ഭൂമിയുടെ പന്ത്ലോകത്തെ പിടിച്ചുകുലുക്കുന്ന 32 ദിവസങ്ങൾ വരുന്നു. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ മാഞ്ഞ്, സങ്കുചിതത്വത്തിന്റെ വരമ്പുകൾ നിരത്തി ഒരു പന്ത്പായുന്നു. 113ാം മിനിറ്റിൽ മരിയോ ഗോട്സെ അടിച്ച ഗോളിൽ ജർമനി ചാമ്പ്യൻമാരായപ്പോൾ ബെർലിൻ നഗരം മാത്രമല്ല കേരളത്തിന്റെ ഗ്രാമങ്ങൾ വരെ അല്ലെങ്കിൽ എന്തിനാണ് പൊട്ടിത്തെറിച്ചത്?. അർജന്റീനയുടെ മിശിഹാതമ്പുരാനായ ലയണൽ മെസി അത്യൽഭുതത്തിന്റെ പുനരുത്ഥാനം തീർക്കാനാവാതെ റിയോ ഡി ജനീറോവിലെ മാരക്കാനയിൽ വിയർപ്പും കണ്ണീരുമൊട്ടിയ മുഖംപൊത്തി നിന്നപ്പോൾ അല്ലെങ്കിൽ എന്തിനാണ് ബാഗ്ദാദിലെ മനുഷ്യർ തേങ്ങിപ്പോയത്?. കൊളംബിയയുടെ യുവാൻ കാമിലോ സുനിഗ വലതു മുട്ടുകാൽകൊണ്ട് നെയ്മറിന്റെ നട്ടെല്ല് ഇടിച്ചു തകർത്തപ്പോൾ അല്ലെങ്കിൽ എന്തിനാണ് ധാക്കയിലെ കാണികൾ വിതുമ്പിയത് ?. ഫുട്ബോളിന് ഭാഷയില്ല. അത്യാഹ്ലാദത്തിനും അതിതീവ്രസങ്കടത്തിനും ഭാഷയില്ല. ശക്തമായ വികാരങ്ങൾക്ക് മുന്നിൽ ഭാഷയുടെ  ശബ്ദകോശം ശൂന്യമാണ്. ഈ പന്തിനും മനുഷ്യന്റെ ജീവിതമാണ്. ആൽബർട്ട് കാമു ജീവിതത്തെ കുറിച്ച് ആദ്യപാഠം ഉൾക്കൊള്ളുന്നത് അൾജീരിയ യൂണിവേഴ്സിറ്റിയുടെ ഗോൾവലയ്ക്ക് കാവൽ നിൽക്കുമ്പോഴാണ്. ജീവിതത്തിൽ ധാർമീകതയും കടപ്പാടും കാമു പഠിച്ചത് മൈതാനത്തു നിന്നാണ്. എതിർ ടീമിന്റെ സാന്നിധ്യം ഫുട്ബോളിനെ സങ്കീർണമാക്കുന്നു എന്ന് ജീൻ പോൾ സാർത്ര് ദാർശനീകമായി നിരീക്ഷിച്ചു. ഫുട്ബോൾ ജീവിതം തന്നെയാണെന്ന് വാൾട്ടർ സ്ക്കോട്ട് എഴുതിയത് ഒരു കളി റിപ്പോർട്ട് ചെയ്തപ്പോഴാണ്. കളിക്കാർ മൈതാനിയിൽ തെന്നി വീഴുമ്പോൾ സ്ക്കോട്ട് ഓർമിപ്പിച്ചു‐ ജീവിതത്തിൽ ഇതിനേക്കാൾ വലിയ വീഴ്ചകൾ ഉണ്ടാകും. ജോർജ് ഓർവെല്ലിന് തോക്കില്ലാത്ത യുദ്ധമാണ് സോക്കർ. ഷെർലോക് ഹോംസ് കഥകൾ എഴുതുന്നതിനിടയിൽ ആർതർ കോനൻ ഡോയലിന്റെ ആഹ്ലാദം ഫുട്ബോളാണ്. സൽമാൻ റുഷ്ദി ടോട്ടനം ഹോട്സ്പറിന്റെ ആരാധകനാണ്.  ഫുട്ബോൾ ഒരു പന്തും 22 കളിക്കാരുമല്ല. തംബുരു ഒരു മരക്കഷണവും നേർത്ത കുറച്ച് കമ്പികളുമല്ല. ഉപനിഷത്ത് കുറച്ച് ഓലകളും എഴുത്താണിയുമല്ല. ഒരു ഗോൾ ഒരു വിധിയെഴുത്താണ്. ഇതു പോലെ മറ്റൊരു കളിയുമില്ല. സങ്കീർണതകളില്ല, ആസ്വദിക്കാൻ അമരകോശം വായിക്കണ്ട. സാങ്കേതിക വാക്കുകളുടെ ജഡം തട്ടിമാറ്റേണ്ടതില്ല.  ഇത്തിരിസ്ഥലത്ത് രണ്ട് മരക്കമ്പുകൾ കുത്തിനിർത്തി ഈ കളി തുടങ്ങാം. കുട്ടിയായിരുന്ന നെയ്മർ ഗോൾ പോസ്റ്റിന് പകരം രണ്ട് ബന്ധുക്കളെയാണ് നിർത്തിയത്. കടലാസും കീറച്ചാക്കും പൊതിഞ്ഞാണ് പെലെ പന്തുണ്ടാക്കിയത്. ഒരു പന്ത് വാങ്ങാൻ ചേരിയിൽ ഇരന്നു നടന്നു ഈ വിശ്വമാന്ത്രികൻ. പന്ത്രണ്ടാം വയസ്സിൽ അച്ഛൻ ഉപേക്ഷിച്ചുപോയി ക്രിസ്റ്റ്യാനോ റൊണാൾഡോയെ. തൂപ്പുകാരിയുടെ മകനായിരുന്നു അലക്സിസ് സാഞ്ചെസ്. അമ്മ സ്ക്കൂൾ അടിച്ചുവരുമ്പോൾ ആരും കാണാതെ ഒളിച്ചിരുന്നു സാഞ്ചെസ്. ക്രൊയേഷ്യയിലെ കലാപകാലത്ത് അഭയാർഥിക്യാമ്പിലായിരുന്നു ലുക മോഡ്രിച്ച്. തുരുതരാ പറക്കുന്ന ഗ്രനേഡുകൾ ആശങ്കയോടെ നോക്കി നിന്നു മോഡ്രിച്ച്. സിമന്റ് ബഞ്ചിൽ കിടന്നുറങ്ങി, അതിരാവിലെ അച്ഛനൊപ്പം തണ്ണീർമത്തൻ പൊട്ടിക്കാനും കൃഷിക്കുമായി പോയി ഡാനി ആൽവേസ്. കുറ്റകൃത്യങ്ങളുടെ നഗരത്തിൽ ശവങ്ങൾക്കും സിറിഞ്ചുകൾക്കും കുപ്പിച്ചില്ലുകൾക്കും ഇടയിലൂടെ തേഞ്ഞുപഴകിയ ഷൂസുമിട്ട് സ്ക്കൂളിൽ പോയി കാർലോസ് ടെവസ്.  ദാരിദ്ര്യം സഹിക്കാതെ ചില്ലറ കളവുകൾ വരെ നടത്തി സ്ലാട്ടൻ ഇബ്രഹാമോവിച്ച്. ദരിദ്രനെ സ്വപ്നം കാണാൻ ഈ പന്ത് പഠിപ്പിച്ചു. ദ്യേഗോ മറഡോണ ഉറങ്ങിയത് പന്ത് കെട്ടിപ്പിടിച്ചാണ്. ഇത് ഇല്ലാത്തവന്റെ അൽഭുതക്കുടുക്കയാണ്. ഒരേ സമയം ഇത് വ്യക്തിയും സമൂഹവുമാണ്. ഇത് എല്ലാവരും ഒരാൾക്ക് വേണ്ടിയും ഒരാൾ എല്ലാവർക്കും വേണ്ടിയും കളിക്കുന്ന കളിയാണ്. ഗോൾമുഖത്തെ നിസ്വാർഥതയാണ് ഇത്. പത്മവ്യൂഹത്തെ പിളർന്ന് ഒരുക്കുന്ന പാതയിലൂടെ പന്ത് തെളിച്ച് കൂട്ടുകാരന്റെ കാൽപാദത്തിൽ സമർപ്പിച്ച്, 'ഇത് നിനക്കുള്ളതാണ്' എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ത്യാഗമാണ്. ഇത് കുരിശിൽ ചൊരിഞ്ഞ ചോരയാണ്. മെസി സെർജിയോ അഗ്വേറോയ്ക്ക് അവസരം ഒരുക്കുമ്പോഴും നെയ്മർ ഗബ്രിയേൽ ജെസ്യൂസിനെ നിമിഷാർധം കൊണ്ട് ക്ഷണിക്കുമ്പോഴും ഇനിയേസ്റ്റ ദ്യേഗോ കോസ്റ്റയെ കാണുമ്പോഴും സ്വാർഥരഹിതമായ ആത്മബലിയുടെ മുഹുർത്തങ്ങളാണ് പിറക്കുന്നത്. ഗോളടിക്കുന്നവന്റെ പേരാണ് ചരിത്രത്തിൽ ഇടംപിടിക്കുന്നത് എന്ന് അറിഞ്ഞിട്ടും സ്വന്തം ഹൃദയം ചീന്തിയെടുത്ത് കൂട്ടുകാരന് പുഷ്പാഭരണം പണിയുന്ന നിസ്വാർഥതയാണ്. ഫുട്ബോൾ ഞാനെന്ന ഭാവത്തിന്റെ ഗർവല്ല, പറിച്ചാൽ ചോര ചിന്തുന്ന കരളുറപ്പാണ്. അത് കരുതിവെക്കുന്ന കുറ്റസമ്മതമല്ല, വേർപിരിക്കാനാവാത്ത ആലിംഗനമാണ്. ഒന്നാണ് അവർ. ഒരു ടീമാണ് അവർ. മരണത്തിലേക്കെങ്കിൽ മരണത്തിലേക്ക് ഒന്നിച്ച് നടക്കുന്ന ഐക്യദാർഢ്യമാണ്. മുട്ടുവിറയ്ക്കില്ല ഈ പോരാളികൾക്ക്. ഗോൾ മടക്കാൻ എതിരാളികൾ സർവസന്നാഹത്തോടെ കൊടുങ്കാറ്റായി മാറുമ്പോൾ പിടിച്ചുനിൽക്കുന്ന കാവൽനിരയുണ്ട്. അവരുടെ അസ്ഥിവാരത്തിലാണ് ടീമിനെ ഒരുക്കുന്നത്. അവിടെയാണ് ലോതർ മത്തേവൂസ് നിന്നത്, ബോബി മൂർ നിന്നത്,  ഡാനിയേൽ പാസറെല്ലോ നിന്നത്, റോബർട്ടോ കാർലോസ് നിന്നത്, ഫാബിയോ കന്നവാരോ നിന്നത്, ജോർജിയോ ചില്ലേനി നിന്നത്, കാർലോസ് പുയോൾ നിന്നത്. നെഞ്ച് വിരിച്ച് നിൽക്കുന്ന അതിർത്തിരക്ഷാസേനയാണ് അത്. റഷ്യയിലുണ്ട് , സെർജിയോ റാമോസ്, മാർക്വിന്യോസ്, മാറ്റ് ഹുമ്മൽസ്, തിയാഗോ സിൽവ, ജെറാർഡ് പിക്വെ,ജെറോം ബോട്ടെങ്, വിൻസെന്റ് കൊമ്പനി. ഗോൾകീപ്പർക്കു മുന്നിൽ അവർ നിരക്കും, കരിമ്പുലിയുടെ മാരകഭാവത്തോടെ. ഉന്മാദത്തിന്റെ അരികിലൂടെയാണ് ഈ പന്ത് സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ പ്രയോഗരൂപങ്ങളും ഈ പന്തിന്റെ പ്രയാണത്തിലുമുണ്ട്. അധികാര ധാർഷ്ട്യവും വംശീയവൈരൂപ്യവും ഈ പന്തിൽ പൊതിഞ്ഞുവന്നിട്ടുണ്ട്. ഏകാധിപതികൾ ജനസമ്മതിക്കായി സോക്കറിനെ ഉപയോഗിച്ചിട്ടുണ്ട്. ഹിറ്റ്ലറും ഫ്രാങ്കോയും പട്ടാളഭരണവും ഈ പന്തിനെ പീരങ്കികൾക്ക് കളിക്കാൻ എറിഞ്ഞിട്ടുകൊടുത്തു. വെളുത്തവൻ നിലവാരമുള്ളവനും കറുത്തവൻ നിലവാരമില്ലാത്തവനും എന്ന അഹങ്കാരത്തിന്റെ വിധിപ്പകർപ്പുകൾ സോക്കർ മൈതാനത്തും ഗർജിച്ചിട്ടുണ്ട്. കറുത്തവൻ കളിക്കാൻ ഇറങ്ങിയപ്പോൾ ഗ്യാലറിയിൽ നിന്ന് കുരങ്ങുകരച്ചിൽ ഉയർന്നു. പഴം എറിഞ്ഞിട്ടുകൊടുത്തു. ദിദിയർ ദ്രോഗ്ബയും സാമുവൽ എറ്റുവും യയ ട്യൂറെയും അതിജീവനത്തിന്റെ ബൂട്ടണിഞ്ഞ് യൂറോപ്യൻ മൈതാനങ്ങളെ ഇളക്കിമറിച്ചു. കറുത്തവന്റെ കാലൊച്ച കേൾക്കാത്ത യൂറോപ്യൻ ടീമുകൾ കുറഞ്ഞു. ഉച്ചനീചത്വത്തിന്റെ ചിതൽപ്പുറ്റുകൾ ചിതറിതെറിപ്പിച്ച് കാലത്തിനൊപ്പം ഈ പന്ത് കുതിക്കുന്നു. അത് തരുന്ന ആഹ്ലാദത്തിന് വർണങ്ങളുടെ വേർതിരിവില്ല.സങ്കുചിതത്വത്തിനിടയിൽ അത് വിശാലമായ മൈതാനം ഒരുക്കുന്നു. വിവേചനങ്ങൾക്കിടയിൽ അത് സമതലം തീർക്കുന്നു. മനുഷ്യനെയും മനുഷ്യനെയും മുഖാമുഖം നിർത്തുന്നു. ഇത് ആഭിജാത്യങ്ങളില്ലാത്ത, വിശേഷണങ്ങളുടെ മേദസ്സില്ലാത്ത പച്ചമനുഷ്യന്റെ കളിയാണ്. അതുകൊണ്ടാണ് കോടാനുകോടി മനുഷ്യർ ഇതിനെ വരവേൽക്കുന്നത്. കടലും കൊടുമുടികളും അതിരിടുന്ന വൻകരകളുടെ വിഭജനങ്ങൾ ഇല്ലാതാകുന്നു. ഭൂമി റഷ്യയിൽ ഗോളമായി മാറുന്നു. അതിന്റെ അച്ചുതണ്ടിൽ കൈകോർത്ത് നിൽക്കുന്നത് ആര്?. ബ്രസീൽ...?സ്പെയ്ൻ...?ജർമനി...?ഫ്രാൻസ്...? അർജന്റീന...?പോർച്ചുഗൽ...?ബൽജിയം...? ആകാംക്ഷകളുടെ നിമിഷങ്ങൾ എണ്ണിത്തീരുന്നു. വഴിയോരങ്ങളിൽ പൂക്കൾ വിതറി, നാൽക്കവലകൾ തോരണങ്ങളാൽ അലങ്കരിച്ച് മനുഷ്യർ ഇത് ഏറ്റുവാങ്ങുന്നു. ഒലീവിലക്കൊമ്പുകൾ വീശി കോടാനുകോടികൾ ആർക്കുന്നു....ഇതിലെ...ഇതിലെ...ഇതിലെ...   Read on deshabhimani.com

Related News