ഇക്കോസ്പോർട്ട്‌ എസ് ബൂസ്റ്റ്  വിപണിയിലെ കിടമത്സരങ്ങളിൽ പിന്നോക്കംപോകാതിരിക്കാൻ ആറുമാസത്തിനുള്ളിൽ രണ്ടാം തവണയും പുത്തൻ പരിഷ്കാരങ്ങൾ വരുത്തി ഫോർഡ് തങ്ങളുടെ പ്രധാന മോഡൽ ഇക്കോസ്പോർട്ട‌് എസ് ബൂസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ  മൈലേജ് ലക്ഷ്യമിട്ട‌് എൻജിൻശേഷി കുറച്ച്  1.0 ലിറ്റർ എൻജിനിലാണ് ഇക്കോസ്പോർട്ട‌് എസ് ഇക്കോബൂസ്റ്റ് എത്തുന്നത്. കൂടുതൽ പരുക്കൻ മുഖം നൽകി ഇക്കോസ്പോർടിനെ ജനകീയമാക്കി  മാറ്റാനാണ് ഫോർഡ് ശ്രമിക്കുന്നത്. നേരിയ കറുപ്പുനിറം പ്രതിഫലിക്കുന്ന (സ്മോക‌്ഡ്) ഹെഡ്ലാമ്പുകളും ടെയിൽലാമ്പുകളുമാണ് പുതിയ പതിപ്പിന്. ക്രോം അലങ്കാരങ്ങൾ നന്നെ കുറവ്. തിളക്കമേറിയ കാന്യൻ റിഡ്ജ് നിറം മേൽക്കൂരയ്ക്ക് കറുപ്പുനിറം നൽകിയിരിക്കുന്നു.  കൂർത്ത ഹെഡ്ലാമ്പുകൾക്കൊത്ത നടുവിലാണ് ഹെക്സഗണൽ ഹണികോമ്പ് ഗ്രിൽ.  ഗ്രെയ് സ്കിഡ് പ്ലേറ്റും സ്പ്ലിറ്ററും ഇക്കോസ്പോർട്ട‌് എസിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. 200 മില്ലി മീറ്ററാണ്  ഗ്രൗണ്ട് ക്ലിയറൻസ്. പരിഷ്കരിച്ച 17 ഇഞ്ച് അഞ്ച‌് സ്പോക‌് അലോയ് വീലുകളാണ് മുഖ്യാകർഷണം. വൈദ്യുതി പിന്തുണയാൽ മിററുകൾ ക്രമീകരിക്കാനും മടക്കിവയ്ക്കാനും സാധിക്കും. പിന്നിൽ സ്പെയർ വീലാണ് പതിവുപോലെ ശ്രദ്ധയാകർഷിക്കുന്നത്.   ഇരുണ്ട പശ്ചാത്തലവും സാറ്റിൻ ഓറഞ്ച് നിറശൈലിയും ചേർന്ന‌് അകത്തളവും ഹൃദ്യമാക്കുന്നു. ഡാഷ്ബോർഡിന് കുറുകെയും സീറ്റുകളിലും, ഡോർഘടനകളിലും ഓറഞ്ച് നിറം നൽകിയിട്ടുണ്ട്. 8.0 ഇഞ്ച് ഫോർഡ് സിങ്ക് 3  ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് പുതിയ ഇക്കോ സ്പോർടിൽ. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകൾ ലഭ്യമാണ്. സ്റ്റീയറിങ‌് വീലിൽ ഓഡിയോ, ക്രൂയിസ്, ഫോൺ കൺട്രോളുകൾ ഉണ്ട്. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, തത്സമയ  ശരാശരി മൈലേജ്, താപംപോലുള്ള വിവരങ്ങൾ ഇൻസ്ട്രമെന്റ് കൺസോളിലുള്ള ഡിജിറ്റൽ ഡിസ്പ്ലേ കാണിക്കും. 'ഫൺ റൂഫെന്ന്' ഫോർഡ് വിശേഷിപ്പിക്കുന്ന സൺറൂഫാണ് ഇക്കോസ്പോർട്ട‌് എസിന്റെ മറ്റൊരു പ്രധാന വിശേഷം. 352 ലിറ്ററാണ്  ബൂട്ട് സ്പേസ്. ഫോർഡിന് ഏറ്റവും പ്രിയപ്പെട്ട 1.0 ലിറ്റർ ടർബോ ചാർജ്ഡ് ഇക്കോബൂസ്റ്റ് പെട്രോൾ എൻജിനാണ് ഇക്കോസ്പോർട്ട‌് എസിന്റെ പ്രധാന വിശേഷം. മൂന്നു സിലിൻഡർ പെട്രോൾ എൻജിൻ 123 ബിഎച്ച്പി കരുത്തും 170 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാന്വൽ ഗിയർബോക്സ്. നിലവിലുള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ പതിപ്പിലും ഇക്കോസ്പോർട്ട‌് എസ് ലഭ്യമാണ്. എബിഎസ്, ഇബിഡി, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഹിൽ അസിസ്റ്റ് തുടങ്ങി അത്യാധുനിക സുരക്ഷാസംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 1.0 ലിറ്റർ പെട്രോൾ മോഡലിന് ലിറ്ററിന് 18 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.  പെട്രോൾ മോഡലിന് 11. 37 ലക്ഷവും ഡീസൽ മോഡലിന് 11.87 ലക്ഷവുമാണ് വില.   Read on deshabhimani.com

Related News