വിപണി ഉറപ്പിച്ച് പുതിയ ഹോണ്ട സിഡി 110 ഡ്രീം ഡിഎക്സ്ഇരുചക്ര വാഹനനിർമാതാക്കളായ ഹോണ്ട നവീകരിച്ച സിഡി 110 ഡ്രീം ഡിഎക്സ് ഇന്ത്യയിൽ പുറത്തിറക്കി. ഡൽഹി എക്സ് ഷോറൂം  വില 48,641 രൂപയാണ്.  ഗ്രാഫിക്സ് ഉൾപ്പെടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ്  2018 ഹോണ്ട സിഡി 110 ഡ്രീം ഡിഎക്സ് എത്തുന്നത്.  ഇത്തവണ സ്വർണനിറത്തിലാണ് ബൈക്കിലെ ഗ്രാഫിക്സ്.ബൈക്ക് യാത്രാശ്രേണിയിൽ പ്രചാരം കൈയടക്കിയ മോഡലുകളിലൊന്നാണ് ഹോണ്ട സിഡി 110 ഡ്രീം ഡിഎക്സ്.  2014 മുതലാണ് ബൈക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. നഗരസാഹചര്യങ്ങൾക്ക് പ്രാധാന്യം നൽകി ഹോണ്ട ഒരുക്കുന്ന പുതിയ മോഡലിൽ  വീതിയേറിയ ഹാൻഡിൽബാറാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രോമിൽ തീർത്ത മഫ്ളർ പ്രൊട്ടക്ടറും ആകർഷണമാണ്. ഡ്രീം ഡിഎക്സിന്റെ പ്രായോഗികത കൂട്ടാൻ പിറകിൽ പ്രത്യേക ഹെവി ഡ്യൂട്ടി കാരിയറും  ഇക്കുറി കമ്പനി നൽകുന്നുണ്ട്. നീളംകൂടിയ സീറ്റും വീൽബേസും സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നു.  110 സിസി എയർ കൂൾഡ് ഒറ്റസിലിൻഡർ എൻജിനാണ് ബൈക്കിനുള്ളത്.  ഹോണ്ട ഇക്കോ ടെക്നോളജിയുടെ പിന്തുണ എൻജിനുണ്ട്. 8.31 ബിഎച്ച്പി കരുത്തും 9.09 എൻഉം ടോർക്കും എൻജിൻ പരമാവധി സൃഷ്ടിക്കും. നാല‌് സ്പീഡാണ് ഗിയർബോക്സ്.  മൈലേജിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഭേദപ്പെട്ട പ്രകടനക്ഷമത പുതിയ സിഡി 110 ഡ്രീം ഡിഎക്സ് കാഴ്ചവയ‌്ക്കുമെന്ന് ഹോണ്ട പറയുന്നു. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് ഷോക‌് അബ്സോർബറുകളുമാണ്  സസ്പെൻഷൻ നിറവേറ്റുന്നത്. ട്യൂബ്ലെസ് ടയറുകളാണ്  ഹോണ്ട സിഡി 110 ഡ്രീം ഡിഎക്സിന്റെ പ്രധാന പ്രത്യേകത.  130 എംഎം ഡ്രം യൂണിറ്റുകളാണ് ഇരുടയറിലും ബ്രേക്കിങ‌് നിറവേറ്റുക.  അഞ്ചു നിറങ്ങളിൽ  ഡ്രീം ഡിഎക‌്സ് പുതിയ മോഡൽ ലഭ്യമാകും. ബ്ലാക്ക‌് ക്യാബിൻ ഗോൾഡ്, ബ്ലാക്ക‌് ഗ്രീൻ മെറ്റാലിക്, ബ്ലാക്ക‌് ഗ്രേ സിൽവർ മെറ്റാലിക്, ബ്ലാക്ക‌് റെഡ്, ബ്ലാക്ക‌് ബ്ലൂ മെറ്റാലിക് എന്നീ നിറങ്ങളിൽ ഹോണ്ട പുതിയ  ബൈക്കിനെ അണിയിച്ചൊരുക്കുന്നുണ്ട്.  എട്ടു ലിറ്ററാണ് ഇന്ധനശേഷി. 109 കിലോയാണ് വാഹനത്തിന്റെ ഭാരം. 65‐75 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. Read on deshabhimani.com

Related News