‘ഞാൻ ഇര’; ഉത്തേജകമരുന്ന് പരിശോധനയില്‍ വിവേചനമെന്ന് സെറീനന്യൂയോർക്ക് > ഉത്തേജകമരുന്നു പരിശോധനയിൽ വിവേചനമെന്ന് സെറീന വില്യംസ്. അതിന്റെ ഇരയാണ് താനെന്ന് സെറീന ട്വിറ്ററിൽ കുറിച്ചു.ഏറ്റവും കൂടുതൽ തവണ പരിശോധനയ്ക്ക് വിധേയമാക്കിയത് തന്നെയാണെന്ന് സെറീന പറഞ്ഞു. ഈ വർഷം ഇതിനകം അഞ്ചുതവണ സെറീനയെ പരിശോധിച്ചു. മറ്റൊരു താരത്തിനെയും ഇത്രയും തവണ പരിശോധിച്ചിട്ടില്ല. 'ഇത് വിവേചനമല്ലാതെ മറ്റെന്താണ്?'‐ സെറീന ചോദിച്ചു. മത്സരങ്ങൾക്കു പുറമെയുള്ള പരിശോധനയാണ് ഇത്. ഒരു അമേരിക്കൻ കളിക്കാരനും കളിക്കാരിക്കും ഈ അനുഭവമില്ല. യുഎസ് ഓപ്പൺ ജേത്രി സ്ലൊവാനെ സ്റ്റീഫൻസിനെ ഈ കാലയളവിൽ ഒരുതവണ മാത്രമാണ് പരിശോധിച്ചത്. സഹോദരിയായ വീനസിനെ രണ്ടുതവണയും. ഒരു വെബ്സൈറ്റായ 'ഡെഡ്സ്പിന്നാ'ണ് പരിശോധനയുടെ കണക്കുകൾ പുറത്തുവിട്ടത്. തുടർന്നാണ് സെറീനയുടെ പ്രതികരണം. അമേരിക്കൻ ഉത്തേജകവിരുദ്ധ സമിതിയാണ് (യുസാഡ) പരിശോധന നടത്തിയത്. മനഃപൂർവം കുഴപ്പത്തിൽ ചാടിക്കാൻ ശ്രമമുണ്ടെന്നും സെറീന ആരോപിച്ചു. ജൂൺ 14ന് പരിശോധനയ്ക്കു വരുമെന്ന് അറിയിച്ച യുസാഡ പറഞ്ഞതിനും 12 മണിക്കൂർ മുമ്പ് വന്നു. അപ്പോൾ സെറീന സ്ഥലത്തില്ലായിരുന്നു. 'സെറീനയെ കണ്ടില്ല' എന്നായിരുന്നു അവർ റിപ്പോർട്ട് എഴുതിയത്. ഇങ്ങനെ മൂന്നുപ്രാവശ്യം സംഭവിച്ചാൽ ഡോപിങ് ലംഘനമായി കണക്കാക്കും. വിംബിൾഡൺ മത്സരത്തിനിടെ പരിശോധനാഫലം ആവശ്യപ്പെട്ടെന്നും സെറീന പറഞ്ഞു. എന്നാൽ സെറീനയുടെ സംശയത്തിന് അടിസ്ഥാനമില്ലെന്ന് യുസാഡ അറിയിച്ചു. 'രാജ്യാന്തര നിലവാരത്തിലുള്ള പരിശോധനയാണ് നടത്തുന്നത്. അതിൽ ഒരു തിരിമറികളും ഇല്ല. നടപടികൾ സുതാര്യമാണ്. ഏത് അത്ലീറ്റിനും സംശയദൂരീകരണത്തിന് സമീപിക്കാം'‐ യുസാഡ പറഞ്ഞു. ഇത്തവണ വിംബിൾഡൺ ഫൈനലിലെത്തി സെറീന. ആഞ്ചലീക്വെ കെർബറിനോട് ഫൈനലിൽ തോറ്റു. ഏഴുതവണ ജേത്രിയാണ് സെറീന. ഇതുവരെ മൊത്തം 23 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട് മുപ്പത്താറുകാരിയായ സെറീന. പ്രസവത്തിനുവേണ്ടി ഒരുവർഷം ടെന്നീസിൽനിന്ന് വിട്ട സെറീന ഫെബ്രുവരിയിൽ തിരിച്ചുവന്നു. Read on deshabhimani.com

Related News