വരുന്നൂ സെറീനന്യൂയോർക്ക് ചരിത്രത്തിലേക്ക് സെറീന വില്യംസിന് ഇനി ഒരുജയംകൂടി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ ഈ മുപ്പത്താറുകാരി ഫൈനലിലേക്കു മുന്നേറി. അനസ്താസിയ സെവസ്റ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു സെറീനയുടെ ഫൈനൽപ്രവേശം (6‐3, 6‐0). ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലിൽ സെറീനയുടെ എതിരാളി. ജയിച്ചാൽ 24 ഗ്രാൻഡ്സ്ലാം കിരീടങ്ങളുള്ള മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പമെത്തും. മകൾ ജനിച്ചശേഷമുള്ള ഏഴാമത്തെ ടൂർണമെന്റാണ് സെറീനയ്ക്ക്. മൂന്നാമത്തെ ഗ്രാൻഡ്സ്ലാമും. തളർന്നിട്ടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു സെറീന സെവസ്റ്റോവയ്ക്കെതിരായ ആധികാരിക ജയംകൊണ്ട്. വമ്പൻതാരങ്ങളെല്ലാം ചൂടുകൊണ്ട് വീണപ്പോൾ സെറീന പൊരുതിനിന്നു. സെവസ്റ്റോവയെ തോൽപ്പിക്കാൻ 66 മിനിറ്റ് മതിയായിരുന്നു സെറീനയ്ക്ക്. ലാത്വിയക്കാരിക്ക് പിടിച്ചുനിൽക്കാൻപോലും കഴിഞ്ഞില്ല. അവിശ്വസനീയമായി തോന്നുന്നുവെന്നായിരുന്നു സെറീനയുടെ പ്രതികരണം. "ഒരുവർഷംമുമ്പ് ജീവനുവേണ്ടി പൊരുതുകയായിരുന്നു ഞാൻ. വീണ്ടും കളത്തിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷം''‐ സെറീന പറഞ്ഞു. സെറീനയുടെ 31‐ാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. യുഎസ് ഓപ്പണിലെ ഒമ്പതാമത്തേത്. ആറുതവണ ചാമ്പ്യനായി. ഒരുതവണകൂടി കിരീടം നേടിയാൽ യുഎസ് ഓപ്പണിലും റെക്കോഡാകും. 2014ൽ കരോളിൻ വൊസ്നിയാക്കിയെ കീഴടക്കി കിരീടം നേടിയശേഷം ആദ്യമായിട്ടാണ് സെറീന യുഎസ് ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞവർഷം കളിക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പ് രണ്ടുതവണ സെമിയിൽ പുറത്തായി. സെമിയിൽ തുടക്കം സെറീനയ്ക്ക് അനുകൂലമായിരുന്നില്ല. ആദ്യ ഗെയിംതന്നെ സെവസ്റ്റോവ ഭേദിച്ചു. രണ്ടു പോയിന്റ് മാത്രമാണ് സെറീനയ്ക്ക് ആദ്യഗെയിമിൽ നേടാനായത്. മൂന്നുതവണ അനാവശ്യപിഴവുകൾ വരുത്തി. അടുത്ത ഗെയിം നിലനിർത്തി സെവസ്റ്റോവ 2‐0ന് മുന്നിലെത്തി. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലൊയെൻ സ്റ്റീഫൻസിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ലാത്വിയക്കാരി റാക്കറ്റ് വീശിയത്. ആദ്യ രണ്ടു ഗെയിമിനുശേഷം സെറീന ഉണർന്നു. ഫോർഹാൻഡ് വോളി വിന്നർ തൊടുത്താണ് തുടങ്ങിയത്. വിന്നറിലൂടെതന്നെ ജയവും കുറിച്ചു. നാലാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരിൽ സെവസ്റ്റോവയുടെ സെർവ് ഭേദിച്ചു. ആറാം ഗെയിമും ഭേദിക്കപ്പെട്ടതോടെ സെവസ്റ്റോവ തളർന്നു. 6‐3ന് ആദ്യസെറ്റ് സെറീനയുടെ പേരിലായി. ആദ്യസെറ്റിൽ മൂന്ന് എയ്സുകൾ സെറീനയുടെ റാക്കറ്റിൽനിന്ന് പറന്നു. ആകെ 16 വിന്നറുകളാണ് പായിച്ചത്. രണ്ടാം സെറ്റ് കണ്ണടച്ചുതുറക്കുംമുമ്പെ കളി സെറീനയുടെ കൈകളിലാക്കി. അവസാന 12 ഗെയിമുകളിൽ 11ഉം നേടി. മൂന്നാംറൗണ്ടിൽ സഹോദരി വീനസ് വില്യംസിനെ തോൽപ്പിച്ചാണ് സെറീന കുതിപ്പിനു തുടക്കമിട്ടത്. ക്വാർട്ടറിൽ എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ തോൽപ്പിച്ചു. ഇരുപതുകാരി ഒസാക്ക ഫൈനലിൽ സെറീനയ്ക്ക് വെല്ലുവിളി ഉയർത്തിയേക്കും. അമേരിക്കയുടെ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒസാക്ക െെഫനലിൽ കടന്നത് (6‐2, 6‐4). ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഗ്രാൻഡ്സ്ലാം െെഫനലിൽ കടക്കുന്ന ആദ്യ ജപ്പാൻ വനിതാതാരംകൂടിയാണ് ഒസാക്ക. ഇരുപതാം സീഡാണ് ഒസാക്ക.   Read on deshabhimani.com

Related News