രണ്ടാം ഉച്ചകോടിക്ക‌് ട്രംപിന‌് കിമ്മിന്റെ കത്ത‌്വാഷിങ‌്ടൺ അമേരിക്കയുമായി ചർച്ചയ‌്ക്ക‌് വീണ്ടും സന്നദ്ധത പ്രകടിപ്പിച്ച‌് ഉത്തരകൊറിയ. അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപുമായി വീണ്ടും കൂടിക്കാഴ‌്ചയ‌്ക്ക‌് തയ്യാറാണെന്ന‌് വ്യക്തമാക്കി ഉത്തരകൊറിയൻ നേതാവ‌് കിം ജോങ‌് അൻ കത്തയച്ചു. പുതിയ ഉച്ചകോടിക്ക‌് ക്ഷണിച്ചുകൊണ്ട‌് കിം കത്തയച്ചതായി വൈറ്റ‌്ഹൗസാണ‌് വെളിപ്പെടുത്തിയത‌്. ആണവനിരായുധീകരണത്തിനുള്ള ഉത്തരകൊറിയയുടെ തുടർച്ചയായ പ്രതിബദ്ധത വ്യക്തമാക്കുന്ന ഊഷ‌്മളമായ കത്താണ‌് ട്രംപിന‌് ലഭിച്ചതെന്ന‌് വൈറ്റ‌്ഹൗസ‌് വക്താവ‌് സാറ സാൻഡേഴ‌്സ‌് പറഞ്ഞു.  ഇത്തരത്തിലൊരു കൂടിക്കാഴ‌്ചയ‌്ക്ക‌് അമേരിക്കയും ആഗ്രഹിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, എപ്പോഴാകും രണ്ടാം ഉച്ചകോടിയെന്ന‌് അവർ വ്യക്തമാക്കിയില്ല. ഉത്തരകൊറിയ കഴിഞ്ഞയാഴ‌്ച നടത്തിയ സൈനികപരേഡിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക‌് മിസൈലുകളെ ഒഴിവാക്കിയതിനെ സാറ സാൻഡേഴ‌്സ‌് പ്രശംസിച്ചു. കഴിഞ്ഞ ജൂണിൽ സിംഗപ്പുരിലാണ‌് ട്രംപും കിമ്മും ഉച്ചകോടി നടത്തിയത‌്. ഇരുരാഷ്ട്രത്തലവന്മാരുടെയും ആദ്യ ഉച്ചകോടിയായിരുന്നു ഇത‌്. എ‌ന്നാൽ, ഇതേത്തുടർന്ന‌് അമേരിക്ക ഉന്നയിച്ച പ്രകോപനപരമായ ആരോപണങ്ങളും നിബന്ധനകളും മറ്റും ഉത്തരകൊറിയയെ ചൊടിപ്പിച്ചു. തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ സമാധാനനീക്കം തകർക്കുമെന്ന‌് ആശങ്കയുയർന്നു. ഇതിനിടെയാണ‌് സമാധാനനീക്കത്തോട‌് പ്രതിബദ്ധത ആവർത്തിച്ച‌് വ്യക്തമാക്കി ഉത്തരകൊറിയ രംഗത്തെത്തിയത‌്. കിമ്മും ട്രംപും രണ്ടാമതും ഉച്ചകോടിക്കൊരുങ്ങുന്നുവെന്ന വാർത്തയെ ദക്ഷിണ കൊറിയൻ പ്രസിഡന്റ‌് മൂൺ ജെ ഇൻ സ്വാഗതംചെയ‌്തു. കൊറിയൻമേഖലയുടെ സമ്പൂർണ ആണവനിരായുധീകരണം ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഭാഷണത്തിലൂടെമാത്രമേ അടിസ്ഥാനപരമായി സാധ്യമാകൂവെന്ന‌് അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News