സൗദി സഖ്യസേന യമനിൽ യുദ്ധക്കുറ്റം ചെയ്യുന്നതായി യുഎൻന്യൂയോർക്ക‌് യമനിൽ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളിൽപ്പെടുന്നതാണെന്ന‌് ഐക്യരാഷ്ട്ര സംഘടന. ചൊവ്വാഴ‌്ചയാണ‌് ഇതുസംബന്ധിച്ച റിപ്പോർട്ട‌് പുറത്തുവിട്ടത‌്. യമനിൽ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങൾ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതാണ‌്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ‌് യമനിൽ സൗദി സഖ്യസേന നടത്തുന്നത‌്. യമനിന്റെ വ്യോമമേഖലയും തുറമുഖങ്ങളും ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങളിൽ മനുഷ്യക്കുരുതി ഉണ്ടാകുന്നത‌് അംഗീകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2015ൽ ഹൂതി വിമതർക്കെതിരെയാണ‌് സൗദി സഖ്യസേന യമനിൽ ആക്രമണം തുടങ്ങിയത‌്. അന്നുമുതൽ സേനയ‌്ക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സൗദിയും സഖ്യരാഷ്ട്രങ്ങളും ഈ ആവശ്യം നിരന്തരം നിരസിച്ചുവരികയാണ‌്. ഈ സാഹചര്യത്തിലാണ‌് സൗദി സഖ്യസേനയെ പ്രതിക്കൂട്ടിൽ നിർത്തി റിപ്പോർട്ട‌് പുറത്തുവിട്ടിരിക്കുന്നത‌്. 16,000 വ്യോമാക്രമണങ്ങളാണ‌് ഈ കാലയളവിൽ യമനിലുണ്ടായത‌്. ഇതിൽ ഭൂരിഭാഗവും നടന്നത‌് സാധാരണജനങ്ങൾ വസിക്കുന്ന  മേഖലകളിലുമാണ‌്. പ്രധാനമായും ആശുപത്രികൾ, വിവാഹ പാർടികൾ, കുടിവെള്ള‐വൈദ്യുതി നിലയങ്ങൾ ലക്ഷ്യംവച്ചായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഏകദേശം പതിനായിരക്കണക്കിന‌ുപേരാണ‌് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com

Related News