സമ്പന്നര്‍ക്ക് നികുതി ഇളവ്: ബില്‍ യുഎസ് സെനറ്റ് പാസാക്കിവാഷിങ്ടണ്‍ > കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട വിവാദ നികുതിപരിഷ്കരണ ബില്‍ യുഎസ് സെനറ്റ് അംഗീകരിച്ചു. സമ്പന്നര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും വാരിക്കോരി ഇളവ് പ്രഖ്യാപിക്കുന്ന ബില്‍ 48നെതിരെ 51 അന്തിമവോട്ടിനാണ് അംഗീകരിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച ബില്‍ അംഗീകരിച്ചത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമനിര്‍മാണസഭയില്‍ നേടുന്ന ഏറ്റവും വലിയ വിജയമായി വ്യാഖ്യാനിക്കുന്നു. ജനപ്രതിനിധിസഭ നേരത്തെ ബില്‍ പാസാക്കിയിരുന്നു. ബില്‍ അന്തിമാംഗീകാരം നേടാന്‍ വ്യാഴാഴ്ച വീണ്ടും സഭയുടെ പരിഗണനയില്‍ വരും. തുടര്‍ന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതിപരിഷ്കരണത്തിന് സാക്ഷ്യംവഹിക്കും. അതിസമ്പന്നര്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കുമുള്ള നികുതി വെട്ടിക്കുറയ്ക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. ഇടത്തരം വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ പ്രയോജനം കുത്തകകള്‍ക്ക് ലഭിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടി. ബില്‍ പാസായത് ചരിത്രവിജയമാണെന്ന് റിപ്പബ്ളിക്കന്‍ പാര്‍ടി അവകാശപ്പെട്ടപ്പോള്‍, ബില്‍ നിയമമായാല്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News