പോൾ നാട്ടുകാരായ ചെറുപ്പക്കാരും പൂർവവിദ്യാർഥികളും ഒപ്പംകൂടി. കുട്ടനാട്ടിൽ മൂന്നു ദിവസം 60000 പേരാണ്‌ കൈമെയ്‌ മറന്ന്‌ പ്രവർത്തിച്ചത്‌. ലോകത്ത്‌ ഇത്തരമൊരു സന്നദ്ധസേവനം അപൂർവമായിരിക്കും. വെള്ളക്കെട്ടിലിറങ്ങിവേണം സ്കൂളിലെത്താൻ. മുറ്റമാകെ വെള്ളം. ക്ലാസ്മുറികളിൽ ചെളികെട്ടിക്കിടക്കുന്നു. വാതിൽപ്പൊക്കത്തിൽ വെള്ളമുയർന്നതിന്റെ പാടുകൾ ചുമരുകളിൽ. സ്കൂളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ വിജയകുമാരി ദുരിതത്തിന്റെ കെട്ടഴിക്കുമ്പോഴേക്കും ആ ചെറുപ്പക്കാർ തുനിഞ്ഞിറങ്ങിയിരുന്നു. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന അരിയും പയറും സാധനങ്ങളുമെല്ലാം വാരിക്കൂട്ടി ചെളിവെള്ളക്കെട്ടിലൂടെ അവർ പുറത്തേക്ക് കൊണ്ടുപോയി. ബെഞ്ചും ഡെസ്കും പാത്രങ്ങളും അലമാരകളുമെല്ലാം പുറത്തെടുത്തു. പിന്നെ കഴുകിവൃത്തിയാക്കലായി. ഒടുവിൽ ക്ലാസ് മുറികളും വരാന്തയും വൃത്തിയാക്കി. ഒരു ദിവസം മുഴുവൻ നീണ്ട അധ്വാനത്തിനൊടുവിൽ സ്കൂൾ ക്ലീൻ. മുമ്പൊരിക്കലും എത്തിയിട്ടില്ലാത്ത പ്രദേശത്തേക്ക് അകലെയേതോ ദിക്കുകളിൽനിന്ന് ഓണദിനങ്ങളിൽപ്പോലും എല്ലാം മാറ്റിവച്ച് ഒഴുകിയെത്തുന്നത് പതിനായിരക്കണക്കിനു ചെറുപ്പക്കാരാണ്. അവരാണ് പ്രളയാനന്തര കേരളത്തിന്റെ പ്രതീക്ഷ.   കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസക്യാമ്പുകളിലും സമാഹരണകേന്ദ്രങ്ങളിലും ഏറെ പ്രതീക്ഷാനിർഭരമാണ് കാഴ്ച. ദിവസങ്ങളോളം ഉറക്കമിളഞ്ഞ് പ്രവർത്തിക്കുന്നത് മുഴുവൻ യുവാക്കൾ. ബഹുഭൂരിപക്ഷവും പതിനഞ്ചിനും ഇരുപത്തഞ്ചിനുമിടയിൽ പ്രായമുള്ളവർ. സോഷ്യൽ മീഡിയവഴി  ദുരിതാശ്വാസ പ്രവർത്തനവും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുന്നതുമുതൽ സ്നേഹത്തിന്റെയും സേവനസന്നദ്ധതയുടെയും ചങ്ങലതീർത്ത് ദുരിതാശ്വാസ സാമഗ്രികൾ ചുമലിലേറ്റിവരെ അവർ മാതൃകയായി.   പുതുതലമുറയുടെ കരങ്ങളിൽ, ഹൃദയവിശാലതയിൽ, സഹജീവിസ്നേഹത്തിൽ കേരളത്തിന്റെ മാനവികതയും സാമൂഹ്യമൂല്യങ്ങളും സുഭദ്രമാണെന്ന സന്ദേശമാകുന്നു ഇത്‌. നിങ്ങളെ ഫ്രീക്കൻമാരെന്ന് വിളിച്ചുരസിക്കുന്നവർക്ക്, ഉത്തരവാദിത്തബോധമില്ലാത്ത യൗവനമെന്ന് വിലപിക്കുന്നവർക്ക്, സോഷ്യൽ മീഡിയയിൽമാത്രം അഭിരമിക്കുന്നവരെന്ന് കുറ്റപ്പെടുത്തിയവർക്ക് നിങ്ങളെന്താണെന്ന് നിങ്ങൾ കാട്ടിക്കൊടുത്തിരിക്കുന്നു ബ്രോസ്.   ഇപ്പോഴല്ലേ ശരിക്കും ഓണം ആഘോഷിച്ചത്   മാവേലിയുടെ വർണചിത്രത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ഓണപ്പരിപാടികൾ വിവരിക്കുന്ന ബോർഡുകൾക്കുമേൽ ചെറിയൊരു കടലാസുതുണ്ടിൽ എഴുതിവച്ച വാചകം‐ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഓണാഘോഷം ഉപേക്ഷിച്ചിരിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും കാണാവുന്ന കാഴ്ച. മനുഷ്യൻ തീർത്ത സകല വേലികളും തകർത്തെറിഞ്ഞ പ്രളയപ്രവാഹം അവന്റെ/അവളുടെ മനസ്സിലെ മതിലുകളെയും പൊളിച്ചടുക്കിയിരിക്കുന്നു. അവിടെ മാനവികതയുടെ പുതിയ മുദ്രകൾ എഴുതിച്ചേർത്തിരിക്കുന്നു.   ഇതുപോലൊരു ഓണക്കാലം ഇതിനുമുമ്പ് ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ടോ. കവലകളിലും വീട്ടകങ്ങളിലും ഇങ്ങനെ നിശബ്ദതനിറഞ്ഞ ഓണം. ഇങ്ങനൊയൊരോണം മലയാളിയുടെ ഓർമയിലില്ല. ഏത് ദുരിതത്തിലും ഓണത്തെ മാറ്റിനിർത്താത്ത മലയാളി ഇത്തവണ ആഘോഷങ്ങൾക്ക് അവധി നൽകി. നിറച്ചാർത്തുകളെല്ലാം സ്വയം മങ്ങിപ്പോയൊരോണം. ആരും വിലക്കിയിട്ടല്ല; ഓരോ മലയാളിയും സ്വയംതിരിച്ചറിഞ്ഞ് ആഘോഷങ്ങൾക്ക്‌ അവധിനൽകി. പൂക്കളവും പുത്തനുടുപ്പുമില്ല. സദ്യക്ക് പായസവും ഉപ്പേരിയുമില്ല. വിരുന്നുകാരുടെ വരവില്ല, വിനോദയാത്രകളില്ല. ക്ലബ്ബുകളുടെ ആഘോഷരാവുകളില്ല. തെരുവുകളിൽ ആർപ്പുവിളികളില്ല. പക്ഷേ, അവനവന്റെ സന്തോഷങ്ങൾക്കുമേൽ അപരന്റെ സന്തോഷങ്ങൾക്ക് സ്ഥാനംകൊടുത്ത ഒരു ജനതയുടെ നന്മയുടെ ആഘോഷമായി ഇത്തവണത്തെ ഓണം. വിവിധ സംഘടനകൾ, ലോകത്തെങ്ങുമുള്ള മലയാളി അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ, റസിഡൻസ് അസോസിയേഷനുകൾ, എന്തിന‌്, വീടുകൾപോലും ആഘോഷങ്ങൾ ഉപേക്ഷിച്ചു. ആരും ഫെയ‌്സ്ബുക്കിൽ ഓണാഘോഷത്തിന്റെ പടങ്ങളിട്ടില്ല. ആശംസകളിട്ടില്ല. പക്ഷേ, കേരളത്തിൽ പുതുവസ്ത്രങ്ങളും സദ്യയും ആട്ടവും പാട്ടും കളികളുംകൊണ്ട് ഓണം ആഘോഷമാക്കിയ ചിലയിടങ്ങളുണ്ടായിരുന്നു. അത് ദുരിതാശ്വാസക്യാമ്പുകളിലായിരുന്നു. എല്ലാ സ്വകാര്യ സന്തോഷങ്ങളും മാറ്റിവച്ച് നാടുമുഴുവൻ അവരുടെ സന്തോഷത്തിന് കൂട്ടിരുന്നു. അവരെ ചിരിപ്പിച്ചു. ഒരു ജീവിതകാലം മുഴുവൻ ഹൃദയത്തോട് ചേർത്തുവയ‌്ക്കാവുന്ന നന്മയുടെ ഓർമച്ചിത്രങ്ങൾ പകർന്നു.   പൂക്കളമിട്ടില്ലെങ്കിലെന്ത്, പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവന്റെ വീട്ടുമുറ്റത്ത‌് നാം നട്ട ചെടികളിൽ പൂക്കൾ ചിരിച്ചു. വീട്ടുകാർക്കൊപ്പമിരുന്ന് വയറുനിറച്ചുണ്ട സദ്യയുടെ നിറവല്ല ഈ ഓണത്തിന്റെ ഓർമ. വീട്ടിൽനിന്നിറങ്ങി അടുത്തുള്ള ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണം വിളമ്പാൻ ചെന്ന ചെറുപ്പക്കാരുടെ മനസ്സിന്റെ വിശാലതയിലായിരുന്നു ഓണം. സ്വന്തം മക്കൾക്ക് പുതുവസ്ത്രം വാങ്ങാതെ ആ തുകകൊണ്ട് അകലെയേതോ വീട്ടിലെ പേരറിയാക്കുഞ്ഞിന് വാങ്ങിക്കൊടുത്ത വസ്ത്രങ്ങളിലായിരുന്നു ഓണം. സ്വാർഥതയ‌്ക്കുമേൽ സഹാനുഭൂതി വിജയംകണ്ട ആഘോഷം. ശരിക്കും ഇതല്ലേ ഓണം. ഇപ്പോഴല്ലേ മലയാളി ശരിക്കും ഓണം ആഘോഷിച്ചത്. മാവേലിനാടിന്റെ വീണ്ടെടുക്കലാകുന്നു പ്രളയാനന്തര കാലത്തെ ഓണം.   കൂടുതൽ സുന്ദരമല്ലേ കേരളം    നോക്കൂ, ഈ മണ്ണിലെ മനുഷ്യരുടെ ഹൃദയത്തിലേക്ക് നോക്കൂ. പ്രളയാനന്തരം അത് കൂടുതൽ സുന്ദരമല്ലേ. ഇതെന്തൊരു നാടാണ്. ആദ്യമായി ഇരുകരകളായി വേർപെട്ട ഈ തുണ്ടുഭൂമിയിൽ ഒന്നായിനിന്നു ഇവിടത്തെ മനുഷ്യർ. എല്ലാ ഭിന്നതകൾക്കുമപ്പുറം അനിശ്ചിതത്വത്തിന്റെ തുരുത്തുകളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരെമാത്രം നാം കണ്ടു. അതുമാത്രമേ കണ്ടുള്ളൂ. മനുഷ്യൻ‐ ഹാ! അതെത്ര മഹത്തായ പദമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു. മനുഷ്യരുടെ ഇച്ഛാശക്തിയോളം വരില്ല ഒരു പ്രളയവുമെന്ന് ലോകത്തോടു പറയാതെ പറഞ്ഞു. ഇത്തരമൊരു മഹാദുരന്തത്തിനപ്പുറം ഇങ്ങനെ ചങ്കൂറ്റത്തോടെ നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരിടം മറ്റെവിടെയാണ്.    ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അനിശ്ചിത്വത്തിലും പ്രതിസന്ധിയിലുംനിന്ന് പുറത്തുവന്ന് ഒരു തലമുറ ഇങ്ങനെ പുഞ്ചിരിച്ച് നിൽക്കുന്ന കാഴ്ച ഇവിടെമാത്രമാകും. ഇതിലും ഭീകരമായ കെടുതികൾ നേരിട്ട രാജ്യങ്ങളുണ്ട്. ഇതിലും വലിയ പ്രളയങ്ങളും ഭൂകമ്പങ്ങളും അനുഭവിച്ച സംസ്ഥാനങ്ങളുണ്ട്. അവിടൊന്നും കാണാത്ത ഐക്യംതന്നെയാണ് കേരളത്തോട് രാജ്യവും ലോകവും കാട്ടുന്ന ഐക്യദാർഢ്യത്തിനും നിദാനം. Read on deshabhimani.com

Related News