ഇംഗ്ലണ്ട് 246ന് പുറത്ത്സതാംപ്ടൺ നിർണായകമായ നാലാംടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനു പിഴച്ചു. ഓപ്പണർമാരടക്കം ആദ്യ നാലു ബാറ്റ്സ്മാന്മാർ പെട്ടന്ന് മടങ്ങിയപ്പോൾ പതറിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 246 റണ്ണിനു പുറത്തായി. ഒരു ഘട്ടത്തിൽ 86 റണ്ണിന് ആറു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ഓൾറൗണ്ടറായ യുവതാരം സാം കറന്റെ ചെറുത്തുനിൽപ്പാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. വാലറ്റക്കാരെ കുട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയ കറൻ 78 റൺ നേടി അവസാനമാണ് പുറത്തായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംമ്ര മൂന്നുവിക്കറ്റും ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ആർ അശ്വിൻ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ഹർദിക് പാണ്ഡ്യയ്ക്കാണ്. ആദ്യ നാൾ കളിയവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കുടാതെ 19 റണ്ണെടുത്തു. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, പുതിയ പന്തിൽ നല്ല സ്വിംഗ് കണ്ടെത്തിയ ഇന്ത്യൻ ബൗളർമാർ ആതിഥേയരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. കീറ്റൺ ജന്നിങ്ങ്സ്(0), ജോ റൂട്ട്(4), ജോണി ബെയർസ്റ്റോ(6) എന്നിവർ നേരത്തെ മടങ്ങി. അലിസ്റ്റർ കുക്ക്(17) പിടിച്ചുനിലക്കാൻ ശ്രമിച്ചെങ്കിലും ഹർദിക് പാണ്ഡ്യ കോഹ്ലിയുടെ കൈയിൽ എത്തിച്ചു. ജെന്നിങ്ങ്സിനെയും ബെയർസ്റ്റോയെയും ബുംമ്ര മടക്കി. ബെൻ സ്റ്റോക്ക്സും(23) ജോസ് ബട്ട്ലറും(21) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും മുഹമ്മദ് ഷമിയെ കൊണ്ടുവന്ന വിരാട് കോഹ്ലിയുടെ തന്ത്രത്തിൽ ഇരുവരും വീണു. സ്റ്റോക്ക്സിനെ ഷമി വിക്കറ്റിനു മുന്നിൽ കുടുക്കി. ബട്ട്ലർ കോഹ്ലിക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്നായിരുന്നു സാം കറന്റെ രക്ഷാപ്രവർത്തനം. മോയിൻ അലി(40) കറന് പിന്തുണ നൽകി. പന്ത് പഴകിയതോടെ ഇന്ത്യൻ ബൗളർമാരുടെ പിടി അയഞ്ഞതും എതിരാളികൾക്ക് തുണയായി. മോയിൻ അലിയെ വീഴ്ത്തിയ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് വന്ന ആദിൽ റഷീദ്(6) അധികനേരം പിടിച്ചുനിന്നില്ല. സ്റ്റുവർട്ട് ബ്രോഡ ്(17) കറന് നല്ല പിന്തുണ നൽകി. ബുംമ്ര ബ്രോഡിനെ മടക്കി. ആറു റൺ കൂടി കൂട്ടിച്ചേർത്തയുടൻ സാം കറന്റെ വിക്കറ്റ് തെറിപ്പിച്ച അശ്വിൻ ഇംഗ്ലണ്ട് ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. പരമ്പര കൈവിടാതിരിക്കാൻ  മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ. അഞ്ചുമത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2‐1ന്് മുന്നിലാണ്. ആദ്യ രണ്ടുടെസ്റ്റും ആതിഥേയർ സ്വന്തമാക്കിയപ്പോൾ മൂന്നാം ടെസ്റ്റിൽ ഇന്ത്യ അതിഗംഭീരമായി തിരിച്ചുവന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് നാലം അങ്കത്തിന് ഇറങ്ങിയത്.പരിക്കേറ്റ് ക്രിസ് വോക്സിനു പകരം ആദ്യ ടെസ്റ്റിൽ തിളങ്ങിയ സാം കറനെ ഉൾപ്പെടുത്തി. ഒല്ലീ പോപ്പിന് പകരം മോയിൻ അലിയും വന്നു. Read on deshabhimani.com

Related News