കുട്ടിക്കൃഷിക്ക് കാലമായി'ഹരിതകേരളം' പദ്ധതിക്ക് രൂപംനല്‍കി വിവിധ വകുപ്പുകള്‍വഴിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍വഴിയുമെല്ലാം വൈവിധ്യമുള്ള പരിപാടികള്‍ നടപ്പാക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. കേരളത്തിന്റെ പ്രകൃതിഭംഗിയും കാര്‍ഷിക സംസ്കൃതിയും നിലനിര്‍ത്താനും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും ശുചിത്വവും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനുമെല്ലാമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഹരിതകേരളത്തിനായി യത്നിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിദ്യാലയങ്ങളിലൂടെ നമുക്കും അതില്‍ കണ്ണിചേരാം. നമുക്കെന്തുചെയ്യാം? ഹരിതകേരളം പദ്ധതിയില്‍ ഒട്ടേറെ കര്‍മപരിപാടികളുണ്ട്. വിദ്യാര്‍ഥികള്‍ക്ക് എല്ലാം ഏറ്റെടുക്കാനായെന്നു വരില്ല. മഴവെള്ളത്തെക്കുറിച്ചും കുടിവെള്ളത്തെക്കുറിച്ചും വെള്ളം സംഭരിച്ചുവയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം 'അക്ഷരമുറ്റ'ത്തില്‍ മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ. അതില്‍ പറ്റാവുന്നവയെല്ലാം സ്വീകരിക്കാം. അതിനോടൊപ്പം ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് കൂട്ടുകാരുടെ വിദ്യാലയപരിസരം നല്ലൊരു പച്ചക്കറിത്തോട്ടമാക്കി മാറ്റുകയെന്നത്. അതെങ്ങനെയെന്ന് പരിശോധിക്കുന്നതിനുമുമ്പ് പച്ചക്കറി ആഹാരത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിന്റെ പങ്കും അറിയേണ്ടതുണ്ട്. ആഹാരത്തിനും ആരോഗ്യത്തിനും ആഹാരത്തിലൂടെയാണ് ആരോഗ്യം പുഷ്ടിപ്പെടുക. ആഹാരം പോഷകസമൃദ്ധമാവണം. സംശുദ്ധമാകണം. ശരീരസംരക്ഷണത്തിന് ഉതകുന്നതാവകണം. ഇതില്‍ പച്ചക്കറികള്‍ക്കും ഇലക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പഴങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് ലോകാരോഗ്യസംഘടന പറയുന്നത്, പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ഒരു ദിവസം 300ഗ്രാം പച്ചക്കറിയും 100ഗ്രാം ഇലക്കറിയും 200ഗ്രാം കിഴങ്ങും 100ഗ്രാം പയര്‍വര്‍ഗവും  മറ്റു ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തണമെന്ന്. നമ്മുടെ ആഹാരക്രമത്തില്‍ ഇവ എത്ര കുറവാണുള്ളതെന്ന് ആലോചിച്ചുനോക്കൂ. പച്ചക്കറിയില്‍ ധാരാളം ലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജീവകങ്ങളായ എ, ബി, സി, ഇ തുടങ്ങിയവ ഇതിലുണ്ട്. മറ്റേത് ഭക്ഷ്യവസ്തുക്കളിലും ഇല്ലാത്തത്ര നാരുകള്‍(ഫൈബര്‍) ഉള്‍പ്പെട്ടതാണ് പച്ചക്കറി. ഇത് ശരീരത്തിലെ മാലിന്യങ്ങളെ തടയും. സെല്ലുലോസ്, സെമിസെല്ലുലോസ്, പെക്ളിന്‍ എന്നിവ ഉല്‍പാദിപ്പിച്ച രക്തത്തെ ശുദ്ധിചെയ്ത് അമിതകൊഴുപ്പും അമിതഗ്ളൂക്കോസും തടഞ്ഞുനിര്‍ത്തും. അമ്ളതയുടെ ആധിക്യം നിയന്ത്രിക്കും. കാഴ്ചശക്തിക്കും സെല്ലുകളുടെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്കുമെല്ലാം ഇത് സഹായകമാകും. പച്ചക്കറികള്‍ രോഗപ്രതിരോധം തീര്‍ക്കുന്ന നല്ല ആന്റിഓക്സൈഡുകളാണ്. ഓരോ ഇനം പച്ചക്കറിയിലും വ്യത്യസ്ത അളവിലും തരത്തിലുമാണ് പോഷകാംശങ്ങള്‍. അതുകൊണ്ട് ആഹാരത്തില്‍ വിവിധ ഇനം പച്ചക്കറികള്‍കൂടി ഉള്‍പ്പെടുത്തണം. നിറത്തിനുമുണ്ട് പ്രാധാന്യം പലയിനത്തില്‍പെട്ട പച്ചക്കറിപോലെ പലനിറത്തിലുള്ള പച്ചക്കറികളുമുണ്ടല്ലോ. ഒരിനത്തില്‍തന്നെ പല നിറങ്ങളും കാണാം. ചില പിഗ്മെന്റുകളാണ് ഈ നിറവ്യത്യാസം നല്‍കുന്നത്. കരോട്ടിനോയിഡുകള്‍, ആന്തൊസൈനിക് പിഗ്മെന്റ്, ലൈക്കോപ്പിന്‍ എന്നിവയാണവ. വയലറ്റ് നിറത്തിലുള്ള കാബേജും വെള്ളനിറത്തിലുള്ള കാബേജുംപോലെ വയലറ്റ്, പച്ച നിറമുള്ള പയറും ഓറഞ്ച്, പച്ച, മഞ്ഞ നിറമുള്ള വഴുതിനയും ഇന്ന് പ്രചാരത്തിലുണ്ട്. മേല്‍പ്പറഞ്ഞ പിഗ്മെന്റുകള്‍ ഹൃദ്രോഗം, കൊളസ്ട്രോള്‍, ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഘടകമുള്ളതാണ്. അതുകൊണ്ട് പച്ചക്കറി വിവിധ ഇനങ്ങളോടൊപ്പം വിവിധ നിറങ്ങളുള്ളവയും കൃഷിചെയ്യുകയും  ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയുംവേണം. ജൈവമാകണം പച്ചക്കറിയില്‍ ജൈവകൃഷിരീതി സ്വീകരിക്കണം. രാസകീടനാശിനികള്‍ തളിച്ച പച്ചക്കറി കഴിച്ചാല്‍  വിവിധ രോഗങ്ങള്‍ പിടിപെടും. മണ്ണും വെള്ളവും പരിസ്ഥിതിയും മലിനമാകും. അതുപോലെ രാസവളപ്രയോഗവും പരിമിതപ്പെടുത്തുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. ഇത് സംശുദ്ധിയുള്ള ആരോഗ്യദായിനിയായ ഭക്ഷണംലഭിക്കാന്‍ ഇടനല്‍കും. മണ്ണിന്റെ ആരോഗ്യം സംരക്ഷിച്ച് ഉല്‍പാദനക്ഷമത കൂട്ടാനിടനല്‍കും. രാസവസ്തുക്കളായ വിഷംതളിച്ച പച്ചക്കറികള്‍ വ്യാപകമായി വിറ്റഴിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇവ ഭക്ഷിക്കുന്ന നമുക്ക് വിവിധ തരത്തിലുള്ള രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്നും അതുകൊണ്ട് ഇവ തടഞ്ഞുനിര്‍ത്താനാവശ്യമായ  സമാന്തരമായ കൃഷിയാണ് വേണ്ടതെന്നും ഇതിനായി ജൈവകൃഷിമുറ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഇതിനായി കാര്‍ഷിക ക്ളബ്ബുകള്‍ സജീവമാക്കണം. പിടിഎയുടെയും അധ്യാപകരുടെയും സഹായവും തേടാം. എവിടെയൊക്കെ ? സ്കൂള്‍ പരിസരത്ത് ധാരാളം ഒഴിവ് സ്ഥലങ്ങളുണ്ടാവുമല്ലോ. അവിടെ കൃഷിചെയ്യാം. ഇതില്ലെങ്കില്‍ നിങ്ങളുടെ വിദ്യാലയപരിസരങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് ചെടിച്ചട്ടിയിലും പോളിത്തീന്‍ ബാഗിലും കൃഷിചെയ്യാം. (ഇതിന് പോളിബാഗ് കൃഷി എന്നുപറയും). ഇരുനില വാര്‍പ്പ് കെട്ടിടമുണ്ടെങ്കില്‍ മഴക്കാലത്ത് അവിടെയുമാകാം. കൃഷിയിടത്തിന് ഇനി പറയുന്ന സൌകര്യമുണ്ടാവണം. നല്ല സൂര്യപ്രകാശം കിട്ടണം. വെള്ളക്കെട്ട് ഉണ്ടാവാതെ നീര്‍വാര്‍ച്ചാ സൌകര്യംവേണം. വേനല്‍ക്കാലത്ത് ജലസേചന സൌകര്യംവേണം. വളപ്പറ്റ് നല്ലപോലെയുള്ള മണ്ണാവണം. രണ്ടുമൂന്നടി കട്ടിയില്‍ മണ്ണുണ്ടാവണം. പഴവര്‍ഗങ്ങള്‍ക്ക് 5-6 അടി മണ്ണ് വേണം. ചെടിച്ചട്ടിയിലും ഗ്രോബാഗിലും ചെയ്യുമ്പോള്‍ ജൈവവള മിശ്രിതം തയ്യാര്‍ചെയ്ത് നിറയ്ക്കണം. Read on deshabhimani.com

Related News