ജപ്പാനിൽ ആഞ്ഞടിച്ച‌് ജെബി: പത്ത‌് മരണം

ജപ്പാനിൽ ജെബി ചുഴലിക്കാറ്റിൽ തകർന്ന വാഹനങ്ങൾ


ടോക്യോ > ജപ്പാനെ വിറപ്പിച്ച‌് വീശിയടിക്കുന്ന ജെബി ചുഴലിക്കാറ്റിൽ പത്ത‌് മരണം. മുന്നൂറോളം പേർക്ക‌് പരിക്കേറ്റതായാണ‌് പ്രാഥമിക വിവരം. പ്രളയജലത്താൽ ചുറ്റപ്പെട്ട കൻസായ‌് വിമാനത്താവളത്തിൽ കുടുങ്ങിയ മൂവായിരത്തോളം പേരെ ബോട്ടുകൾ ഉപയോഗിച്ച‌് സുരക്ഷിത സ്ഥലങ്ങളിലേക്ക‌് മാറ്റി. അതിവേഗ ബോട്ടുകളുടെ സഹായത്തോടെ സമീപത്തെ കോബെ വിമാനത്താവളത്തിലേക്കാണ‌് ഇവരെ മാറ്റുന്നത‌്. വ്യാവസായിക ആവശ്യങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്ന കൻസായ‌് വിമാനത്താവളത്തിന്റെ പ്രവർത്തനം എന്ന‌് പുനരാരംഭിക്കുമെന്ന‌് സ്ഥിരീകരിച്ചിട്ടില്ല. കനത്ത മഴയിലും കാറ്റിലും നിരവധി വീടുക‌ളും പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട‌്. പ‌ശ്ചിമ ജപ്പാനിൽ വൈദ്യുതിബന്ധവും വർത്താവിനിമയ ബന്ധവും താറുമാറായി. കഴിഞ്ഞ 25 വർഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ‌് ജെബി. ചൊവ്വാഴ‌്ച ഉച്ചയോടെ ഷിക്കാഗോ ദ്വീപിലാണ‌് ജെബി ആദ്യമെത്തിയത‌്‌. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിലാണ‌് കാറ്റ‌് വീശുന്നത‌്. ജപ്പാനിൽനിന്നുള്ള എഴുനൂറിലധികം വിമാന സർവീസുകൾ റദ്ദ‌് ചെയ‌്തു. ടോക്യോയിൽനിന്ന‌് ഹിരോഷിമയിലേക്കുള്ള അതിവേഗ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ‌്. വ്യാവസായികമേഖലയായ ഒസാക്കയിലെ പ്രധാന ഫാക്ടറികളെല്ലാം ചുഴലിക്കാറ്റിനെത്തുടർന്ന‌് അടച്ചിട്ടിരിക്കുകയാണ‌്. നിരവധി പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റി. Read on deshabhimani.com

Related News