യുവേഫ നേഷൻസ്‌ ലീഗ്‌ : ഇംഗ്ലണ്ടിനെ സ്പെയ്ൻ വീഴ്ത്തി

ഗോൾ ആഘോഷിക്കുന്ന സ്‌പെയ്‌ൻ താരങ്ങൾ


ലണ്ടൻ ലൂയിസ് എൻറിക്വെയ്ക്ക് കീഴിൽ സ്പെയ്നിന് വിജയത്തുടക്കം. യുവേഫ നേഷൻസ് ലീഗിൽ സ്പെയ്ൻ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. പിന്നിട്ടുനിന്ന ശേഷമായിരുന്നു സ്പെയ്നിന്റെ ജയം. മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലൻഡ് ആറ് ഗോളിന് ഐസ്ലൻഡിനെ തകർത്തു. ബോസ്നിയ ആൻഡ് ഹെർസെഗൊവിന 2‐1ന് വടക്കൻ അയർലൻഡിനെ മറികടന്നു. ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ആദ്യമായി കളത്തിലെത്തിയ സ്പെയ്ൻ പുതിയ പരിശീലകൻ എൻറിക്വെയ്ക്ക് കീഴിൽ നന്നായി തുടങ്ങി. ലോകകപ്പ് പ്രീ ക്വാർട്ടറിൽ കളിച്ച അഞ്ച് പേർ മാത്രമാണ് സ്പെയ്ൻ നിരയിലുണ്ടായത്. സോൾ നിഗേസ്, റോഡ്രിഗോ എന്നിവരുടെ ഗോളിൽ ജയംനേടി. മാർകസ് റാഷ്ഫഡാണ് ഇംഗ്ലണ്ടിനായി ഗോളടിച്ചത്. ലോകകപ്പിലെ നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ തുടക്കംമികച്ചതായിരുന്നു. കളി തുടങ്ങി 11 മിനിറ്റിനുള്ളിൽ ഗോൾ നേടി. ഹാരി കെയ്നും ലൂക്ക് ഷായും നടത്തിയ നീക്കത്തിനൊടുവിൽ റാഷ്ഫഡ് സ്പാനിഷ് ഗോളി ഡേവിഡ് ഡെഗെയയെ കീഴടക്കി. സ്പെയ്ൻ പെട്ടെന്നുതന്നെ തിരിച്ചടിച്ചു. രണ്ട് മിനിറ്റിനുള്ളിൽ സ്പെയ്നിന്റെ ഒന്നാംതരം നീക്കം. തിയാഗോ അലസാന്ദ്ര അവസരമൊരുക്കി. നിഗേസ് ഗോളടിച്ചു. ഇസ്കോ‐അലസാന്ദ്ര‐നിഗേസ് ത്രയം സ്പെയ്ൻ മധ്യനിരയെ ചലനാത്മകമാക്കി. ഇംഗ്ലണ്ടിന് കളിയിലുള്ള നിയന്ത്രണം നഷ്ടമായി. ഇതിനിടെ കീറൺ ട്രിപ്പിയർ മാർകോ അലോൺസോയെ ഫൗൾ ചെയ്തു. സ്പെയ്നിന് അനുകൂലമായി ഫ്രീക്കിക്. അലസാന്ദ്ര ഫ്രീക്കിക് തൊടുത്തു. ബോക്സിനകത്ത്വച്ച് റോഡ്രിഗോ പന്ത് ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ റാഷ്ഫഡിന്റെ തകർപ്പൻ ഷോട്ട് ഡെഗെയ തടുത്തു. രണ്ടാംപകുതിയിൽ ലൂക്ക് ഷാ പരിക്കേറ്റ് പിന്മാറിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.   Read on deshabhimani.com

Related News