ജിൻസൺ ഇനി 1500 മീറ്ററിൽ കേന്ദ്രീകരിക്കുംകോഴിക്കോട് > ഏഷ്യൻ ഗെയിംസിൽ സ്വർണംനേടിയ മലയാളി അത്ലീറ്റ് ജിൻസൺ ജോൺസൺ 2020ലെ ടോക്കിയോ ഒളിമ്പിക്സിനായി 1500 മീറ്ററിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിൽ 800 മീറ്ററിലും പരിശീലിക്കുന്നുണ്ട്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളിയും 1500 മീറ്ററിൽ സ്വർണവുമാണ് ജിൺസൺ സ്വന്തമാക്കിയത്. ‘കൂടുതൽ മെഡൽ സാധ്യത 1500 മീറ്ററിലാണെന്ന  പരിശീലകരുടെ അഭിപ്രായത്തെ തുടർന്നാണ് ഈ തീരുമാനം. ഈ വർഷം രണ്ട് ഇനങ്ങളിലും മത്സരിക്കും. 2019ൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് കഴിയുന്നതോടെ പൂർണമായും 1500 മീറ്ററിലേക്കു മാറും .ഈയിനത്തിൽ ഒളിമ്പിക്്സ് യോഗ്യതയാണ് ലക്ഷ്യം.2016ൽ റിയോ ഒളിമ്പിക്സിൽ 800 മീറ്ററിലാണ് ജിൻസൺ മത്സരിച്ചത്.  ഏഷ്യൻ ഗെയിംസിനു ശേഷം ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഇന്റർ കോണ്ടിന്റൽ ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ഗെയിംസിനെക്കാൾ മികച്ച സമയം 1500മീറ്റിൽ കുറിച്ചു. ഏഷ്യൻ ഗെയിംസിൽ മൂന്ന് മിനിറ്റ് 44.72 സെക്കൻഡിലാണ് ഫിനിഷ് ചെയ്തതെങ്കിൽ മൂന്ന് മിനിറ്റ് 41 സെക്കൻഡിലാണ് ഇന്റർ കോണ്ടിന്റൽ ചാമ്പ്യൻഷിപ്പിൽ ഓട്ടം പൂർത്തിയാക്കിയത്. വിവിധ വൻകരകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ മാത്രം പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറാമനായാണ് ഫിനിഷ് ചെയ്തത്. വേഗ കണക്കുകൾ പരിശോധിച്ചാൽ റിയോ ഒളിമ്പിക്സിലെ 1500 മീറ്ററിൽ സ്വർണം നേടിയ അമേരിക്കയുടെ മാത്യു സെൻട്രോവിറ്റ്സ് കുറിച്ചതിനേക്കാൾ മികച്ച സമയമാണ് ജിൻസൺ ജക്കാർത്തയിൽ കുറിച്ചത്. ഏഷ്യൻ ഗെയിംസിൽ മൂന്ന് മിനിറ്റ് 44.72 സെക്കൻഡിലാണ് ജിൻസൺ ഫിനിഷ് ചെയ്തത്. ഒളിമ്പിക്മെഡൽ ജേതാവിന്റെ സമയം മൂന്ന് മിനിറ്റ് 50 സെക്കൻഡ് ആണ്.   രണ്ട് ദേശീയ റെക്കോഡുകൾ തകർത്താണ് ജിൻസൺ ജക്കാർത്തയിലേക്ക് പറന്നത്. 1500 മീറ്ററിൽ ബഹാദൂർ പ്രസാദിന്റെ 23 വർഷം പഴക്കമുള്ള റെക്കൊഡാണ് ആദ്യം തകർത്തത്. കോമൺവെൽത്ത് ഗെയിംസിലായിരുന്നു ഈ നേട്ടം.  800 മീറ്ററിൽ 42 വർഷം പഴക്കമുള്ള ദേശീയ റെക്കൊഡ് പുതുക്കിയാണ് ജിൻസൺ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്.  കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിൻസൺ ഇന്ത്യൻ ആർമിയിൽ ജൂനിയർ കമീഷന്റ് ഓഫീസറാണ്. പുണെയിലെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം.  ഏഷ്യൻ ജേതാവായതിനു ശേഷം  ആദ്യമായി നാട്ടിൽ എത്തിയ ജിൻസണ്് ജില്ലാ സ്പോർട്സ് കൗൺസിലും നാട്ടുകാരും ചേർന്ന് വൻ വരവേൽപ്പ് നൽകി. Read on deshabhimani.com

Related News