മെൽബൺ സിറ്റിയെ ജിറോണ തകർത്തു

മെൽബൺ സിറ്റിക്കെതിരെ ജിറോണയുടെ ആന്തണി റുബെൻ ലൊസാനോ ഗോൾ നേടുന്നു ഫോട്ടോ: എ ആർ അരുൺരാജ്‌


കൊച്ചി ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിൽ സ്പാനിഷ് ലീഗ് ക്ലബ് ജിറോണ എഫ്സിക്ക് തകർപ്പൻ ജയം. മറുപടിയില്ലാത്ത ആറു ഗോളിന് ഓസ്ട്രേലിയൻ എ ലീഗ് ക്ലബ് മെൽബൺ സിറ്റിയെ തകർത്തു. ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ആറു ഗോളിന് തോൽപ്പിച്ച സിറ്റിക്ക് സ്പാനിഷ് കരുത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻകഴിഞ്ഞില്ല. ജിറോണയ്ക്കുവേണ്ടി മധ്യനിരക്കാരൻ പോർട്ടു ഇരട്ടഗോൾേേനടി. ആന്തണി റൂബെൻ ലൊസാനോ, യുവാൻ ലോപെസ്, യോഹാൻ മാനി, പെഡ്രോ പോറോ എന്നിവരും ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽതന്നെ ജിറോണ മൂന്നു ഗോളിന് മുന്നിലെത്തി. ഇരട്ടഗോൾ നേടിയ പോർട്ടു മെൽബൺ സിറ്റിയെ വിറപ്പിച്ചു. ലൊസാനോയുടെ വകയായിരുന്നു മൂന്നാം ഗോൾ. ആദ്യപകുതിയുടെ തുടക്കത്തിൽ സിറ്റിയായിരുന്നു മുന്നേറ്റം നടത്തിയത്. പന്തുമായി ജിറോണാ ഗോൾമുഖത്തേക്ക് മൈക്കൽ ഹാല്ലോറൺ കുതിച്ചു. റിലെ മഗ്രിക് മികച്ചൊരു പാസ്. എന്നാൽ അവസരം മുതലാക്കാൻ സിറ്റി മുന്നേറ്റക്കാരന്് സാധിച്ചില്ല. പിന്നാലെ ജിറോണയുടെ മുന്നേറ്റവും ലക്ഷ്യംകാണാതെ പറന്നു. കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സ്പാനിഷ് ടീം മെൽബൺ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. 11‐ാം മിനിറ്റിൽ പോർട്ടു ജിറോണയെ മുന്നിലെത്തിച്ചു. സിറ്റി ബോക്സിനു പുറത്തുനിന്ന് പ്രതിരോധക്കാരനെ വെട്ടിച്ച് പെരെ പോൺസ് നൽകിയ പാസ് പോർട്ടു വലയിലാക്കി. ഗോൾ നേടിയത്തോടെ ജിറോണ ആക്രമണം ശക്തമാക്കി. നിമിഷങ്ങൾക്കുള്ളിൽ പോർട്ടോതന്നെ ലീഡ് ഉയർത്തി. മികച്ചൊരു പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോൾ. ജിറോണ മുന്നേറ്റനിര സിറ്റിഗോൾ മുഖത്തേക്ക് കുതിച്ചെത്തി. അലക്സ് സെറാനോ നൽകിയ മികച്ചൊരു പാസ് പോർട്ടു പിടിച്ചെടുത്തു. പിന്നെ ഗോളിയെ കബളിപ്പിച്ച് ഇടതുപാർശ്വത്തിൽനിന്ന് പോസ്റ്റിലേക്ക് തട്ടിയിട്ടു. ജിറോണ ആക്രമണം അവസാനിപ്പിച്ചില്ല. സിറ്റി ഗോൾമുഖത്തേക്ക് ഷോട്ടുകൾ പായിച്ചു. ഇടതുപാർശ്വത്തിൽനിന്ന് ഗോൾവല ലക്ഷ്യമാക്കിയെത്തിയ പന്ത്ഓടിയെത്തിയ ഹോണ്ടുറാസുകാരൻ ലൊസാനോ അനായാസം വലയിലാക്കി. മൂന്നുഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ സിറ്റി ചില ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇടവേളയ്ക്കുശേഷവും ജിറോണ ആക്രമണം തുടർന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ജിറോണ നാലാം ഗോൾ സ്വന്തമാക്കി. സെറാനോ എടുത്ത കോർണർ കിക്ക് ലോപ്സ്  ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. യൊഹാൻ മാനിയാണ് അഞ്ചാം ഗോൾ നേടിയത്. നല്ലൊരു മുന്നേറ്റത്തിനൊടുവിൽ മാനിയുടെ ഷോട്ട് മെൽബൺ സിറ്റി ഗോളി കൈയിലൊതുക്കാൻ ശ്രമിച്ചെങ്കിലും വഴുതിവീണു. ഓടിയെത്തിയ മെൽബൺ സിറ്റി താരം ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനുമുമ്പ് മാനി രണ്ടാം ശ്രമത്തിൽ പന്ത് വലയിലേക്ക് തട്ടിയിട്ടു. മാനിതന്നെയാണ് ആറാം ഗോളിനും വഴിയൊരുക്കിയത്.  പരിക്കുസമയത്ത്‌ ഇടതുപാർശ്വത്തിലൂടെ  കുതിച്ചെത്തിയ മാനി പന്ത് നീട്ടി നൽകി. പോറോ തലകൊണ്ട് ചെത്തി പന്ത് വലയിലാക്കി. Read on deshabhimani.com

Related News