വെള്ളിയുരുക്കി പൊന്നാക്കി

ജിൻസൺ ജോൺസൺ


ജക്കാർത്ത മഞ്ജിത് സിങ്ങിന്റെ മിന്നലോട്ടത്തിൽ 800 മീറ്ററിൽ സ്വർണം കൈവിട്ടതിന്റെ നിരാശയകറ്റുന്ന പ്രകടനത്തിലൂടെ ജിൻസൺ ജോൺസൺ 1500 മീറ്ററിൽ സ്വർണമണിഞ്ഞു. 800 മീറ്ററിൽ സ്വർണം നേടിയ മഞ്ജിത് നാലാമതായി. മൂന്ന് മിനിറ്റ് 44.72 സെക്കൻഡിൽ ജിൻസൺ ഫിനിഷ് ചെയ്തു. ബഹ്റൈനിന്റെ തിയു അലി മുഹമ്മദ് വെള്ളിയും ഇറാന്റെ അമിർ മൊറാദി വെങ്കലവും നേടി. 3 മിനിറ്റ് 46.57 സെക്കൻഡിലാണ് മഞ്ജിത് ഓടിയെത്തിയത്. 56 വർഷത്തിനു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഈയിനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന്റെ ആദ്യ സ്വർണമെന്ന നേട്ടവും ജിൻസൺ സ്വന്തമാക്കി. 1962ൽ മൊഹീന്ദർ സിങ് ആണ് 1500ൽ അവസാനം സ്വർണം നേടിയ ഇന്ത്യക്കാരൻ. നിലവിൽ 1500ലും 800ലും ഏഷ്യൻ റെക്കോഡ്  ജിൻസന്റെ പേരിലാണ്. 800ൽ ശ്രീരാം സിങ്ങിന്റെ 46 വർഷം പഴക്കമുള്ള റെക്കോഡാണ് തകർത്തത്. 1500ൽ ബഹാദൂർ പ്രസാദ് 1995ൽ കുറിച്ച റെക്കോഡും ജിൻസൺ സ്വന്തം പേരിലാക്കി (മൂന്ന് മിനിറ്റ് 37.86 സെക്കൻഡ്്). ഏഷ്യൻ ഗെയിംസിൽ ഈ മികവ് ആവർത്തിക്കാനായില്ലെങ്കിലും സ്വർണം നേടാനായി. കോമൺവെൽത്ത് ഗെയിംസിൽ 1500ൽ ദേശീയ റെക്കോഡ് കുറിച്ച ജിൻസൺ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ രണ്ടിനത്തിലും ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സ്വർണം പ്രതീക്ഷിച്ചു. രണ്ടു ദിവസം മുമ്പ് നടന്ന 800 മീറ്റർ ഫൈനലിൽ അവസാനനിമിഷം വരെ മുന്നിലായിരുന്ന ജിൻസണെ അപ്രതീക്ഷിത കുതിപ്പിൽ മഞ്ജിത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ എല്ലാവരും ഞെട്ടി. ആദ്യമായാണ് ഒരു പ്രധാന ഗെയിംസിൽ മഞ്ജിത് ജിൻസണെ പിന്നിലാക്കിയത്.  വ്യാഴാഴ്ച തുടക്കം മുതൽ വേഗത നഷ്ടമാകാതെ ഓടാൻ ജിൻസണ് സാധിച്ചു. 800ന്റെ ആദ്യ ലാപ്പിൽ പതുക്കെയായത് തിരിച്ചടിയായിരുന്നു. ആ പിഴവ് തിരുത്താൻ ജിൻസൺ പ്രത്യേകം ശ്രദ്ധിച്ചു. അവസാന 150 മീറ്റർ വരെ ബഹ്റൈൻ, ഇറാൻ താരങ്ങൾക്ക് പിന്നിലായിരുന്നു. പിന്നീട് മുഴുവൻ ഊർജവും സംഭരിച്ച് മുന്നോട്ടു കുതിച്ചു. വലിയ ഭീഷണിയില്ലാതെ സ്വർണത്തിലേക്ക് ഓടിയെത്തി. അധികസമയവും ഏറ്റവും പിന്നിലായിരുന്ന മഞ്ജിത് 800ൽ എന്നപോലെ അവസാനനിമിഷം കുതിപ്പിന് ശ്രമിച്ചെങ്കിലും ഊർജം ശേഷിച്ചിരുന്നില്ല. ചക്കിട്ടപ്പാറയിലെ മൺപ്രതലത്തിൽ ഓടിത്തുടങ്ങിയ ജിൻസൺ മധ്യദൂരത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരമാണ്. കെ പീറ്റർ എന്ന പരിശീലകനാണ് ഈ മിടുക്കനെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്. നയന ജയിംസ്, മയൂഖ ജോണി എന്നിവരെയും കണ്ടെത്തിയത് പീറ്ററാണ്. കോട്ടയത്തെ മാർ ബസേലിയോസ് കോളേജിലെ സ്പോർട്സ് ഹോസ്റ്റലിൽ നിന്നാണ് ജിൻസന്റെ കുതിപ്പിന് തുടക്കം. നിലവിൽ ഇന്ത്യൻ ആർമിയുടെ ഹൈദരാബാദിലെ ആയുധകേന്ദ്രത്തിൽ ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം കാര്യവട്ടത്തെ സായ് കേന്ദ്രത്തിൽ പരിശീലനത്തിന് എത്താറുണ്ട്. ഊട്ടിയിലും ഭൂട്ടാനിലുമായിരുന്നു ഏഷ്യൻ ഗെയിംസിനുള്ള പരിശീലനം.  Read on deshabhimani.com

Related News