സ്പെയ്ൻ ക്രൊയേഷ്യയെ ഗോളിൽ മുക്കി

അസെൻസിയോയുടെ ആഹ്ലാദം


മാഡ്രിഡ് യുവേഫ നേഷൻസ് ലീഗിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയെ സ്പെയ്ൻ ഗോൾമഴയിൽ മുക്കി. എതിരില്ലാത്ത  ആറുഗോളിനാണ് സ്പെയ്ൻ ക്രൊയേഷ്യയെ തകർത്തത്. മറ്റൊരു മത്സരത്തിൽ ബൽജിയം ഐസ്ലൻഡിനെ മൂന്നുഗോളിന് തോൽപ്പിച്ചു. ഒരുഗോൾ നേടുകയും മൂന്നു ഗോളിന് അവസരമൊരുക്കുകയും ചെയ്ത മാർകോ അസെൻസിയോയുടെ മിന്നുന്നപ്രകടനമാണ് സ്പെയ്നിന് വൻജയം സമ്മാനിച്ചത്. സോൾ നിഗ്വേസ്, റോഡ്രിഗോ, സെർജിയോ റാമോസ്്്, ഇസ്കോ എന്നിവരും സ്പെയ്നിനായി ലക്ഷ്യംകണ്ടു. ഒരു ഗോൾ ക്രൊയേഷ്യൻ ഗോൾകീപ്പർ ലോവ്റെ കാലിനിച്ചിന്റെ ദാനവും. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് ലൂക്കാ മോഡ്രിച്ച്, ഇവാൻ റാകിടിച്ച്, ഇവാൻ പെരിസിച്ച് എന്നിവരെല്ലാം ക്രൊയേഷ്യൻ നിരയിലുണ്ടായിരുന്നു. അത്ലറ്റികോ മാഡ്രിഡ് മധ്യനിരക്കാരൻ നിഗ്വേസാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പ്രതിരോധതാരം ഡാനി കർവഹാൽ വലതുപാർശ്വത്തിൽനിന്നു ഉയർത്തി നൽകിയ പന്ത് നിഗ്വേസ് ഹെഡ്ഡറിലൂടെ വലയിലാക്കി. തൊട്ടുപിന്നാലെ 20 വാര അകലെനിന്നു മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ അസെൻസിയോ ലീഡുയർത്തി. ഞെട്ടൽ മാറുന്നതിനുമുമ്പ്  കാലിനിച്ച് ദാനഗോൾവഴങ്ങി. അസെൻസിയോ തൊടുത്ത ഷോട്ട് കാലിനിച്ചിന്റെ ദേഹത്തുതട്ടി വലയിൽ വീഴുകയായിരുന്നു. ആദ്യപകുതിയിൽ മൂന്നുഗോളിന് മുന്നിലെത്തിയിട്ടും  നിർത്താനുള്ള ഭാവമില്ലായിരുന്നു സ്പെയ്നിന്. രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ റോഡ്രിഗോയും റാമോസും ലക്ഷ്യംകണ്ടു.  മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് റോഡ്രിഗോ ഗോൾനേടിയത്. അസെൻസിയോടെ കോർണർ കിക്കിന് തലവച്ചു റാമോസ് ലീഡ് അഞ്ചാക്കി. രണ്ടാംപകുതിയുടെ അവസാന ഇസ്കോ പട്ടിക പൂർത്തിയാക്കി. അസെൻസിയോതന്നെയാണ് ഈ ഗോളിനു അവസരമൊരുക്കിയത്. പുതിയ പരിശീലകൻ ലൂയിസ് എന്ററിക്വെയുടെ മികച്ച തുടക്കം കൂടിയായിത്. ആദ്യമത്സരത്തിൽ സ്പെയിൻ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചിരുന്നു. റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളിന്റെ ബലത്തിലാണ് ബൽജിയം മടക്കമില്ലാത്ത മൂന്നുഗോളിന് ഐസ്ലൻഡിനെ തകർത്തത്. ചെൽസിയുടെ ഏഡൻ ഹസാർഡാണ് ബൽജിയത്തിന്റെ ആദ്യഗോൾനേടിയത്. പെനൽറ്റിയിൽനിന്നായിരുന്നു ഹസാർഡിന്റെ ഗോൾ. കളിയിലുടനീളം ബൽജിയത്തിനുതന്നെയായിരുന്നു മേധാവിത്വം. ഗ്രീസിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഹംഗറി തോൽപ്പിച്ചു. Read on deshabhimani.com

Related News