ഓസ‌്‌ലോ കരാറിന‌് 25 വർഷം; കടുത്ത പലസ്തീൻ വിരുദ്ധ നിലപാടുമായി അമേരിക്കവാഷിങ‌്ടൺ ഓസ‌്‌ലോ കരാറിന്റെ 25‐ാം വാർഷികവേളയിൽ സമാധാനപ്രതീക്ഷകൾ തകർത്ത‌് പലസ‌്തീനെതിരെ  കടുത്തനടപടികളുമായി അമേരിക്ക. പലസ്തീൻ പൗരന്മാരെ പരിചരിക്കുന്ന കിഴക്കൻ ജറുസലേമിലെ ആശുപത്രികൾക്കുള്ള  2.5 കോടി ഡോളറിന്റെ സഹായം നിഷേധിച്ചതിനു പിന്നാലെ പലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ അമേരിക്കയിലെ ഓഫീസ് അടച്ചുപൂട്ടാനും യുഎസ‌് ഭരണകൂടം  ഉത്തരവിറക്കി. പലസ്തീൻ, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ ആശുപത്രികൾക്ക‌് നൽകുന്ന സഹായങ്ങൾ പുനഃപരിശോധിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം   ട്രംപ‌് ഉത്തരവിട്ടത‌്. സ്വാതന്ത്ര്യത്തിനായുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ അടിയറ വയ‌്പിക്കാനും ശിക്ഷിക്കാനും ഇസ്രയേൽ സ്വീകരിക്കുന്ന  മനുഷ്യത്വരഹിതമായ നിലപാടാണ് അമേരിക്കയും ചെയ്യുന്നതെന്ന‌് പലസ്തീൻ പ്രസിഡന്റ് മഹമൂദ‌് അബ്ബാസ് കുറ്റപ്പെടുത്തി. പലസ്തീൻ അഭയാർഥി ഏജൻസിയായ യുനർവയ്ക്ക് നൽകിവന്നിരുന്ന സഹായവും റദ്ദാക്കിയിരുന്നു.1993 സെപ‌്തംബർ 13ന് വൈറ്റ്ഹൗസിൽ  ഓസ്ലോ കരാർ ജനിക്കുമ്പോൾപലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാൻ പോകുന്നുവെന്ന തോന്നലുണ്ടായിരുന്നു.  അന്നത്തെ യുഎസ‌് പ്രസിഡന്റ‌് ബിൽ ക്ലിന്റന്റെ ഇടപെടലിനെ തുടർന്നാണ‌് ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന യിസാക് റാബിനും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസർ അറഫാത്തും കരാറൊപ്പിട്ടത‌്. യിസാക് റാബിനും യാസർ അറഫാത്തും അന്നത്തെ ഇസ്രയേൽ വിദേശകാര്യമന്ത്രി ഷിമോ പെരെസും യുഎസിന്റെ മധ്യസ്ഥതയിൽ നോർവെ തലസ്ഥാനമായ  ഓസ‌്‌ലോയിൽ നടത്തിയ രഹസ്യ ചർച്ചയെ തുടർന്നായിരുന്നു സമാധാനശ്രമങ്ങൾക്ക‌് വഴിതുറന്നത‌്. പലസ്തീൻ അതോറിറ്റിയെന്ന ഭരണസംവിധാനം രൂപീകരിച്ച് വെസ്റ്റ്ബാങ്കിലും ഗാസയിലും സർക്കാരുണ്ടാക്കാൻ പലസ്തീന് അനുമതി നൽകുന്നതായിരുന്നു കരാർ. എന്നാൽ, കരാർ ഒപ്പിട്ട നാളിൽത്തന്നെ ഇസ്രയേൽ ഗാസയിലേക്ക‌് മിസൈൽ വർഷിച്ചുവെന്നത് ആ രാജ്യത്തിന്റെ ക്രൂരതയുടെ മുഖം ഒരിക്കൽക്കൂടി വെളിവാക്കി. Read on deshabhimani.com

Related News