ഇനിയിവർക്ക‌്, ഇരുളും മെല്ലെ വെളിച്ചമായി വരുംകോഴിക്കോട‌് മെഡിക്കൽ കോളേജിനടുത്തുള്ള സിന്ധുവിനും സീനത്തിനും (പേരുകൾ യഥാർഥമല്ല) ഇനി ഒരു ‘പുനർജന്മമാണ‌്’. ബസ‌് സ‌്റ്റാൻഡുകളിലും ലോഡ‌്ജുകളിലും ഉള്ളിൽ കരഞ്ഞ‌് ജീവിച്ച ദിനങ്ങളും അവിടെ എത്തിച്ച സാഹചര്യങ്ങളും മറവിയിലേക്ക‌്. ഇരുട്ടിനെ വെളിച്ചമാക്കി, വിലപേശലില്ലാതെ തലയുയർത്തി അവർ ജീവിക്കും. ഭീതിയൊട്ടുമില്ലാതെ, തന്റെയും കൂടെയുള്ളവരുടെയും വയറ‌് നിറയ‌്ക്കാനാവുമെന്ന പ്രതീക്ഷയിലാണ‌് കുടുംബശ്രീ അയൽക്കൂട്ടമായ ‘ലയ’ത്തിലെയും ‘കൃപ’യിലെയും ഈ അംഗങ്ങൾ. ലൈംഗിക തൊഴിൽ ചെയ‌്ത‌് ജീവിതം നയിക്കുന്ന സ‌്ത്രീകൾക്ക‌് ആശ്രയമാകുകയാണ‌് കുടുംബശ്രീ.  സ‌്ത്രീ ലൈംഗിക തൊഴിലാളികൾക്ക‌് മാത്രമായി പ്രത്യേകം അയൽക്കൂട്ടം രൂപീകരിച്ച‌് സാമൂഹികപരമായ വലിയ മാറ്റത്തിനാണ‌് തുടക്കം കുറിക്കുന്നത‌്.  ഒരാഴ‌്ച മുമ്പ‌് കോഴിക്കോട‌് ജില്ലാ മിഷന്റെ കീഴിലാണ‌് ലൈംഗിക തൊഴിലാളികളുടെ സംസ്ഥാനത്തെ ആദ്യ അയൽക്കൂട്ടം രൂപീകരിച്ചത‌്. മെഡിക്കൽ കോളേജ‌് പരിസരം കേന്ദ്രമാക്കിയുള്ള ‘ലയം’,  ‘കൃപ’ എന്നീ രണ്ട‌് അയൽക്കൂട്ടങ്ങളാണിവ. എയ‌്ഡ‌്സ‌് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ‌് ഇത്തരമൊരു സംരംഭത്തിന‌് തുടക്കമിടുന്നത‌്. നിത്യവൃത്തിക്കായി ലൈംഗിക തൊഴിൽ ചെയ‌്ത‌് കടത്തിണ്ണയിലോ വാടക വീടുകളിലോ കഴിയുന്ന പാവപ്പെട്ട 20 സ‌്ത്രീകളാണ‌് ഈ ഗ്രൂപ്പുകളിൽ അംഗങ്ങൾ. ഓരോ അയൽക്കൂട്ടത്തിലും 25നും 50നും ഇടയിൽ പ്രായമുള്ള പത്ത‌് പേർ വീതമാണുള്ളത‌്. ജീവിത ദുരിതങ്ങളിൽ അകപ്പെട്ട‌് വിശപ്പ‌് മാറ്റാനായി ഈ തൊഴിലിൽ എത്തിപ്പെട്ടവരാണ‌് എല്ലാവരും. പലർക്കും അന്തിയുറങ്ങാൻ വീടുപോലുമില്ല. കടത്തിണ്ണയും ബസ‌് സ‌്റ്റാൻഡിലെ ഒഴിഞ്ഞ സ്ഥലങ്ങളുമാണ‌് ആശ്രയം. പലപ്പോഴും തുഛമായ കാശിനാണ‌് ഈ ദുരിത ജീവിതം നയിക്കുന്നത‌്. അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെല്ലാംതന്നെ ഈ ദുരിതത്തിൽ നിന്ന‌് രക്ഷപ്പെടണമെന്ന ആഗ്രഹവുമായാണ‌് ആദ്യ യോഗത്തിൽ ആവേശത്തോടെ പങ്കെടുത്തത‌്.  ഹോട്ടൽ തുടങ്ങണമെന്ന ആഗ്രഹമാ‌ണ‌് അംഗങ്ങൾ പങ്ക‌് വച്ചത‌്‌. ആഭരണ നിർമാണം, കുട നിർമാണം തുടങ്ങിയ മറ്റു തൊഴിൽ സാധ്യതകൾ കൂടി പരിശോധിച്ച‌് അടുത്ത മാസത്തോടെ പരിശീലനത്തിനുള്ള നടപടികൾ തുടങ്ങും.  അംഗങ്ങൾക്ക‌് വരുമാന മാർഗം കണ്ടെത്തി നൽകി ഇവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ‌് പ്രധാന ലക്ഷ്യം. അതിനുള്ള തൊഴിൽ പരിശീലനം, വായ‌്പ ലഭ്യമാക്കൽ എന്നീ സഹായങ്ങളെല്ലാം കുടുംബശ്രീ നൽകും.അടുത്ത ഘട്ടത്തിൽ കൂടുതൽ ഗ്രൂപ്പുകൾ ലൈംഗിക തൊഴിലാളികൾക്കായി രൂപീകരിക്കുമെന്ന‌് ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ പി സി കവിത പറഞ്ഞു. Read on deshabhimani.com

Related News