നേപ്പാൾ വിമാനദുരന്തം : പരസ് പരം പഴിചാരി വിമാനക്കമ്പനിയും വിമാനത്താവള അധികൃതരുംകാഠ്മണ്ഡു > നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് യാത്രാ വിമാനം ലാൻഡിങ്ങിനിടെ തകർന്ന സംഭവത്തിൽ പരസ്പരം പഴിചാരി കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവള അധികൃതരും യുഎസ്‐ബംഗ്ലാ എയർലൈൻസ് വിഭാഗവും. എയർ കൺട്രോൾ ടവറിന്റെ നിർദേശം പൈലറ്റ് പാലിച്ചില്ലെന്ന് കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവള മാനേജർ ആരോപിച്ചു. തെറ്റായ ദിശയിലൂടെയാണ് വിമാനം റൺവെയിൽ ഇറങ്ങിയത്. ഇതാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് വിഭാഗം ജീവനക്കാർ തങ്ങളുടെ പൈലറ്റിനെ അബദ്ധത്തിൽ ചാടിക്കുകയായിരുന്നുവെന്ന് യുഎസ്‐ബംഗ്ലാ എയർലൈൻസ് സിഇഒ ഇമ്രാൻ അസിഫ് ആരോപിച്ചു. ഞങ്ങളുടെ പൈലറ്റുകൾക്ക് ഒരു അശ്രദ്ധയും ഉണ്ടായില്ലെന്നാണ് വിമാനത്തിലെ പൈലറ്റും എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരും തമ്മിലുള്ള അവസാന ശബ്ദസംഭാഷണത്തിൽനിന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട തങ്ങളുടെ പൈലറ്റ് ക്യാപ്റ്റൻ അബിദ് സുൽത്താൻ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനും മികച്ച പൈലറ്റുമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൈലറ്റും എയർ ട്രാഫിക് കൺട്രോൾ വിഭാഗവും തമ്മിൽ ആശയക്കുഴപ്പം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പൈലറ്റും എയർ ട്രാഫിക് കൺട്രോളിലെ ജീവനക്കാരനും തമ്മിലുള്ള അവസാന സംഭാഷണങ്ങൾ കണ്ടെടുത്തു. ഇത് മുൻനിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരടക്കം 71 യാത്രക്കാരുമായി ബംഗ്ലാദേശിലെ ധാക്കയിൽനിന്നെത്തിയ യുഎസ്‐ബംഗ്ലാ എയർലൈൻസ് ബിഎസ് 211 വിമാനമാണ് റൺവെയിൽനിന്ന് തെന്നിമാറി തകർന്ന് കത്തിയമർന്നത്. അപകടത്തിൽ 49 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.   Read on deshabhimani.com

Related News