ലോകത്ത‌് പട്ടിണി വർധിക്കുന്നു: യുഎൻഐക്യരാഷ്‌ട്രകേന്ദ്രം ലോകത്ത‌് പട്ടിണി അനുഭവിക്കുന്ന ആളുകളുടെ എണ്ണം മൂന്നു വർഷത്തിനിടെ വർധിച്ചതായി യുഎൻ റിപ്പോർട്ട്. 2017ൽ ആഗോളതലത്തിൽ 82.1 കോടി പേർ  പോഷകാഹാരക്കുറവുള്ളവരാണ്. അതായത‌് ഒമ്പതിൽ ഒരാൾക്ക‌് ആവശ്യത്തിന‌് ഭക്ഷണം ലഭിക്കുന്നില്ല. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ 22 ശതമാനത്തിന്റെയും വളർച്ച മുരടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പോഷകമൂല്യമുള്ള ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട‌് പൊണ്ണത്തടി വർധിക്കുന്ന പ്രശ്നത്തിനും കാരണമാകുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവരിൽ എട്ടിൽ ഒരാൾക്ക‌് പൊണ്ണത്തടിയുള്ളതായി വിലയിരുത്തപ്പെടുന്നു. പ്രളയം, ചൂട്, കൊടുങ്കാറ്റ്, വരൾച്ച എന്നീ കാലാവസ്ഥാ പ്രതിഭാസങ്ങൾ 1990കളുടെ തുടക്കംമുതൽ ഇരട്ടിയായി. പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാൻ ലോകം കൈവരിച്ച നേട്ടങ്ങളെ തകർക്കുന്നതാണ‌് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇത്തരം പ്രകൃതിദുരന്തങ്ങൾ.  ഇതിനെ നേരിടാൻ ആഗോളതലത്തിലും പ്രാദേശികമായും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന‌് യുഎൻ റിപ്പോർട്ട‌് നിർദേശിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഫുഡ് പ്രോഗ്രാം, യൂണിസെഫ്, ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര കാർഷികവികസന ഫണ്ട് എന്നിവ ചേർന്നാണ‌് റിപ്പോർട്ട് തയ്യാറാക്കിയത‌്. Read on deshabhimani.com

Related News