യുവേഫ നേഷൻസ്‌ ലീഗ്‌ : ഫ്രാൻസിന് ജയം, വെയ്‌ൽസ്‌ തോറ്റുപാരീസ് യുവേഫ നേഷൻസ് കപ്പിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് ആദ്യജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് നെതർലൻഡ്സിനെ തോൽപ്പിച്ചു. ലോകകപ്പ് വിജയത്തിനുശേഷമുള്ള ഫ്രാൻസിന്റെ ആദ്യ ജയമാണിത്. ആദ്യപകുതിയിൽ കിലിയൻ എംബാപ്പെയും രണ്ടാംപകുതിയിൽ ഒളിവർ ജിറൂവുമാണ് ഫ്രാൻസിനായി ലക്ഷ്യംകണ്ടത്. റ്യാൻ ബാബെൽ നെതർലൻഡ്സിന്റെ ആശ്വാസഗോൾ കണ്ടെത്തി.  ലീഗിലെ ആദ്യമത്സരത്തിൽ ഫ്രാൻസ് ജർമനിയോട് ഗോൾരഹിതമായി പിരിഞ്ഞിരുന്നു. കളിയുടെ തുടക്കംമുതൽ ആക്രമിച്ചു കളിച്ച ദിദിയെർ ദെഷാമിന്റെ സംഘം ആദ്യപകുതിയിൽതന്നെ ലീഡ് നേടി. കൗമാരതാരം എംബാപ്പെയുടെ നേതൃത്വത്തിലായിരുന്നു ഫ്രാൻസിന്റെ മുന്നേറ്റം. നിരന്തരശ്രമങ്ങൾക്കൊടുവിൽ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. നെതർലൻഡ്സ് മധ്യനിരക്കാരൻ പ്രോമസിന്റെ പിഴവിൽനിന്നായിരുന്നു ഗോൾ. പ്രോമസിന്റെ ഹെഡ്ഡർ ബ്ലെയ്സ് മറ്റ്യൂഡി പിടിച്ചെടുത്തു. മറ്റ്യൂഡിയുടെ നീക്കം എംബാപ്പെ വലയിലാക്കി. ഗോൾ നേടിയയെങ്കിലും ഫ്രാൻസ് ആക്രമണത്തിന്റെ മൂർച്ചകുറഞ്ഞില്ല. രണ്ടാംപകുതിയിൽ നെതർലൻഡ്സ് സമനില കണ്ടെത്തി. വലതുപാർശ്വത്തിൽനിന്ന് കെന്നി ടെറ്റെ നൽകിയ ക്രോസ് ബോക്സിനുനടുവിൽനിന്ന് ബെബൽ വലയിലേക്ക് തട്ടിയിട്ടു. നിമിഷങ്ങൾക്കുള്ളിൽ ജിറൂ ഫ്രാൻസിന് വിജയഗോൾ സമ്മാനിച്ചു.തുടർച്ചയായ പത്തുമത്സരങ്ങൾക്കുശേഷമാണ് ജിറൂ ഫ്രാൻസിനായി ഗോൾനേടുന്നത്. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾനേടുന്ന നാലാമത്തെ താരമായി ഈ ചെൽസി മുന്നേറ്റക്കാരൻ. മുൻ നായകൻ സിനദിൻ സിദാന്റെ റെക്കോഡാണ് ജിറൂ മറികടന്നത്. 83 മത്സരങ്ങളിൽനിന്ന് 32 ഗോളാണ് ജിറൂനേടിയത്. 51 ഗോൾ നേടിയ തിയറി ഒൻറിയാണ് പട്ടികയിൽ ഒന്നാമത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളിന് ഡെൻമാർക്ക് വെയ്ൽസിനെ തോൽപ്പിച്ചു. ക്രിസ്റ്റ്യൻ എറിക്സണിന്റെ ഇരട്ടഗോളുകളുടെ ബലത്തിലാണ് ഡെൻമാർക്ക് ജയം സ്വന്തമാക്കിയത്. Read on deshabhimani.com

Related News