നെല്ല് സംഭരണത്തിന് പുതിയ താളംകോട്ടയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നെല്ല്സംഭരണത്തിലെ പാളിച്ചകൾ കർഷകരെ തകർത്തപ്പോൾ അവർക്ക് ആശ്വാസം നൽകുന്ന നടപടികളായിരുന്നു എൽഡിഎഫ് സർക്കാരിന്റേത്. സംഭരണത്തിൽ മുമ്പുണ്ടായിരുന്ന കുടിശ്ശികകൾ കൊടുത്തുതീർത്തു. കഴിഞ്ഞ സാമ്പത്തികവർഷം ഏകദേശം നാലുലക്ഷം ടൺ നെല്ല് വിവിധ ജില്ലകളിൽനിന്ന് സംഭരിച്ചു. പലയിടത്തും മില്ലുകൾ വേണ്ടരീതിയിൽ സംഭരണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ കൃത്യമായ രീതിയിൽ ഇടപെടാനും മില്ലുകൾക്കുമേൽ സമ്മർദം ചെലുത്താനും നടപടി സ്വീകരിച്ചുവരികയാണ്. മുൻ സർക്കാർ നെല്ല് സംഭരിച്ച് പണം കുടിശ്ശിക വരുത്തിയപ്പോൾ എൽഡിഎഫ് സർക്കാർ ദിവസങ്ങൾക്കുള്ളിൽ കർഷകരുടെ നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചു. മാസങ്ങൾവരെ പണത്തിനായി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു മുമ്പ് കർഷകർക്ക്. നെല്ലിന് നൽകുന്ന പണത്തിന്റെ കേന്ദ്രവിഹിതം മുടങ്ങിയതായിരുന്നു കാരണം. എൽഡിഎഫ് സർക്കാർ ഇതുവരെ 700 കോടിയോളം രൂപ കർഷകർക്ക് വിതരണംചെയ്തു. പാലക്കാടാണ് ഏറ്റവും കൂടുതൽ നൽകിയത്. എസ്ബിഐ, കനറ ബാങ്ക്,  ഫെഡറൽ ബാങ്ക്, ജില്ലാബാങ്കുകൾ എന്നിവയടക്കം 15 ബാങ്കുകളുമായി തുകവിതരണത്തിന്സർക്കാർ ധാരണയിലെത്തിയിരുന്നു. ഇതുവഴി തുകവിതരണം എളുപ്പമായി. ബാങ്കുകളും സർക്കാരുംതമ്മിലുള്ള ധാരണപ്രകാരം നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നൽകുന്ന പാഡി റസീപ്റ്റ് ഷീറ്റ് ബാങ്കിൽ കൊടുത്താൽ പണം ലഭിക്കും. ഈ പണം ബാങ്കുകൾക്ക് പലിശസഹിതം സർക്കാർ തിരികെ നൽകും.   കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിൽ 1.41 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ആലപ്പുഴയിൽ  1.20 ലക്ഷം ടണ്ണും കോട്ടയത്ത് 56000 ടണ്ണും സംഭരിച്ചു. മെയ് പകുതിയോടെ വിളവെടുപ്പ്  പൂർത്തിയാകുമെന്നാണ് കരുതുന്നത്.   കാർഷിക അഭിവൃദ്ധി നയമാക്കിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ മേഖലയ്ക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്. തരിശുകിടന്ന ആയിരക്കണക്കിന് ഏക്കർ പാടമാണ് ഇക്കാലത്തിനിടെ പച്ചയണിഞ്ഞത്. കോട്ടയം ജില്ലയിൽ മാത്രം നാലായിരം ഏക്കർ തരിശുഭൂമിയിൽ കൃഷിയാരംഭിച്ചു. മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാൻ ഹെക്ടറിന് 30,000 രൂപ വീതം സാമ്പത്തികസഹായം നൽകി. നെല്ലുവില ക്വിന്റലിന് 2250 രൂപയിൽനിന്ന് 2330 രൂപയായി വർധിപ്പിച്ചിരുന്നു. ഹെക്ടറിന് 4500 രൂപവീതമുള്ള കേന്ദ്രസഹായം നിർത്തലാക്കിയത് കർഷകർക്ക് തിരിച്ചടിയായിരുന്നു. ഇതിന്റെ ആഘാതം പരമാവധി ലഘൂകരിക്കാൻ എൽഡിഎഫ്  സർക്കാരിന്റെ ഇടപെടലുകൾ പ്രയോജനപ്പെട്ടു. ഉൽപ്പാദന ബോണസായി ഹെക്ടറിന് 1,000 രൂപയും മണ്ണ് പരിരക്ഷയ്ക്ക് 500 രൂപയും സർക്കാർ കർഷകർക്ക് നൽകുന്നു.   കർഷകരിൽനിന്ന് ലഭിക്കുന്ന നിലവാരമുള്ള അരിക്കുപകരം മില്ലുടമകൾ മോശപ്പെട്ട അരി വിപണിക്കുനൽകുന്ന പ്രവണത വലിയതോതിൽ കുറയ്ക്കാൻ സർക്കാരിന് സാധിച്ചു. എടുക്കുന്ന അരിതന്നെ തിരിച്ചും തരണമെന്ന് കർശന നിർദേശമുണ്ട്. ഇതോടെ പാലക്കാടൻ മട്ടയുംമറ്റും വിപണിയിൽ സുലഭമായി. Read on deshabhimani.com

Related News