സൗദി സ്വദേശിവൽക്കരണം നാളെ മുതൽമനാമ>പ്രവാസികളെ ആശങ്കയിലാക്കി സൗദിയില്‍ 12 പുതിയ മേഖലയില്‍ ചൊവ്വാഴ്ചമുതല്‍ ഘട്ടംഘട്ടമായി സ്വദേശിവല്‍ക്കരണം നിലവില്‍ വരും. ഈ മേഖലകളിലെ സൗദിവൽക്കരണം 70 ശതമാനമായി ചുരുക്കിയിട്ടുണ്ട‌്. മൂന്നുഘട്ടങ്ങളിലായാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. കാർ ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ‌്ത്രങ്ങൾ, ഫർണിച്ചർ കടകൾ, പുരുഷന്മാർക്കുള്ള ഉൽപ്പന്നങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, പാത്രക്കടകൾ എന്നിവിടങ്ങളിലാണ‌് ചൊവ്വാഴ‌്ച സൗദിവൽക്കരണം നിലവിൽവരിക. വാച്ച് ‐കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്കൽ‐ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ 9 മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ‌്‐ പലഹാരക്കടകൾ എന്നിവയിൽ 2019 ജനുവരി 7 മുതലും സ്വദേശിവൽക്കരണം നടപ്പാക്കും. ഇതിലാണ് 30 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവുപ്രകാരം ക്ലീനിങ‌്, ലോഡിങ‌്, മെക്കാനിക്, ടെക്‌നീഷ്യന്മാർ, കടകളുടെ മാനേജർ എന്നീ മേഖലകളിൽ വിദേശികളെ നിയമിക്കാം. മാനേജർ പോസ്റ്റിലേക്ക് രണ്ടു വർഷത്തേക്കേ നിയമനം പാടുള്ളൂ. ഒരു സൗദി ജീവനക്കാരനെങ്കിലും ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. വിദേശികൾ ഒറ്റയ‌്ക്ക് ജോലിചെയ്യുന്ന  സ്ഥാപനങ്ങൾക്കും 30 ശതമാനത്തിൽ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തും. അതേസമയം, ചില്ലറവ്യാപാര മേഖലയിൽ സൗദിവൽക്കരണം ഘട്ടംഘട്ടമായി ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ (ബഖാല) സൗദിവൽക്കരണം പത്തു ശതമാനമാണ്. 2020 ഓടെ 50 ശതമാനം വരെയായി ഉയർത്തും. ജനുവരി 28നാണ് ഈ മേഖലകളിലെ സെയിൽസ് ഔട്ട്‌ലെറ്റുകളിൽ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചത്. വൻതോതിൽ മലയാളികൾ തൊഴിലെടുക്കുന്ന മേഖലകളാണ് ഇതിൽ ഏറെയും. Read on deshabhimani.com

Related News