വിടവാങ്ങൽ സെഞ്ചുറിയോടെ, അവസാന മത്സരത്തിൽ കുക്ക് 147
ഓവൽ വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി അലസ്റ്റയർ കുക്ക്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ അതേവീര്യത്തോടെ കുക്ക് അവസാന ഇന്നിങ്സിലും ശതകം പൂർത്തിയാക്കി. ടെസ്റ്റിൽ കുക്കിന്റെ 33‐ാം സെഞ്ചുറി. ഇന്ത്യക്കെതിരായ അഞ്ചാംടെസ്റ്റിന്റെ ആദ്യഇന്നിങ്സിൽ അരസെഞ്ചുറിയും കുറിച്ചിരുന്നു കുക്ക്. അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് കുക്ക്. ആദ്യ ഇംഗ്ലീഷ് താരവും. ഇതിനുമുമ്പ് റെഗ്ഗീ ഡഫ്, ബിൽ പോൻസ്ഫോർഡ്, ഗ്രെഗ് ചാപ്പൽ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ മാത്രമാണ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഏറ്റവുംകൂടുതൽ റൺനേടിയ കളിക്കാരനുംകൂടിയാണ് ഈ മുപ്പത്തിമൂന്നുകാരൻ. കൂടുതൽ ടെസ്റ്റ് കളിച്ചതിന്റെ റെക്കോഡുമുണ്ട്. അവസാന ഇന്നിങ്സിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺ നേടിയവരിൽ അഞ്ചാമതായി ഈ ഇടംകൈയൻ ബാറ്റ്സ്മാൻ. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സങ്കക്കാരയെയാണ് കുക്ക് മറികടന്നത്. 12,472 റണ്ണാണ് ടെസ്റ്റിൽ കുക്കിന്റെ സമ്പാദ്യം. 56 അരസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ റൺ നേടുന്ന ഇടംകൈയൻ ബാറ്റ്സ്മാനും കുക്ക് തന്നെ. 2006ൽ ഇന്ത്യക്കെതിരെ നാഗ്പുരിലായിരുന്നു കുക്കിന്റെ അരങ്ങേറ്റം. ഇന്ത്യക്കെതിരായ പരമ്പരയിൽ ആദ്യ നാലു മത്സരങ്ങളിലെ മോശം പ്രകടനമാണ് കുക്കിന്റെ വിരമിക്കലിന് കാരണമായത്. എന്നാൽ, അവസാന ടെസ്റ്റിൽ മിന്നുന്നകളിയാണ് ഇംഗ്ലീഷ് ഓപ്പണർ പുറത്തെടുത്ത്. ആദ്യ ഇന്നിങ്സിൽ 71 റണ്ണും രണ്ടാം ഇന്നിങ്സിൽ 147 റണ്ണും സ്വന്തംപേരിൽ കുറിച്ചു. നാലാംദിനം ക്രീസിൽ തിരിച്ചെത്തിയ ഇംഗ്ലീഷ് ഓപ്പൺ ടെസ്റ്റ് ക്രിക്കറ്റിലെ ഉച്ചഭക്ഷണത്തിനുമുമ്പുതന്നെ ടെസ്റ്റിലെ അവസാന ശതകം നേടി. 94‐ാം റണ്ണിൽ സ്ലിപ്പിൽ ചേതേശ്വർ പൂജാര കുക്കിനെ കൈവിട്ടു. ജീവൻ തിരിച്ചുകിട്ടിയ ഇംഗ്ലീഷുകാരൻ അതിവേഗം മുന്നേറി. ജഡേജയുടെ പന്തിൽ ഓവർത്രോയിലൂടെ അഞ്ചു റൺ നേടിയായിരുന്നു ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റൺവേട്ടക്കാരന്റെ അവസാന സെഞ്ചുറി. ഒടുവിൽ ഹനുമ വിഹാരിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിടികൊടുത്ത് കുക്ക് അവസാനിപ്പിച്ചു ഇന്ത്യക്ക് 464 റൺ ലക്ഷ്യം ഓവൽ ഇന്ത്യക്കെതിരായ അഞ്ചാംടെസ്റ്റിൽ ഇംഗ്ലണ്ട് 464 റൺ ലക്ഷ്യംകുറിച്ചു. അലസ്റ്റയർ കുക്കി(147)ന്റെയും നായകൻ ജോ റൂട്ടി(125)ന്റെയും സെഞ്ചുറി കരുത്തിലാണ് ആതിഥേയർ കൂറ്റൻ ലീഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് എട്ടിന് 423 റണ്ണിന് ഡിക്ലയേർ ചെയ്തു. മറുപടിക്കെത്തിയ ഇന്ത്യ തകർന്നു. 28 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ശിഖർ ധവാൻ (1), ചേതേശ്വർ പൂജാര (0), ക്യാപ്്റ്റൻ വിരാട് കോഹ്ലി (0) എന്നിവരാണ് പുറത്തായത്. ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റെടുത്തു. കോഹ്ലിയെ ബ്രോഡ് പുറത്താക്കി. ലോകേഷ് രാഹുൽ (19), അജിൻക്യ രഹാനെ (8) എന്നിവരാണ് ക്രീസിൽ. ഏഴ് വിക്കറ്റ് േശഷിക്കെ 436 റൺ പിന്നിലാണ് ഇന്ത്യ. സ്കോർ: ഇംഗ്ലണ്ട് 332, 8‐423ഡി., ഇന്ത്യ 292, 3‐28. നാലാംദിനം ഇംഗ്ലണ്ട് റണ്ണടിച്ചുകൂട്ടുകയായിരുന്നു. മൂന്നാംവിക്കറ്റിൽ 259 റണ്ണാണ് റൂട്ടും കുക്കും ചേർന്ന് ചേർത്തത്. വിടവാങ്ങൽ കുക്ക് ഗംഭീരമാക്കിയപ്പോൾ റൂട്ട് ശക്തമായ പിന്തുണനൽകി. ഇംഗ്ലീഷ് സ്കോർ 321ൽ നിൽക്കുമ്പോൾ ഹനുമ വിഹാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൂട്ടിനെ പകരക്കാരൻ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ കുക്കിനെയും പുറത്താക്കി. Read on deshabhimani.com