വിംബിൾഡണിൽ യൊകോവിച്ച് ചാമ്പ്യൻലണ്ടൻ വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നൊവാക് യൊകോവിച്ചിന്. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് യൊകോവിച്ച് കിരീടംനേടിയത് (6‐2, 6‐2, 7‐6 (7‐3). പതിമൂന്നാം ഗ്രാൻഡ് സ്ലാം കിരീടമാണ് യൊകോവിച്ചിന്. വിംബിൾഡണിൽ നാലാമത്തേത്. 2016ലാണ് അവസാനമായി ഗ്രാൻഡ് സ്ലാം കിരീടംനേടിയത്. തുടർന്ന് ഒന്നരവർഷം യൊകോവിച്ച് കളത്തിൽമങ്ങി. പരിക്കും മോശം ഫോമുമായിരുന്നു കാരണം. 2017ൽ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാംറൗണ്ടിൽ പുറത്തായതോടെ യൊകോവിച്ച് തളർന്നു. 117‐ാം റാങ്കുകാരൻ ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിൻ ആണ് യൊകോവിച്ചിനെ തോൽപ്പിച്ചത്. 2007ന് ശേഷം ആദ്യമായിട്ടായിരുന്നു ഈ സെർബിയക്കാരൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർപോലും കാണാതെ പുറത്തായത്. 2017ൽ ഒരു ഗ്രാൻഡ് സ്ലാം കിരീടംപോലും യൊകോവിച്ചിന് നേടാനായില്ല. പരിശീലകരുമായി തെറ്റിപ്പിരിഞ്ഞു. ഇതിനിടെ പരിക്കും. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായി. യൊകോവിച്ചിന്റെ കാലം കഴിഞ്ഞെന്നായിരുന്നു വിധിയെഴുത്ത്. എന്നാൽ തളർന്നില്ല ഈ മുപ്പത്തൊന്നുകാരൻ. 2016നുശേഷം ആദ്യമായി ഗ്രാൻഡ് സ്ലാം ഫൈനലിൽ. 21‐ാം റാങ്കിലാണ് യൊകോവിച്ച്. വിംബിൾഡൺ സെമിയിൽ കീഴടക്കിയത് മിന്നുന്ന ഫോമിലുള്ള റാഫേൽ നദാലിനെ. ആവേശകരമായ അഞ്ച് സെറ്റ് പോരാട്ടത്തിലാണ് യൊകോവിച്ച് നദാലിനെ കീഴടക്കിയത്. ഫൈനലിൽ ആൻഡേഴ്സണെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. നിലവിലെ ചാമ്പ്യൻ റോജർ ഫെഡറെ ക്വാർട്ടറിൽ തോൽപ്പിച്ച ആൻഡേഴ്സണ് യൊകോവിച്ചിനെതിരെ പിടിച്ചുനിൽക്കാനായില്ല. സെമിയിൽ ജോൺ ഇസ്നറുമായുള്ള ആറ് മണിക്കൂർ പോരാട്ടത്തിന്റെ ക്ഷീണം ആൻഡേഴ്സണെ ബാധിച്ചു. ആദ്യ ഗെയിമിൽത്തന്നെ ആൻഡേഴ്സന്റെ സെർവ് ഭേദിച്ച് യൊകോവിച്ച് ഉശിരുകാട്ടി. അഞ്ചാം ഗെയിമിലും ആൻഡേഴ്സന്റെ സെർവ് ഭേദിച്ചതോടെ സെറ്റ് യൊകോവിച്ചിന് ഉറപ്പായി. രണ്ടാം സെറ്റിലും ആൻഡേഴ്സണ് യൊകോവിച്ചിനെ തടയാനായില്ല. നിർണായകമായ മൂന്നാം സെറ്റിൽ ആൻഡേഴ്സൺ തിരിച്ചുവരാൻ ശ്രമിച്ചു. പക്ഷേ, ടൈബ്രേക്കിൽ യൊകോവിച്ച് ജയം നേടി.   Read on deshabhimani.com

Related News