ആ റാക്കറ്റ്‌ ഗർജിച്ചില്ലന്യൂയോർക്ക് അഞ്ച് യുഎസ് ഓപ്പൺ കിരീടങ്ങൾ ഉയർത്തിയ ആർതർ ആഷെയിലെ കളത്തിൽനിന്ന് റോജർ ഫെഡറർ മടങ്ങി. സീഡിങ്ങില്ലാത്ത ജോൺ മിൽമാനിന്റെ പോരാട്ടവീര്യത്തിനുമുമ്പിൽ ഫെഡറർക്ക് പിഴച്ചു. കളിയഴകിന്റെ മറുപേരിനെ ആദ്യനേർക്കുനേർ പോരിൽ തളച്ച് ഓസ്ട്രേലിയൻ താരം അവസാന എട്ടിലെത്തി. ആദ്യസെറ്റു സ്വന്തമാക്കിയശേഷമാണ് ഫെഡറർ തോൽവി വഴങ്ങിയത് (3‐6, 7‐5, 7‐6, 7‐6). മൂന്നു എയ്സ് പായിച്ച് ആദ്യസെറ്റ് 6‐3ന് ഫെഡറർ സ്വന്തമാക്കി. ശക്തമായി തിരിച്ചുവന്ന മിൽമാൻ 7‐5ന് രണ്ടാംസെറ്റ് കൈപ്പിടിയിലാക്കി. 20 വിന്നറുകൾ നേടിയെങ്കിലും 22 പിഴവ് വരുത്തിയത് ഫെഡറർക്ക് തിരിച്ചടിയായി. മൂന്നാംസെറ്റ് ടൈബ്രേക്കിലൂടെ മിൽമാൻ സ്വന്തംപേരിൽ കുറിച്ചു. ടൈബ്രേക്കിന്റെ തുടക്കത്തിൽ ഫെഡറർ 3‐1ന് മുന്നിലെത്തി. എന്നാൽ, ഓസ്ട്രേലിയൻ താരത്തിന്റെ പെട്ടെന്നുള്ള മുന്നേറ്റത്തിൽ ഫെഡറർ പതറി. 9‐7ന് മിൽമാൻ സെറ്റ്‌ നേടി. നാലാംസെറ്റിന്റെ തുടക്കത്തിൽ കിട്ടിയ മുൻതൂക്കം (4‐2) ഫെഡറർക്ക് നിലനിർത്താൻ കഴിയാഞ്ഞത്് തോൽവിയിലേക്ക് നയിച്ചു. മികച്ചപ്രകടനം പുറത്തെടുത്ത മിൽമാന്റെ മുമ്പിൽ ഫെഡ് എക്സ്പ്രസ് പാളി. 6‐6ന് ടൈബ്രേക്കിലേക്ക് നീണ്ട സെറ്റിൽ സമ്മർദം അതിജീവിക്കാൻ സ്വിസ് താരത്തിനും കഴിഞ്ഞില്ല. ഗെയിമും സെറ്റും മിൽമാന്. കളിക്കളത്തിനുപുറത്ത് ആരാധകർ വിതുമ്പി. മത്സരത്തിലുടനീളം വരുത്തിയ പിഴവുകളാണ് സ്വിസ് താരത്തിന് വിനയായത്. പതിനൊന്നുതവണ മിൽമാന്റെ സെർവ്‌ ഭേദിക്കാനുള്ള അവസരം കിട്ടിയിട്ടും  ഫെഡറർക്ക്‌ മൂന്നെണ്ണം മാത്രമേ മുതലാക്കാനായുള്ളൂ. ഫെഡറർക്കെതിരെ ആദ്യജയംകുറിച്ച മിൽമാൻ ക്വാർട്ടറിലെത്തിയ സീഡ് ഇല്ലാത്ത ഏകകളിക്കാരനാണ്. 50‐ാം റാങ്കിനുമുകളിലുള്ള ഒരുതാരത്തിനോട് ആദ്യമായാണ് യുഎസ് ഓപ്പണിൽ ഫെഡറർ തോൽക്കുന്നത്. പ്രായവും അസഹ്യമായ ചൂടുമാണ് മുപ്പത്തേഴുകാരനായ ഫെഡററെ തളർത്തിയത്. സമ്മർദത്തിന്റെ ചൂടിൽ ഫെഡറർക്ക് പലപ്പോഴും ആത്മനിയന്ത്രണം നഷ്ടമായി. വിബിംൾഡണിലും സെമിയിലെത്താൻ സ്വിസ് താരത്തിനു കഴിഞ്ഞില്ല. രണ്ടുതവണ ചാമ്പ്യനായ നൊവാക് യൊകോവിച്ചാണ് മിൽമാന്റെ ക്വാർട്ടറിലെ എതിരാളി. പോർച്ചുഗലിന്റെ ജാവോ സോസയെയാണ് സെർബിയൻ താരം മടക്കിയത് (6‐3, 6‐4, 6‐3). വനിതകളിൽ മരിയ ഷരപോവ പുറത്തായി. നാലാംറൗണ്ടിൽ സ്പെയിനിന്റെ കാർല സുവാരസ്‌ നവാരോയാണ് മുൻ ജേത്രിയെ തോൽപ്പിച്ചത് (6‐4, 6‐3). ജപ്പാന്റെ നാവോമി ഒസാക അവസാന എട്ടിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ പെട്ര ക്വിറ്റോവയെ തകർത്തെത്തിയ അറീന സബലേങ്കയെയാണ്‌ ജപ്പാൻ താരം മടക്കിയത് (6‐3, 2‐6, 6‐4).   Read on deshabhimani.com

Related News