ഇന്ത്യ പരുങ്ങുന്നു ; അഞ്ചാം ടെസ്റ്റ്, ഇംഗ്ലണ്ട് 332ന് പുറത്ത്

ശിഖർ ധവാൻ പുറത്തായപ്പോൾ ഇംഗ്ലീഷ്‌ താരങ്ങളുടെ ആഹ്ലാദം


ഓവൽ ആദ്യദിനം പതറിയ ഇംഗ്ലണ്ട് രണ്ടാംദിനം ശക്തമായി തിരിച്ചുവന്നു. ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 332 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ നാലിന്‌ 103 റണ്ണിലേക്കൊതുക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (20) ഹനുമ വിഹാരിയും (0) ആണ്‌ ക്രീസിൽ. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ്‌ ആൻഡേഴ്‌സൺ രണ്ട്‌ വിക്കറ്റെടുത്തു. ആദ്യദിനം അവസാനഘട്ടത്തിൽ പുറത്തെടുത്ത ഉശിരൻ പ്രകടനം രണ്ടാംദിനം ഇന്ത്യൻ പേസർമാർക്ക് ആവർത്തിക്കാനായില്ല. ഏഴിന് 198 റണ്ണെന്ന നിലയിൽ കളി ആരംഭിച്ച ഇംഗ്ലണ്ട് അവസാന മൂന്ന് വിക്കറ്റിൽ 134 റണ്ണാണ് കൂട്ടിച്ചേർത്തത്. 89 റണ്ണെടുത്ത ജോസ് ബട്ലർ വാലറ്റുമായി ചേർന്ന് ഇംഗ്ലണ്ട് ഇന്നിങ്സ് നീട്ടി. സ്റ്റുവർട്ട് ബ്രോഡ് (38) മികച്ച പിന്തുണ നൽകി. ഇരുവരെയും സ്പിന്നർ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. പിച്ചിൽ മികച്ച സ്വിങ് കിട്ടിയെങ്കിലും ബട്ലറെ പരീക്ഷിക്കാൻ ഇന്ത്യൻ പേസർമാർക്ക് കഴിഞ്ഞില്ല. കൂട്ടുണ്ടായിരുന്ന ആദിൽ റഷീദും ആദ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചു. സ്കോർ 214ൽവച്ച് റഷീദിനെ (15) ജസ്പ്രീത് ബുമ്ര വിക്കറ്റിന് മുന്നിൽ കുരുക്കിയെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാനായില്ല. 33 റണ്ണാണ് എട്ടാംവിക്കറ്റിൽ പിറന്നത്. തുടർന്നെത്തിയ ബ്രോഡ് കൂടുതൽ അസ്വസ്ഥപ്പെടുത്തി. ഇശാന്ത് ശർമ‐ബുമ്ര‐മുഹമ്മദ് ഷമി പേസ് ത്രയത്തെ ബട്ലർ അനായാസം നേരിട്ടു. ഇടയ്ക്ക് ഷമിയുടെ പന്തുകൾ ഭീഷണിപ്പെടുത്തി. ബ്രോഡ് ഉറച്ചുനിന്നു. അതുവരെ പതുക്കെ നീങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ്നിര ബ്രോഡ് എത്തിയതോടെ വേഗത്തിൽ ചലിച്ചു. ബട്ലർ പെട്ടെന്നു ഏകദിന ശൈലിയിലേക്ക് മാറി. സ്ലിപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി അസ്വസ്ഥനായി. ഈ സഖ്യത്തെ വേർപിരിക്കാൻ ബൗളർമാരെ കോഹ്ലി മാറിമാറി ഉപയോഗിച്ചു. ഷമി മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് കിട്ടിയില്ല. ഇടയ്ക്ക് രണ്ടോവർ സ്പിന്നർ ജഡേജയെറിഞ്ഞു. റൺ വഴങ്ങിയതല്ലാതെ ബാറ്റ്സ്മാൻമാരെ പരീക്ഷിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞില്ല. കോഹ്ലി വീണ്ടും പേസർമാരിലേക്ക് നീങ്ങി. ഉച്ചഭക്ഷണത്തിന് പിരിയുംവരെ ഒരുമാറ്റവുമുണ്ടായില്ല. ഇതിനിടെ ബട്ലർ അരസെഞ്ചുറി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിനുശേഷം ആദ്യ ഓവർ എറിയാനെത്തിയത് ജഡേജയായിരുന്നു. താളംകണ്ടെത്തിയ ജഡേജ ബട്ലറെയും ബ്രോഡിനെയും പരീക്ഷിക്കാൻ തുടങ്ങി. ഒടുവിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബ്രോഡ് ജഡേജയുടെ കുരുക്കിൽ വീണു. ലോകേഷ് രാഹുലിന്റെ മിന്നുന്ന ക്യാച്ചിൽ ബ്രോഡ് പുറത്തായി. ഒമ്പതാം വിക്കറ്റിൽ 98 റൺ ഇരുവരും നേടിയിരുന്നു. ബ്രോഡ് പുറത്തായതോടെ ബട്ലർ ട്വന്റി‐20 ശൈലിയിൽ ബാറ്റ് വീശി. ബുമ്രയുടെ ഒരോവറിൽ രണ്ട് സിക്സർ പായിച്ചു. പിന്നാലെ ജഡേജയുടെ പന്തിൽ അജിൻക്യ രഹാനെയ്ക്ക് പിടികൊടുത്ത് ബട്ലർ പുറത്തായി. രണ്ട് സിക്സറും ആറ് ബൗണ്ടറികളുമായിരുന്നു ബട്ലറുടെ ഇന്നിങ്സിൽ. മറുപടിക്കെത്തിയ ഇന്ത്യക്ക് രണ്ടാമത്തെ ഓവറിൽത്തന്നെ കനത്ത പ്രഹരംകിട്ടി. ബ്രോഡിന്റെ പന്തിൽ ശിഖർ ധവാൻ (3) വിക്കറ്റിന് മുന്നിൽ കുരുങ്ങി. രാഹുൽ ആക്രമിച്ചുകളിച്ചു. രണ്ടാം വിക്കറ്റിൽ പൂജാരയുമായി ചേർന്ന് 64 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 53 പന്തിൽ 37 റണ്ണെടുത്ത രാഹുലിനെ സാം കറൻ പുറത്താക്കി. കറന്റെ തകർപ്പൻ പന്ത് രാഹുലിന്റെ ബാറ്റിന് അരികിലൂടെ സ്റ്റമ്പിൽ പതിച്ചു. മൂന്നാം വിക്കറ്റിൽ കോഹ്ലിയും പൂജാരയും 28 റൺ കൂട്ടിച്ചേർത്തു. എന്നാൽ പൂജാരയെയും പിന്നാലെ അജിൻക്യ രഹാനെയയും  പുറത്താക്കി ജയിംസ്‌ ആൻഡേഴ്‌സൺ ഇന്ത്യയെ തകർത്തു. Read on deshabhimani.com

Related News