ബ്രസീലിന്‌ ജയം; അർജന്റീന കുരുങ്ങി

ഇരട്ടഗോൾ നേടിയ റി-ച്ചാർ-ലി--സണിന്റെ(9) ആഹ്ലാദം


മേരിലൻഡ് രാജ്യാന്തര സൗഹൃദമത്സരങ്ങളിൽ ബ്രസീലും ഇംഗ്ലണ്ടും ജയം സ്വന്തമാക്കിയപ്പോൾ അർജന്റീന‐കൊളംബിയ മത്സരം ഗോൾരഹിതമായി പിരിഞ്ഞു. ദുർബലരായ സാൽവദോറിനെ മടക്കമില്ലാത്ത അഞ്ചുഗോളിനാണ് ബ്രസീൽ തകർത്തത്. ഒരു ഗോൾ നേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത് സൂപ്പർതാരം നെയ്മർ മികച്ചപ്രകടനമാണ് പുറത്തെടുത്തത്. എവർടൺ മുന്നേറ്റക്കാരൻ റിച്ചാർലിസൺ ഇരട്ടഗോൾ നേടി. ഫിലിപ്പെ കുടീന്യോ, മാർക്വിന്യോ എന്നിവരും ബ്രസീലിനായി ഗോളടിച്ചു. കളിതുടങ്ങി നാലാംമിനിറ്റിൽ പെനൽറ്റിയിലൂടെ നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചു. റിച്ചാർലിസണിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനൽറ്റി കിട്ടിയത്. അടുത്ത ഊഴം എവർടൺ താരത്തിന്റേതായിരുന്നു. 16‐ാം മിനിറ്റിൽ റിച്ചാർലിസൺ കളിജീവിതത്തിലെ ആദ്യ രാജ്യാന്തര ഗോൾ സ്വന്തമാക്കി. നെയ്മർ നൽകിയ പാസിൽ ബോക്സിന് പുറത്തു്നിന്ന് റിച്ചാർലിസൺ തൊടുത്ത ഷോട്ട് അവിശ്വസനീയമായി വളഞ്ഞ് വലതുളച്ചു. ആദ്യപകുതിയിൽതന്നെ കുടിന്യോ ലീഡുയർത്തി. നെയ്മർ തന്നെയായിരുന്നു ഈ ഗോളിനു വഴിയൊരുക്കിയത്. നെയ്മർ ബോക്സിന് തൊട്ടുപുറത്തുനിന്ന് കുടീന്യോയ്ക്ക് പന്ത് മറിച്ച് നൽകി. കുടീന്യോയുടെ ഷോട്ട് വലയുടെ ഇടത് മൂലയിൽ പതിച്ചു.  ഇതിനിടയിൽ നെയ്മറിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. ഇടവേളയ്ക്കുശേഷം റിച്ചാർലിസൺ രണ്ടാംഗോൾ കണ്ടെത്തി. ഇതിനിടെ സാൽവദോർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കളിയുടെ അവസാനം മാർക്വിന്യോ ബ്രസീലിന്റെ അഞ്ചാംഗോൾ നേടി. നെയ്മറാണ് ഈ ഗോളിനും വഴിയൊരുക്കിയത്. മടക്കമില്ലാത്ത ഒരുഗോളിനാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചത്. മുന്നേറ്റക്കാരൻ മാർകസ് റാഷ്ഫഡിന്റെ വകയായിരുന്നുവിജയഗോൾ. സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയ അർജന്റീനയെ കൊളംബിയ സമനിലയിൽ കുരുക്കി. ലയണൽ മെസിയും ഗൊൺസാലോ ഹിഗ്വെയ്നും സെർജിയോ അഗ്വേറോയുമില്ലാതെയാണ് അർജന്റീന കൊളംബിയയെ നേരിട്ടത്. മറ്റുമത്സരങ്ങളിൽ അമേരിക്ക എതിരില്ലാത്ത ഒരു ഗോളിന് മെക്സിക്കോയെ തോൽപ്പിച്ചപ്പോൾ വെനസ്വേല പനാമയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഗ്വാട്ടിമാലയ്ക്കെതിരെ ഇക്വഡോറും വിജയം കണ്ടു.   Read on deshabhimani.com

Related News